finance scam
സാമ്പത്തിക തട്ടിപ്പ് കേസില്‍ ഒളിവിലായിരുന്ന പോലീസുകാരന്‍ തൂങ്ങിമരിച്ച നിലയിൽ
സ്ത്രീകളുമായി സൗഹൃദം സ്ഥാപിച്ച ശേഷം പണം തട്ടിയെടുക്കുന്നതാണ് ഇയാളുടെ രീതി.
പത്തനംതിട്ട | സാമ്പത്തിക തട്ടിപ്പ് കേസില്‍ ഒളിവിലായിരുന്ന പോലീസുകാരന്‍ തൂങ്ങിമരിച്ച നിലയിൽ. തേക്കുതോട് സ്വദേശിയായ കോന്നി സ്‌റ്റേഷനിലെ സിവില്‍ പോലീസ് ഓഫിസര്‍ ബിനുകുമാറി(36)നെയാണ് രാവിലെ പത്തോടെ പത്തനംതിട്ട എ ആര്‍ ക്യാമ്പില്‍ ഒന്നാം നിലയിലെ ജനാലയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സാമ്പത്തിക തട്ടിപ്പ് കേസില്‍ പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് ഇയാള്‍ ജോലിക്ക് ഹാജരാകാതെ നില്‍ക്കുകയായിരുന്നു.
രാവിലെ ക്യാമ്പിലെത്തി മെസ്സില്‍ നിന്നും ഭക്ഷണം കഴിച്ചശേഷം അവിടെ തങ്ങിയിരുന്നു. പിന്നീടാണ് മൃതദേഹം കണ്ടത്. റാന്നി പോലീസ് സ്‌റ്റേഷനില്‍ ജോലി ചെയ്യുമ്പോള്‍ കാര്‍ വാങ്ങി നല്‍കാം എന്ന് പറഞ്ഞ് പ്രദേശവാസിയായ യുവതിയില്‍ നിന്ന് 13.50 ലക്ഷം തട്ടിയെടുത്തുവെന്നായിരുന്നു ഇയാൾക്കെതിരായ പരാതി. ഈ പണം ഉപയോഗിച്ച് വാങ്ങിയ വാഹനത്തിന്റെ ആര്‍ സി ബുക്ക് പണയം വച്ച് ഉദ്യോഗസ്ഥന്‍ 10 ലക്ഷം രൂപ വീണ്ടും വാങ്ങി. കോന്നിയില്‍ ജോലി ചെയ്യവെ കൂടുതല്‍ സ്ത്രീകളെ പറ്റിച്ചുവെന്നാണ് കണ്ടെത്തല്‍. പരാതി വന്നതോടെ ഇയാൾ ഒളിവില്‍ പോകുകയായിരുന്നു.
പെരുനാട് സ്‌റ്റേഷനില്‍ ജോലി ചെയ്യുമ്പോഴും ആരോപണവിധേയനായിരുന്നു. സ്ത്രീകളുമായി സൗഹൃദം സ്ഥാപിച്ച ശേഷം പണം തട്ടിയെടുക്കുന്നതാണ് ഇയാളുടെ രീതി. കോന്നി സ്‌റ്റേഷനില്‍ ജോലിക്കെത്തിയ ശേഷം അഞ്ച് സ്ത്രീകളില്‍ നിന്ന് ഇയാള്‍ പണം വാങ്ങിയതായും ആരോപണം ഉയര്‍ന്നിരുന്നു. ഭര്‍ത്താവ് മരിച്ച സ്ത്രീയില്‍ നിന്ന് രണ്ട് ലക്ഷവും മറ്റുള്ളവരില്‍ നിന്ന് 40,000, 50,000 എന്നിങ്ങനെയുള്ള തുകകളും വാങ്ങിയിട്ടുണ്ടെന്നാണ് ആരോപണം.
കോട്ടയത്ത് കോട്ടണ്‍ വേസ്റ്റ് കമ്പനിയില്‍ ജോലി വാങ്ങി നല്‍കാമെന്ന് പറഞ്ഞ് ഒട്ടേറെ സ്ത്രീകളില്‍ നിന്നും പണം തട്ടിയതായും പരാതികളുണ്ട്. ഭാര്യ വിദേശത്താണ്. മക്കൾക്കും ഭാര്യയുടെ മാതാപിതാക്കള്‍ക്കുമൊപ്പമായിരുന്നു താമസം.