suicide case
കോഴിക്കോട്ട് പോലീസുകാരനും തിരുവനന്തപുരത്ത് അഭിഭാഷകനും ജീവനൊടുക്കിയ നിലയില്‍
സിവില്‍ പോലീസ് ഓഫീസര്‍ ജിതേഷ്, അഭിഭാഷകന്‍ വി എസ് അനില്‍ എന്നിവരാണു മരിച്ചത്
കോഴിക്കോട് | രണ്ടു വ്യത്യസ്ഥ സംഭവങ്ങളില്‍, കോഴിക്കോട്ട് പോലീസ് ഉദ്യോഗസ്ഥനേയും തിരുവനന്തപുരത്ത് അഭിഭാഷകനേയും ജീവനൊടുക്കിയ നിലയില്‍ കണ്ടു.
കോഴിക്കോട് കൊടുവള്ളി പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസറായ ജിതേഷ് (40) ആണ് മരിച്ചത്. ഇദ്ദേഹത്തെ ഇന്ന് രാവിലെ ബാലുശ്ശേരിക്കടുത്ത് ഇയ്യാടുള്ള വീട്ടിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. അടുക്കളയില്‍ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ സ്റ്റേഷനില്‍ പാറാവ് ഡ്യൂട്ടി കഴിഞ്ഞ് തിരികെ പോയതായിരുന്നു ജിതേഷ് എന്നാണ് വിവരം. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. ആത്മഹത്യയുടെ കാരണം വ്യക്തമല്ലെന്നും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു.
തിരുവനന്തപുരത്ത് ആറ്റിങ്ങല്‍ ബാറിലെ അഭിഭാഷകന്‍ വി എസ് അനിലിനെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സഹപ്രവര്‍ത്തകരുടെ മാനസിക പീഡനം കാരണം ആത്മഹത്യ ചെയ്യുന്നതായി ബാര്‍ അസോസിയേഷന്റെ വാട്സ്ആപ്പ് ഗ്രൂപ്പില്‍ സന്ദേശം അയച്ച ശേഷമാണ് ഇദ്ദേഹം ജീവനൊടുക്കിയത്.
ടൂറിസം വകുപ്പില്‍ ജീവനക്കാരനായിരുന്ന ഇദ്ദേഹം സര്‍വീസില്‍ നിന്നു വിരമിച്ച ശേഷമാണ് അഭിഭാഷകനായി എന്റോള്‍ ചെയ്തത്. തുടര്‍ന്ന് പ്രാക്ടീസ് നടത്തി വരികയായിരുന്നു. സംഭവത്തില്‍ വെഞ്ഞാറമൂട് പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. ടോള്‍ ഫ്രീ നമ്പര്‍: 1056)