Connect with us

articles

ഒരു നിയമനത്തെ ചൊല്ലി ഉയരുന്ന രാഷ്ട്രീയ സംഘര്‍ഷം

ഒരു നിയമനം സംബന്ധിച്ച് ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ക്ക് മുമ്പാകെ ഒരു പരാതി വന്നാല്‍ അദ്ദേഹം സ്വാഭാവികമായി ചെയ്യേണ്ടത് അത് സംബന്ധിച്ച് നീതിയുക്തമായ ഒരു അന്വേഷണത്തിന് ഉത്തരവിടുകയാണ്. പക്ഷേ ഗവര്‍ണര്‍ ഇവിടെ അതിന് തയ്യാറായില്ല. പകരം ആരോപണ വിധേയയായ പ്രിയാ വര്‍ഗീസിന്റെ നിയമനം സ്റ്റേ ചെയ്യാനാണ് ഉത്തരവിട്ടത്. ഒപ്പം വൈസ് ചാന്‍സലര്‍ക്കെതിരെ തിരിയാനും ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ തുനിഞ്ഞിറങ്ങി.

Published

|

Last Updated

പ്രിയാ വര്‍ഗീസിന് കണ്ണൂര്‍ സര്‍വകലാശാലയുടെ മലയാളം വിഭാഗത്തില്‍ അസ്സോസിയേറ്റ് പ്രൊഫസറാകാന്‍ യോഗ്യതയുണ്ടോ? വിഷയത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇടപെടുകയും നിയമനം സ്റ്റേ ചെയ്യുകയും വിഷയം ഗവര്‍ണറും സര്‍ക്കാറും തമ്മിലുള്ള ഏറ്റുമുട്ടലായി മാറുകയും ചെയ്‌തെങ്കിലും ഹൈക്കോടതി ഇടപെട്ട് നിയമനം നിയമപരമായി തന്നെ സ്റ്റേ ചെയ്തിരിക്കുന്നു. അതി സങ്കീര്‍ണമായ ഈ വിഷയത്തിന് പുതിയൊരു മാനം കൂടി കിട്ടിയിരിക്കുന്നുവെന്നര്‍ഥം.

പ്രിയാ വര്‍ഗീസിന്റെ നിയമനം സംബന്ധിച്ച് വിശദമായ പരിശോധന നടത്താന്‍ കോടതി യു ജി സിയെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. യു ജി സി വ്യവസ്ഥയനുസരിച്ചാണ് രാജ്യത്തെ എല്ലാ സര്‍വകലാശാലകളിലും നിയമനം നടക്കുക. തന്റെ നിയമനം പൂര്‍ണമായും യു ജി സിയുടെ നിബന്ധനകളനുസരിച്ച് തന്നെയാണ് നടന്നിട്ടുള്ളതെന്നാണ് പ്രിയാ വര്‍ഗീസിന്റെ വാദം.

യു ജി സി വ്യവസ്ഥയനുസരിച്ച് സര്‍വകലാശാലയുടെ അസ്സോസിയേറ്റ് പ്രൊഫസറായി നിയമിക്കുന്നതിന് കുറഞ്ഞത് എട്ട് വര്‍ഷത്തെ അധ്യാപക പരിശീലനം അല്ലെങ്കില്‍ ഗവേഷണ പരിചയം വേണം. തൃശൂരിനടുത്ത് കുന്നംകുളം ശ്രീ വിവേകാനന്ദ കേളജില്‍ അസിസ്റ്റന്റ് പ്രൊഫസറായ പ്രിയാ വര്‍ഗീസിന് രണ്ട് വര്‍ഷത്തെ ഗവേഷണ പരിചയവും അധ്യാപന പരിചയവും ചേര്‍ത്ത് ഏട്ട് വര്‍ഷത്തെ പരിചയമാണുള്ളത്. മലയാളം എം എ പരീക്ഷയില്‍ എഴുപത് ശതമാനം മാര്‍ക്കും പ്രിയാ വര്‍ഗീസ് വാങ്ങിയിട്ടുണ്ട്. യു ജി സിയുടെ ഫാക്വല്‍റ്റി ഡെവലപ്‌മെന്റ് പ്രോഗ്രാം (എഫ് ഡി പി) അനുസരിച്ചാണ് പ്രിയാ വര്‍ഗീസ് 2015 ജൂലൈ മുതല്‍ 2017 ജൂലൈ വരെ ഗവേഷണത്തിന് പോയത്. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിന്റെ ഭാര്യയാണ് പ്രിയാ വര്‍ഗീസ്.

