Kerala
ജോലിക്കിടെ കാണാതായ പോസ്റ്റ് ഓഫീസ് ജീവനക്കാരനെ രണ്ട് ദിവസത്തിനു ശേഷം മരിച്ച നിലയില്‍ കണ്ടെത്തി
പോസ്റ്റല്‍ സുപ്രണ്ട് ഓഫീസില്‍ പഴയ ഫയലുകള്‍ സൂക്ഷിക്കുന്ന കെട്ടിടത്തില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്
കൊച്ചി | ജോലിക്കിടയില്‍ കാണാതായ പോസ്റ്റ് ഓഫീസ് ജീവനക്കാരന്റെ മൃതദേഹം കണ്ടെത്തി. ആലുവ ഹെഡ് പോസ്റ്റ് ഓഫീസിലെ അസിസ്റ്റന്റ് പോസ്റ്റ് മാസ്റ്റര്‍ കെ ജി ഉണ്ണികൃഷ്ണന്റെ മൃതദേഹമാണ് കാണാതായി രണ്ട് ദിവസത്തിന് ശേഷം കണ്ടെത്തിയത്. ആലുവ മുപ്പത്തടം സ്വദേശിയാണ് ഉണ്ണികൃഷ്ണന്‍.
പോസ്റ്റല്‍ സുപ്രണ്ട് ഓഫീസില്‍ പഴയ ഫയലുകള്‍ സൂക്ഷിക്കുന്ന കെട്ടിടത്തില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. വെള്ളിയാഴ്ച രാവിലെ ദുര്‍ഗന്ധം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് പരിശോധന നടത്തിയപ്പോഴാണ് ഉണ്ണികൃഷ്ണന്റെ മൃതദേഹം കണ്ടത്.
ബുധനാഴ്ച രാവിലെ പതിനൊന്ന് മണിവരെ ഇയാള്‍ ഓഫീസില്‍ ഉണ്ടായിരുന്നു. പിന്നീട് ഉണ്ണികൃഷ്ണനെ കാണാതായെന്ന് ഓഫീസിലെ ജീവനക്കാര്‍ പൊലീസിനെ അറിയിച്ചു. പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് തയ്യാറാക്കി അന്വേഷണം ആരംഭിച്ചു.