Connect with us

Articles

ധ്രുവീകരണ അജന്‍ഡയും കോടതിയുടെ താക്കീതും

മൗലികാവകാശ ധ്വംസനങ്ങളും തുടര്‍ച്ചയായ ന്യൂനപക്ഷ വേട്ടയുമാണ് കഴിഞ്ഞ 10 വര്‍ഷത്തിലേറെക്കാലമായി രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്നത്. ഈ വര്‍ഗീയ സ്വേച്ഛാധിപത്യ നീക്കങ്ങളെ തടയാന്‍ സുപ്രീം കോടതി കാര്യമായ ഇടപെടലുകളൊന്നും നടത്തിയിട്ടില്ല എന്നത് ഖേദകരമായ വസ്തുതയാണ്. എന്നാല്‍ അലഹബാദ് ഹൈക്കോടതിയുടെ മദ്റസാ നിയമത്തിനെതിരായ ഉത്തരവ് റദ്ദാക്കിക്കൊണ്ടുള്ള ചരിത്രപ്രസിദ്ധമായ വിധി നവംബര്‍ അഞ്ചാം തീയതി സുപ്രീം കോടതി പുറപ്പെടുവിച്ചു.

Published

|

Last Updated

മോദി സര്‍ക്കാറിന്റെ വര്‍ഗീയ അജന്‍ഡയിലൂന്നിയുള്ള മുസ്ലിം വിരുദ്ധ നടപടികള്‍ക്കുള്ള ശക്തമായ താക്കീതാണ് ഈ നവംബറിലെ രണ്ട് വിധികളിലൂടെ പരമോന്നത നീതിപീഠം നടത്തിയിട്ടുള്ളത്. മോദി-അമിത് ഷാ നേതൃത്വത്തില്‍ സമഗ്രാധിപത്യവും വ്യക്തിസ്വാതന്ത്ര്യ നിഷേധവും മൗലികാവകാശ ധ്വംസനങ്ങളും തുടര്‍ച്ചയായ ന്യൂനപക്ഷ വേട്ടയുമാണ് കഴിഞ്ഞ 10 വര്‍ഷത്തിലേറെക്കാലമായി രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്നത്. ഈ വര്‍ഗീയ സ്വേച്ഛാധിപത്യ നീക്കങ്ങളെ തടയാന്‍ സുപ്രീം കോടതി കാര്യമായ ഇടപെടലുകളൊന്നും നടത്തിയിട്ടില്ല എന്നത് ഖേദകരമായ വസ്തുതയാണ്. മാത്രമല്ല പലപ്പോഴും ഈ സ്വേച്ഛാധിപത്യ വര്‍ഗീയ നീക്കങ്ങളെ സഹായിക്കുന്ന വിധികളാണ് കോടതികളുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുള്ളത് എന്നതും ഒരു യാഥാര്‍ഥ്യമാണ്.

എന്നാല്‍ അലഹബാദ് ഹൈക്കോടതിയുടെ മദ്റസാ നിയമത്തിനെതിരായ ഉത്തരവ് റദ്ദാക്കിക്കൊണ്ടുള്ള ചരിത്രപ്രസിദ്ധമായ വിധി നവംബര്‍ അഞ്ചാം തീയതി സുപ്രീം കോടതി പുറപ്പെടുവിച്ചു. അതുവഴി യു പി മദ്റസാ വിദ്യാഭ്യാസ നയത്തിന്റെ ഭരണഘടനാ സാധുത സുപ്രീം കോടതി ശരിവെക്കുകയായിരുന്നു. ഈ വിധിപ്രസ്താവന നടത്തിയത് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബഞ്ചാണ്. ബഞ്ചിലെ മറ്റംഗങ്ങള്‍ ജസ്റ്റിസ് ജെ ബി പര്‍ദിവാല, ജസ്റ്റിസ് മനോജ് മിശ്ര എന്നിവരാണ്.

