Malappuram
മഅ്ദിന്‍ ഗ്രാന്‍ഡ് മസ്ജിദില്‍ പാപമോചന പ്രാര്‍ഥനാ സംഗമം നടത്തി
മലപ്പുറം | റമസാന്‍ രണ്ടാമത്തെ പത്തിന് വിടചൊല്ലി മഅ്ദിന്‍ ഗ്രാന്‍ഡ് മസ്ജിദില്‍ പാപമോചന പ്രാര്‍ഥനാ സംഗമം നടത്തി. മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി നേതൃത്വം നല്‍കി. തന്റെ നാവില്‍ നിന്നും കൈകളില്‍ നിന്നും സഹജീവിക്ക് നിര്‍ഭയത്വം ഉണ്ടാകുമ്പോഴാണ് ഒരു മനുഷ്യന്‍ യഥാര്‍ഥ വിശ്വാസിയാകുന്നതെന്നും അക്രമിക്കപ്പെട്ടവന്റെ പ്രാര്‍ഥനക്ക് പ്രപഞ്ച നാഥന്‍ ഉടനടി ഉത്തരം നല്‍കുമെന്നും അദ്ദേഹം വിശ്വാസികളെ ഉത്‌ബോധിപ്പിച്ചു. പരിപാടിയുടെ ഭാഗമായി ഖുര്‍ആന്‍ പാരായണം, ഇസ്തിഗ്ഫാര്‍ മജ്ലിസ്, തഹ്‌ലീല്‍, പ്രാര്‍ഥന എന്നിവ നടന്നു.
23ന് ശനിയാഴ്ച രാവിലെ 10 ന് മഅ്ദിന്‍ വനിതാ വിജ്ഞാന വേദിയുടെയും കുട്ടികള്‍ക്കായി സംഘടിപ്പിച്ച ഹാപ്പി റമസാന്‍ കാമ്പയിനിന്റെയും സമാപന സംഗമം നടക്കും. അബൂബക്കര്‍ അഹ്സനി തെന്നല പ്രഭാഷണം നടത്തും. സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കും. ഹാപ്പി റമസാന്‍ ടാലന്റ് അവാര്‍ഡ് ദാനവും ചടങ്ങില്‍ നടക്കും. ഉച്ചക്ക് രണ്ടിന് കേരള മുസ്‌ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ്, സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍, സുന്നി മാനേജ്മെന്റ് അസോസിയേഷന്‍ ജില്ലാ ഭാരവാഹികള്‍ സംബന്ധിക്കുന്ന ലീഡേഴ്സ് മീറ്റ് നടക്കും. സയ്യിദ് ഹബീബ് കോയ തങ്ങള്‍ ചെരക്കാപറമ്പ്, സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ തിരൂര്‍, കൂറ്റമ്പാറ അബ്ദുറഹ്‌മാന്‍ ദാരിമി, വടശ്ശേരി ഹസ്സന്‍ മുസ്ലിയാര്‍, ഇബ്റാഹീം ബാഖവി മേല്‍മുറി, എം എം കുഞ്ഞിമുഹമ്മദ് ഹാജി, മുസ്തഫ മാസ്റ്റര്‍ കോഡൂര്‍, എന്‍ വി അബ്ദുറസാഖ് സഖാഫി, ഹസൈനാര്‍ സഖാഫി കുട്ടശ്ശേരി, കെ പി എച്ച് തങ്ങള്‍ കാവനൂര്‍, കുഞ്ഞീതു മുസ്ലിയാര്‍ കൊണ്ടോട്ടി, പത്തപ്പിരിയം അബ്ദുറഷീദ് സഖാഫി, ശാക്കിര്‍ സിദ്ധീഖി, സ്വാദിഖ് ബുഖാരി കൊളപ്പുറം സംബന്ധിക്കും.