Connect with us

Oddnews

ഫുജൈറയില്‍ ചരിത്രാതീത മനുഷ്യ വാസസ്ഥലം കണ്ടെത്തി

അല്‍ ഹബാബ് മേഖലയിലെ ജബല്‍ കാഫ് പാറയിടുക്കിലാണ് 13,000 വര്‍ഷങ്ങള്‍ക്ക് മുമ്പ് ആളുകള്‍ താമസിച്ചിരുന്ന സ്ഥലം കണ്ടെത്തിയത്.

Published

|

Last Updated

ഫുജൈറ | ഫുജൈറയില്‍ ചരിത്രാതീത ജനവാസ സ്ഥലം കണ്ടെത്തി. അല്‍ ഹബാബ് മേഖലയിലെ ജബല്‍ കാഫ് പാറയിടുക്കിലാണ് 13,000 വര്‍ഷങ്ങള്‍ക്ക് മുമ്പ് ആളുകള്‍ താമസിച്ചിരുന്ന സ്ഥലം കണ്ടെത്തിയത്. ഇത് സംബന്ധിച്ച് സുപ്രധാന തെളിവുകള്‍ പുരാവസ്തു ഗവേഷകര്‍ പുറത്തുവിട്ടു.

ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്കപ്പുറമുള്ള മുന്‍കാല ആവാസ വ്യവസ്ഥാ കണ്ടെത്തലിനെ മറികടക്കുന്നതാണിത്. സൈറ്റില്‍ നിന്ന് കണ്ടെത്തിയ കല്ല് ഉപകരണങ്ങള്‍, മൃഗങ്ങളുടെ അസ്ഥികള്‍, ഫയര്‍പ്ലേസുകള്‍ എന്നിവ ആ കാലഘട്ടത്തില്‍ ഈ സ്ഥലത്തെ മനുഷ്യ കുടിയേറ്റക്കാര്‍ പലതവണ കൈവശപ്പെടുത്തിയതായി സൂചിപ്പിക്കുന്നു.

തെക്കുകിഴക്കന്‍ അറേബ്യ ഏകദേശം 38,000 വര്‍ഷം മുമ്പ് മുതല്‍ 7,000 വര്‍ഷം വരെ ജനവാസമില്ലാത്ത പ്രദേശമായിരുന്നു എന്നാണ് ആദ്യം വിശ്വസിച്ചിരുന്നത്. ഈ കണ്ടെത്തലുകള്‍ വളരെ ആശ്ചര്യകരമാണെന്ന് ഖനനത്തിന് മേല്‍നോട്ടം വഹിച്ച ജര്‍മനിയിലെ ജെന സര്‍വകലാശാലയിലെ ഡോ. നട്ട് ബ്രെറ്റ്സ്‌കെ പറഞ്ഞു.

‘ഞാന്‍ രണ്ട് ദശാബ്ദത്തോളമായി തെക്ക്-കിഴക്കന്‍ അറേബ്യയില്‍ ജോലി ചെയ്തു വരുന്നു. യു എ ഇയിലും ഒമാനിലും നിരവധി സ്ഥലങ്ങള്‍ ഖനനം ചെയ്തിട്ടുണ്ട്. എന്നാല്‍ ഏകദേശം 13,000 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈ പ്രദേശത്ത് മനുഷ്യവാസത്തിനുള്ള തെളിവുകള്‍ എനിക്ക് ഇതുവരെ ലഭിച്ചിരുന്നില്ല.’ അദ്ദേഹം പറഞ്ഞു.

ഏകദേശം 26,000നും 20,000 നും ഇടയില്‍ അറേബ്യയിലെ ഹൈപ്പര്‍-ശുഷ്‌കാവസ്ഥയുടെ ഒരു കാലഘട്ടമായ ലാസ്റ്റ് ഗ്ലേഷ്യല്‍ മാക്‌സിമം കാലത്താണ് മനുഷ്യര്‍ ഈ പ്രദേശം വിട്ടുപോയതെന്ന് എല്ലായ്‌പ്പോഴും വാദിക്കപ്പെടുന്നു. എന്നാല്‍ അങ്ങനെയല്ല കാര്യങ്ങളെന്ന് വ്യക്തമാകുന്നു.

ജബല്‍ കാഫിലെ കണ്ടെത്തലുകള്‍ തെക്ക്-കിഴക്കന്‍ അറേബ്യയില്‍, വേട്ടക്കാരുടെ വാസസ്ഥലങ്ങളെക്കുറിച്ചുള്ള ആശയങ്ങളുടെ പുനര്‍മൂല്യനിര്‍ണയത്തിന് പ്രേരിപ്പിക്കുകയും ചെയ്യുന്നു.

 

---- facebook comment plugin here -----

Latest