ഭരണഘടനയുടെ അടിസ്ഥാനമായ മതനിരപേക്ഷത ലംഘിക്കുന്നതാണെന്ന് ആരോപിച്ചാണ് അലഹബാദ് ഹൈക്കോടതി നേരത്തേ യു പി മദ്റസാ വിദ്യാഭ്യാസ നിയമം (2004) റദ്ദു ചെയ്തത്. കഴിഞ്ഞ മാര്‍ച്ച് 22നായിരുന്നു അലഹബാദ് ഹൈക്കോടതിയുടെ ഈ കറുത്ത ഉത്തരവ്. ഭരണഘടനയുടെ അടിസ്ഥാന ഘടനയുടെ ഭാഗമായ മതനിരപേക്ഷതക്ക് വിരുദ്ധമായതിനാല്‍ മദ്റസാ വിദ്യാഭ്യാസ നിയമം റദ്ദാക്കുന്നുവെന്ന ഹൈക്കോടതിയുടെ വിധി ഭരണഘടനാ വിരുദ്ധമാണെന്ന കണ്ടെത്തലാണ് സുപ്രീം കോടതി ഇപ്പോള്‍ നടത്തിയിരിക്കുന്നത്. അലഹബാദ് ഹൈക്കോടതിയുടെ നിരീക്ഷണങ്ങളുടെ യുക്തിരാഹിത്യത്തെ സുപ്രീം കോടതി അതിന്റെ വിധിപ്രസ്താവനയില്‍ ചോദ്യം ചെയ്യുന്നു.

ഭരണഘടനയുടെ അടിസ്ഥാന ഘടനക്കെതിരാണെന്ന ഒറ്റ ആരോപണത്തിന്റെ പേരില്‍ നിയമ നിര്‍മാണങ്ങള്‍ റദ്ദാക്കാനാകില്ലെന്നാണ് സുപ്രീം കോടതിയുടെ നിരീക്ഷണം. ഒരു നിയമം മതനിരപേക്ഷതക്ക് എതിരാണെന്ന് പറയുമ്പോള്‍ മതനിരപേക്ഷതയുമായി ബന്ധപ്പെട്ട ഭരണഘടനാ വ്യവസ്ഥകള്‍ എങ്ങനെയാണ്, ഏത് രീതിയിലാണ് ആ നിയമം ലംഘിച്ചതെന്ന വസ്തുത കൃത്യമായി പരിശോധിച്ച് വിധിയില്‍ സ്ഥാപിക്കാന്‍ കഴിയണം എന്നാണ് സുപ്രീം കോടതി വിധിപ്രസ്താവനയില്‍ നിരീക്ഷിക്കുന്നത്. ഭരണഘടനയുടെ മൗലികാവകാശം വ്യവസ്ഥ ചെയ്യുന്ന വിശ്വാസ സ്വാതന്ത്ര്യത്തിന് എതിരാണ് അലഹബാദ് ഹൈക്കോടതി വിധി. ആര്‍ട്ടിക്കിള്‍ 25 രാജ്യത്തെ പൗരന്മാര്‍ക്ക് ഏത് മതത്തിലും വിശ്വസിക്കാനും ആ വിശ്വാസങ്ങള്‍ ആചരിക്കാനും പ്രചരിപ്പിക്കാനും സ്വാതന്ത്ര്യം നല്‍കുന്നു.

മതനിരപേക്ഷതയെന്നത് വ്യക്തികളുടെ മതവിശ്വാസത്തെയോ അത് പ്രചരിപ്പിക്കാനും അനുഷ്ഠിക്കാനുമുള്ള സ്വാതന്ത്ര്യത്തെയോ നിഷേധിക്കുന്നതല്ല എന്ന കേന്ദ്ര പ്രശ്‌നത്തെയാണ് അലഹബാദ് ഹൈക്കോടതി മദ്റസാ നിയമം റദ്ദ് ചെയ്തുകൊണ്ടുള്ള വിധിയില്‍ കാണാതെ പോയത്. വ്യക്തികള്‍ക്ക് മതമാകാമെന്നും ആ മതവിശ്വാസമനുസരിച്ച് ജീവിക്കാമെന്നും അത് പ്രചരിപ്പിക്കാമെന്നുമുള്ളത് ഭരണഘടന നല്‍കുന്ന മൗലികാവകാശമാണ്. എന്നാല്‍ രാഷ്ട്രത്തിന്, സര്‍ക്കാറിന് മതം പാടില്ലെന്നും ഏതെങ്കിലുമൊരു മതത്തിന്റെ ആചാരങ്ങളും വിശ്വാസങ്ങളും രാഷ്ട്രത്തിന്റെ വിശ്വാസങ്ങളും ആചാരങ്ങളുമാകാന്‍ പാടില്ലെന്നതുമാണ് മതനിരപേക്ഷത കര്‍ശനമായി നിര്‍ദേശിക്കുന്നത്.