പക്ഷേ, റാങ്ക് ലിസ്റ്റില്‍ രണ്ടാം റാങ്ക് നേടിയ ജോസഫ് സ്‌കറിയ ആരോപിക്കുന്നത് സര്‍വകലാശാല സിന്‍ഡിക്കേറ്റ് കമ്മിറ്റിയുടെ ഇന്റര്‍വ്യൂവിലാണ് പ്രിയാ വര്‍ഗീസ് നിയമനം നേടിയതെന്നാണ്. അഭിമുഖത്തിന് മുമ്പ് തന്റെ റിസര്‍ച്ച് സ്‌കോര്‍ 651ഉം പ്രിയാ വര്‍ഗീസിന്റേത് 156ഉം ആയിരുന്നുവെന്ന് ജോസഫ് സ്‌കറിയ ആരോപിക്കുന്നു.

ഇതെല്ലാം നിയമപരമായ പരിശോധനകളിലൂടെ കണ്ടെത്താവുന്നതേയുള്ളൂ. ഹൈക്കോടതി അതാണ് ചെയ്തത്. സര്‍വകലാശാല നിയമനത്തില്‍ അധികാരമുള്ള യു ജി സിയെ ഈ വിഷയം അന്വേഷിക്കാന്‍ ഏര്‍പ്പെടുത്തിക്കൊണ്ട് ഹൈക്കോടതി ഉത്തരവായി. കാര്യങ്ങള്‍ പരിശോധിച്ച് 31ാം തീയതിക്ക് മുമ്പ് യു ജി സി ഹൈക്കോടതി മുമ്പാകെ റിപോര്‍ട്ട് നല്‍കണം. നിലപാട് വ്യക്തമാക്കാന്‍ കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്കും പ്രിയാ വര്‍ഗീസിനും ഹൈക്കോടതി നോട്ടീസ് അയക്കുകയും ചെയ്തു.

ഇത് തന്നെയായിരുന്നില്ലേ ഗവര്‍ണര്‍ക്കും പിന്തുടരാമായിരുന്ന ഉചിതമായ വഴി. ഒരു നിയമനം സംബന്ധിച്ച് ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ക്ക് മുമ്പാകെ ഒരു പരാതി വന്നാല്‍ അദ്ദേഹം സ്വാഭാവികമായി ചെയ്യേണ്ടത് അത് സംബന്ധിച്ച് നീതിയുക്തമായ ഒരു അന്വേഷണത്തിന് ഉത്തരവിടുകയാണ്. പക്ഷേ ഗവര്‍ണര്‍ ഇവിടെ അതിന് തയ്യാറായില്ല. പകരം ആരോപണ വിധേയയായ പ്രിയാ വര്‍ഗീസിന്റെ നിയമനം സ്റ്റേ ചെയ്യാനാണ് ഉത്തരവിട്ടത്. ഒപ്പം വൈസ് ചാന്‍സലര്‍ക്കെതിരെ തിരിയാനും ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ തുനിഞ്ഞിറങ്ങി. വൈസ് ചാന്‍സലര്‍ ഡോ. ഗോപിനാഥ് രവീന്ദ്രനെ ക്രിമിനലെന്ന് വിളിക്കുന്നിടം വരെയെത്തി ഗവര്‍ണറുടെ രോഷപ്രകടനം. ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതകളുള്ള, വൈസ് ചാന്‍സലറാകാന്‍ എന്തുകൊണ്ടും യോഗ്യതയുള്ള, ഡോ. ഗോപിനാഥ് രവീന്ദ്രനെ ക്രിമിനല്‍ എന്ന് വിളിക്കാന്‍ മാത്രം എന്ത് പ്രവൃത്തിയാണ് അദ്ദേഹം കാണിച്ചതെന്ന സംശയം കേരള സമൂഹത്തിന് മുമ്പില്‍ ഉയര്‍ന്നുനില്‍ക്കുന്നു.

