Kuwait
ബയോ മെട്രിക്ക് വിവരങ്ങള്‍ ജി സി സി രാജ്യങ്ങളുമായി ബന്ധിപ്പിക്കുന്ന പദ്ധതിക്ക് കുവൈത്തില്‍ തുടക്കമായി
ബയോമെട്രിക്ക് വിവരങ്ങള്‍ കൃത്യമായിരിക്കും എന്നതിനാല്‍ ഒരു രാജ്യത്ത് കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ട വ്യക്തി വേറെ ഏതെങ്കിലും ജി സി സി രാജ്യത്തേക്ക് രക്ഷപ്പെടുന്നത് പൂര്‍ണ്ണമായും തടയാന്‍ കഴിയും
കുവൈത്ത് സിറ്റി | കുവൈത്തില്‍ സ്വദേശികളുടെയും വിദേശികളുടെയും ലഭ്യമായ ബയോമേട്രിക്ക് വിവരങ്ങള്‍ ഇതര ജി സി സി രാജ്യങ്ങളുമായ് ബന്ധിപ്പിക്കുന്ന പദ്ധതിക്ക് തുടക്കമായതായി അധികൃതര്‍ വ്യക്തമാക്കി. ഔദ്യോഗികവൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക പത്രമാണ് ഇത് റിപ്പോര്‍ട് ചെയ്തത്. സൗദീ അറേബ്യയുമായി ഇത് ലിങ്ക് ചെയ്യുന്ന നടപടികള്‍ പൂര്‍ത്തിയാതായും അവര്‍ പറഞ്ഞു. ബയോമെട്രിക്ക് വിവരങ്ങള്‍ കൃത്യമായിരിക്കും എന്നതിനാല്‍ ഒരു രാജ്യത്ത് കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ട വ്യക്തി വേറെ ഏതെങ്കിലും ജി സി സി രാജ്യത്തേക്ക് രക്ഷപ്പെടുന്നത് പൂര്‍ണ്ണമായും തടയാന്‍ കഴിയും.
അതിന് പുറമെ ഒന്നില്‍ കൂടുതല്‍ ജി സി സി രാജ്യങ്ങളില്‍ ഒരേ സമയം പൗരത്വം കരസ്ഥമാക്കിയവര്‍ ഉണ്ടെന്നാണ് കണ്ടെത്താനായത്. ഇത്തരക്കാരെ കണ്ടെത്തി ഇരട്ട പൗരത്വം ഇല്ലാതാക്കാന്‍ ഇതിലൂടെ സാധിക്കും. കുവൈത്തില്‍ പൗരത്വമുള്ള ഒരാള്‍ക്ക് മറ്റൊരു ജി സി സി രാജ്യത്ത് പൗരത്വം ഉള്ളതായി തെളിഞ്ഞാല്‍ കുവൈത്തീ പൗരത്വം പിന്‍വലിക്കുമെന്നും അധികൃതര്‍ മുന്നറിപ്പ് നല്‍കി. രാജ്യത്തെ ജനങ്ങളുടെ ബയോമേട്രിക് വിവരങ്ങള്‍ ശേഖരിക്കുന്നതിലൂടെ സാമൂഹിക സാമ്പത്തിക മേഖലകളിലെ സുരക്ഷ ഉറപ്പാക്കാന്‍ കഴിയുമെന്നും അധികൃതര്‍ വിലയിരുത്തുന്നു. 2024ജൂണ്‍ 1മുമ്പ് ഈ നടപടി പൂര്‍ത്തിയാക്കാനായിരുന്നു നേരത്തെ നിര്‍ദേശിച്ചിരുന്നത്. ഇനിയും ആയിരങ്ങള്‍ നടപടി പൂര്‍ത്തീകരിക്കാന്‍ ബാക്കിയുള്ളതിനാല്‍ അടുത്ത സെപ്തംബര്‍ 30 വരെ അധികൃതര്‍ സമയം നീട്ടിനല്‍കിയിരിക്കയാണ്. ഈ സമയത്തിനുള്ളില്‍ വിവരങ്ങള്‍ നല്‍കാത്ത പ്രവാസികളുടെ റസിഡന്‍സി പെര്‍മിറ്റ് പുതുക്കല്‍ വാഹന രജിസ്റ്ററേഷന്‍ ഡ്രൈവിംഗ് ലൈസന്‍സ് തുടങ്ങിയ ഇടപാടുകള്‍ എല്ലാം നിര്‍ത്തിവെക്കുന്നതായിരിക്കും എന്നാണ് അധികൃതര്‍ നല്‍കുന്ന മുന്നറിയിപ്പ്. നിലവില്‍ നിശ്ചയിച്ച സമയം അവസാനിക്കുന്നതോടെ അതിര്‍ത്തി കാവടങ്ങളില്‍ വെച്ച് തന്നെ യാത്രക്കാരുടെ ബയോ മെട്രിക്ക് വിവരങ്ങള്‍ ശേഖരിക്കാനും അതിനു തയാറാകാത്തവരെ തിരിച്ചയക്കാനും ആണ് അധികൃതരുടെ പുതിയ തീരുമാനം എന്നാണറിയുന്നത്