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്താനുള്ള ന്യൂനപക്ഷങ്ങളുടെ അധികാരം വിദ്യാഭ്യാസത്തിന്റെ നിലവാരം ഉറപ്പിക്കാനുള്ള സര്‍ക്കാറിന്റെ ഇടപെടലുകള്‍ക്ക് മുകളിലാകാന്‍ പാടില്ലെന്ന നിരീക്ഷണവും സുപ്രീം കോടതി ഈ വിധിയില്‍ നടത്തിയിട്ടുണ്ട്. യു പി മദ്റസാ നിയമം ഒറ്റയടിക്ക് റദ്ദാക്കിയതിനെ തുടര്‍ന്ന് ലക്ഷക്കണക്കിന് വിദ്യാര്‍ഥികളും ആയിരക്കണക്കിന് അധ്യാപകരും പ്രതിസന്ധിയിലായിരുന്നു. യു പി മദ്റസാ നിയമം റദ്ദാക്കിക്കൊണ്ടുള്ള വിധിയെ അനുകൂലിച്ച് നേരത്തേ ദേശീയ ബാലാവകാശ കമ്മീഷന്‍ എടുത്ത നിലപാടിനെ സുപ്രീം കോടതി വിധിപ്രസ്താവനയില്‍ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തിട്ടുണ്ട്.

ഭരണഘടനയുടെ മൗലിക തത്ത്വങ്ങളില്‍ നിന്നും ന്യൂനപക്ഷാവകാശങ്ങളുടെ പരിരക്ഷാ വ്യവസ്ഥകളില്‍ നിന്നും യു പി മദ്റസാ നിയമത്തിന് സാധൂകരണം നല്‍കുകയാണ് സുപ്രീം കോടതി ഈ വിധിയിലൂടെ ചെയ്തിരിക്കുന്നത്. സംഘ്പരിവാറിന്റെ ഹിന്ദുത്വ അജന്‍ഡയില്‍ നിന്നാണ് യോഗി ആദിത്യനാഥ് സര്‍ക്കാര്‍ കഴിഞ്ഞ കുറേക്കാലമായി 2004ലെ മദ്റസാ നിയമത്തിനെതിരായി പ്രചാരണം നടത്തിക്കൊണ്ടിരിക്കുന്നത്. അതിന്റെ തുടര്‍ച്ചയിലാണ് അലഹബാദ് ഹൈക്കോടതിയില്‍ നിന്ന് മദ്റസാ നിയമം റദ്ദാക്കിക്കൊണ്ടുള്ള വിധി വന്നത്. രാജ്യത്തെ മതനിരപേക്ഷ ശക്തികള്‍ ഹൈക്കോടതി വിധിക്കെതിരെ ശക്തമായ നിലപാടെടുത്ത് രംഗത്തുവന്നിരുന്നു. ഇപ്പോള്‍ സുപ്രീംകോടതിയുടെ ഭാഗത്ത് നിന്നുണ്ടായ അലഹബാദ് ഹൈക്കോടതിയുടെ വിധി റദ്ദുചെയ്തുകൊണ്ടുള്ള നടപടി മതനിരപേക്ഷ ജനാധിപത്യ ശക്തികളുടെ വിജയം കൂടിയാണ്.

മറ്റൊരു സുപ്രധാനമായ വിധി സുപ്രീം കോടതിയില്‍ നിന്നുണ്ടായത് നവംബര്‍ ആറിനാണ്. അത് ബി ജെ പി സര്‍ക്കാറുകളുടെ ബുള്‍ഡോസര്‍ രാജിനെതിരായ വിധിയായിരുന്നു. റോഡ് വീതികൂട്ടാനെന്ന പേരില്‍ മഹാരാജാഗഞ്ച് ജില്ലയിലെ മനോജ് തിബര്‍വാള്‍ ആകാശിന്റെ വീട് അനധികൃതമായി പൊളിച്ചുമാറ്റിയെന്ന പരാതി പരിഗണിച്ച ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബഞ്ച് ഉത്തര്‍ പ്രദേശിലെ യോഗി ആദിത്യനാഥ് ഭരണത്തിനു കീഴിലെ ബുള്‍ഡോസര്‍ രാജിനെതിരെ ആഞ്ഞടിക്കുകയായിരുന്നു.