2019 ഡിസംബര്‍ 18ന് കണ്ണൂര്‍ സര്‍വകലാശാലയില്‍ നടന്ന ചരിത്ര കോണ്‍ഗ്രസ്സിനോടനുബന്ധിച്ച് ഗവര്‍ണര്‍ക്കെതിരെ നടന്ന പ്രതിഷേധ പ്രകടനമാണ് ഇന്നും അദ്ദേഹം മനസ്സില്‍ സൂക്ഷിക്കുന്നത്. പൗരത്വ ഭേദഗതി ബില്ലിനെ അനുകൂലിച്ചുള്ള നിലപാടിന്റെ പേരില്‍ ഗവര്‍ണര്‍ വിമര്‍ശനം നേരിടുന്ന സമയമായിരുന്നു അത്. ചരിത്രകാരനും സി പി എം ചിന്തകനുമായ പ്രൊഫ. ഇര്‍ഫാന്‍ ഹബീബും അന്ന് എം പിയായിരുന്ന കെ കെ രാഗേഷും അതേ വേദിയില്‍ പ്രസംഗിക്കാനുണ്ടായിരുന്നു. ഉദ്ഘാടന പ്രസംഗം ചെയ്ത ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ തടയാനെന്ന വണ്ണം ഇര്‍ഫാന്‍ ഹബീബ് വേദിയില്‍ മുന്നോട്ടാഞ്ഞു. സദസ്സിന്റെ മുന്‍നിരയില്‍ പ്ലക്കാര്‍ഡുമായി ആളുകള്‍ എഴുന്നേറ്റ് പ്രതിഷേധം തുടങ്ങി. സംഘര്‍ഷം കൂടിയതോടെ, പ്രതിഷേധിച്ച് തന്റെ വായടപ്പിക്കാന്‍ നോക്കേണ്ടെന്ന് പറഞ്ഞ് ഗവര്‍ണര്‍ പ്രസംഗം നിര്‍ത്തി മടങ്ങി.

അന്ന് വൈകിട്ട് തന്നെ വൈസ് ചാന്‍സലര്‍ ഗവര്‍ണറെ കാണാന്‍ പയ്യാമ്പലം ഗസ്റ്റ്ഹൗസിലെത്തിയെങ്കിലും ആദ്യം അനുമതി നിഷേധിച്ചു. പിന്നെ ബന്ധപ്പെട്ട വീഡിയോ നോക്കിക്കണ്ടതിന് ശേഷം വൈസ് ചാന്‍സലര്‍ക്ക് സന്ദര്‍ശനാനുമതി നല്‍കി. കെ കെ രാഗേഷ് പ്രതിഷേധിക്കാന്‍ എഴുന്നേറ്റപ്പോള്‍ത്തന്നെ വി സി ഇടപെട്ട് തടയാതിരുന്നതെന്ത്, ഇര്‍ഫാന്‍ ഹബീബിനെ തടയാതിരുന്നതെന്ത് എന്നിങ്ങനെ അനേകം ചോദ്യങ്ങള്‍ ഗവര്‍ണര്‍ വൈസ് ചാന്‍സലറോട് ചോദിച്ചു.

അന്ന് കണ്ണൂര്‍ സര്‍വകലാശാലയില്‍ ഉണ്ടായത് തികച്ചും ദൗര്‍ഭാഗ്യകരമായ സംഭവം തന്നെയാണ്. ഗവര്‍ണറോ മറ്റാരോ ആകട്ടെ ഒരു സര്‍വകലാശാല നടത്തുന്ന ചടങ്ങില്‍ ക്ഷണിക്കപ്പെട്ട് പ്രസംഗിക്കാനെത്തുമ്പോള്‍ അദ്ദേഹത്തിന് സുഗമമായി പ്രസംഗിക്കാന്‍ സാഹചര്യം ഒരുക്കുകയാണ് വേണ്ടത്. അതിന്റെ പ്രധാന ഉത്തരവാദിത്വം വൈസ് ചാന്‍സലര്‍ക്കാണ് താനും. പക്ഷേ മൂന്ന് വര്‍ഷം മുമ്പ് നടന്ന അത്തരമൊരു സംഭവത്തിന്റെ പേരില്‍ വൈസ് ചാന്‍സലറെ ഒരു ഗവര്‍ണര്‍ ക്രിമിനല്‍ എന്ന് വിളിക്കാമോ? ഉന്നതമായ ചിന്തയുടെയും പഠനത്തിന്റെയും ഗവേഷണത്തിന്റെയും ആസ്ഥാനമാണ് സര്‍വകലാശാല. ആ സര്‍വകലാശാലയുടെ തലപ്പത്തിരിക്കുന്ന ആളാണ് വൈസ് ചാന്‍സലര്‍. ഏത് സാഹചര്യത്തിലായാലും ഒരു വൈസ് ചാന്‍സലറെ ക്രിമിനല്‍ എന്ന് വിളിക്കാന്‍ മാത്രം എന്ത് ന്യായീകരണമാണുള്ളത്?