രായ്്ക്കുരാമാനം ബുള്‍ഡോസറുമായി കയറി വന്ന് എല്ലാം ഇടിച്ചുനിരത്താന്‍ കഴിയില്ലെന്ന് ഉത്തര്‍ പ്രദേശ് സര്‍ക്കാറിന് സുപ്രീം കോടതി കര്‍ശന താക്കീത് നല്‍കുകയായിരുന്നു ഈ വിധിയിലൂടെ. നോട്ടീസ് നല്‍കാതെയും നടപടിക്രമങ്ങള്‍ പാലിക്കാതെയും അനധികൃതമായി വീട് പൊളിച്ചുമാറ്റിയതിന് യു പി സര്‍ക്കാര്‍ 25 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും സുപ്രീം കോടതി ഉത്തരവിട്ടു. ഒരു നോട്ടീസ് പോലും നല്‍കാതെ സ്ഥലത്തെത്തി ലൗഡ് സ്പീക്കറിലൂടെ വീട് പൊളിക്കുകയാണെന്ന് വിളംബരം ചെയ്യുക, പിന്നാലെ ബുള്‍ഡോസര്‍ കയറ്റി വീട് പൊളിക്കുക, നിയമ വ്യവസ്ഥ നിലനില്‍ക്കുന്ന ഏതെങ്കിലുമൊരു സമൂഹത്തിന് ഇതനുവദിക്കാനാകുമോ? തികച്ചും ഏകപക്ഷീയമായ ഇത്തരം നടപടികള്‍ പൂര്‍ണമായും നിയമരാഹിത്യമാണെന്നാണ് ജെ ബി പര്‍ദിവാല വിധിപ്രസ്താവനയില്‍ ചൂണ്ടിക്കാട്ടിയത്. രാജ്യമെമ്പാടും ന്യൂനപക്ഷങ്ങള്‍ക്കെതിരെ ബുള്‍ഡോസര്‍ രാജ് നടപ്പാക്കുകയാണ് മോദി ഭരണത്തിനു കീഴില്‍. കഷ്ടകരമായ ഇത്തരമൊരു സാഹചര്യത്തെ തടയുകയെന്ന ഉദ്ദേശ്യത്തോടെ സുപ്രീം കോടതി നടത്തിയ ഈ വിധിപ്രസ്താവന ന്യൂനപക്ഷങ്ങള്‍ക്കും ഭരണകൂടങ്ങളുടെ നിയമവിരുദ്ധ കൈയേറ്റങ്ങള്‍ക്ക് ഇരയാകുന്നവര്‍ക്കും ആശ്വാസകരമാണ്.

മോദി സര്‍ക്കാര്‍ മൂന്നാം തവണയും ഭരണത്തില്‍ വന്നതിനു ശേഷം രാജ്യത്തൊട്ടൊകെ വര്‍ഗീയ ധ്രുവീകരണം ലക്ഷ്യം വെച്ചുള്ള അക്രമോത്സുക നടപടികളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ബി ജെ പി ഭരിക്കുന്ന പല സംസ്ഥാനങ്ങളിലും മുസ്ലിംവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഹിന്ദുത്വ ശക്തികള്‍ ശക്തമാക്കിയിട്ടുണ്ട്. കാന്‍വാര്‍ യാത്ര നടത്തുന്ന വീഥിയുടെ ഇരുവശത്തുമുള്ള കച്ചവടക്കാര്‍ തങ്ങളുടെ കടകള്‍ക്കു മുമ്പില്‍ പേരെഴുതി പ്രദര്‍ശിപ്പിക്കണമെന്ന് ഉത്തര്‍ പ്രദേശ്, ഉത്തരാഖണ്ഡ് സര്‍ക്കാറുകള്‍ ഉത്തരവിറക്കിയിരുന്നു. മുസ്ലിംകളായ കടയുടമസ്ഥരെ ലക്ഷ്യമിട്ട ഈ ഉത്തരവുകള്‍ സുപ്രീം കോടതി സ്റ്റേ ചെയ്യുകയാണുണ്ടായത്.

ഛത്തീസ്ഗഢിലും മധ്യപ്രദേശിലും ഹരിയാനയിലും ഗോരക്ഷയുടെ പേരില്‍ ഹിന്ദുത്വ ശക്തികള്‍ നരഹത്യകള്‍ നടത്തുകയായിരുന്നു. ഹിമാചല്‍പ്രദേശിലെ ഷിംലയിലെ ഒരു പള്ളിക്കെതിരെ അനധികൃത നിര്‍മാണമെന്ന പേരില്‍ ഹിന്ദുത്വ ശക്തികള്‍ പ്രചാരണം നടത്തുകയും കടുത്ത വര്‍ഗീയവിദ്വേഷം പടര്‍ത്തുകയും ചെയ്തു. ഇത് ഷിംലയില്‍ അപകടകരമായ സ്ഥിതിവിശേഷം രൂപപ്പെടുത്തി. രാജ്യത്തൊട്ടാകെ ആരാധനാലയങ്ങളെ ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ വര്‍ഗീയ വിഭജനത്തിനായി ഉയര്‍ത്തിക്കൊണ്ടുവരാനുള്ള ശ്രമങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്.

ഉത്തരാഖണ്ഡില്‍ മുസ്ലിം കച്ചവടക്കാരെ ബഹിഷ്‌കരിക്കണമെന്ന പ്രചാരണം നടക്കുന്നു. ചില ഗ്രാമങ്ങളില്‍ പൊതുവഴിയില്‍ മുസ്ലിംകളെ പ്രവേശിപ്പിക്കരുതെന്ന ബോര്‍ഡുകള്‍ വെക്കുന്നു. ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ നിയമവിരുദ്ധ മതപരിവര്‍ത്തന (ഭേദഗതി) നിയമം 2024 കൊണ്ടുവരികയും വ്യത്യസ്ത മതക്കാര്‍ തമ്മിലുള്ള മിശ്രവിവാഹങ്ങളെ എതിര്‍ക്കുകയും അതിനുള്ള ശിക്ഷാകാലാവധി 10 വര്‍ഷം എന്നതില്‍ നിന്ന് ജീവപര്യന്തത്തിലേക്ക് വര്‍ധിപ്പിക്കുകയും ചെയ്തിരിക്കുന്നു. അസമില്‍ മുസ്ലിംകളും ഹിന്ദുക്കളും തമ്മില്‍ ഭൂമി കച്ചവടം നടത്തുന്നതിനെ തടയുന്ന നിയമം കൊണ്ടുവരാന്‍ നോക്കുന്നു. ലാന്‍ഡ് ജിഹാദ് എന്നാണ് ഇത് വിശേഷിപ്പിക്കപ്പെടുന്നത്. മുഖ്യമന്ത്രിയുടെ അനുമതിയില്ലാതെ മുസ്ലിംകളും ഹിന്ദുക്കളും തമ്മില്‍ ഭൂമി കൈമാറ്റം ചെയ്യാന്‍ പാടില്ലെന്ന നിയമമാണ് കൊണ്ടുവരാന്‍ പോകുന്നത്. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ യു പിയിലെ പോലെ മിശ്രവിവാഹത്തിനെ ലവ് ജിഹാദ് എന്ന് പേരിട്ട് നിരോധിക്കുന്നതിനും അങ്ങനെ വിവാഹം ചെയ്യുന്നവരെ ജയിലിലടക്കുന്നതിനുമുള്ള നിയമം കൊണ്ടുവരാനാണ് നോക്കുന്നത്. മതപരമായ ധ്രുവീകരണം ശക്തിപ്പെടുത്തുന്നതിന് മുസ്ലിംകളെ കുറ്റപ്പെടുത്തുകയെന്ന ആര്‍ എസ് എസ്-ബി ജെ പി തന്ത്രം എല്ലായിടങ്ങളിലും പരീക്ഷിക്കപ്പെടുകയാണ്.

 

Latest