Connect with us

book review

മുഗൾ സൂഫി ചരിത്രത്തിൻ്റെ പുനർവായന

പ്രധാനമായും യുദ്ധങ്ങൾക്കും രാഷ്ട്രീയ അട്ടിമറികൾക്കും പഞ്ഞമില്ലാതിരുന്ന അക്കാലത്തെ വലിയൊരു സാമ്രാജ്യം ഇത്രയും കാലം ഉലയാതെ പിടിച്ചുനിന്നതെങ്ങനെയാണെന്ന കൗതുകകരമായ ചോദ്യത്തിന് ഉത്തരം തേടുകയാണ് ഇവിടെ. അനുവാചകരുടെ ഭാവനയെ മുഗൾ രാജ്യ വീഥികളിലൂടെ വഴി നടത്താൻ ശ്രമിക്കുകയാണ്. മുഗൾ പൈതൃകങ്ങളെ രാഷ്ട്രീയ ശക്തിയുപയോഗിച്ച് ധ്വംസനങ്ങൾക്ക് വിധേയമാക്കുന്ന ഇന്നത്തെ ഇന്ത്യൻ സാഹചര്യത്തിൽ ഈ പുസ്തകം പുനർവായനക്ക് വിധേയമാക്കേണ്ടതാണ്.

Published

|

Last Updated

ന്ത്യൻ ഭരണചരിത്രത്തിൽ മുഗൾ രാജ ഭരണത്തിനുള്ള സ്ഥാനം നിസ്തുലമാണ്. മൂന്ന് നൂറ്റാണ്ടോളം പിന്നിട്ട ഈ സുവർണ കാലഘട്ടത്തിലെ ചക്രവർത്തിമാരുടെ അധികാരാരോഹണത്തിന്റെയും അവരോഹണത്തിന്റെയും ചരിത്രങ്ങളും അവർക്ക് കൈത്താങ്ങായിരുന്ന സൂഫികളെയും സ്പഷ്ടമായി വിവരിക്കുന്ന ആധികാരിക പുസ്തകമാണ് ഷമീർ ബൈങ്ങരയുടെ “മുഗളന്മാരും സുഫികളും’.

ഭരണകൂടം ചരിത്രത്തിൽ ചായം പൂശുന്ന ഇക്കാലത്ത് യാഥാർഥ്യത്തിലേക്ക് വെളിച്ചം വീശുന്ന ഒരു കൃതിയായി നമുക്കിതിനെ വായിച്ച് തുടങ്ങാനാവും. മൂന്ന് നൂറ്റാണ്ടോളം ഇന്ത്യ ഭരിച്ച മുഗൾ സാമ്രാജ്യം ഒരു നിലക്കും ശിഥിലമാകാതെ വളരെ പ്രൗഢോജ്ജ്വലമായി നിലകൊണ്ടതിനു പിന്നിൽ സൂഫികളുടെ പ്രയത്നങ്ങളും സഹായഹസ്തങ്ങളുമാണെന്ന് ഈ കൃതി നമുക്ക് പറഞ്ഞു തരുന്നുണ്ട്. മുഗൾ കാലഘട്ടത്തിലെ ഏതൊരു ചക്രവർത്തിയെ എടുത്തുനോക്കിയാലും അവർ ഏതെങ്കിലുമൊരു സൂഫിയുമായി അഭേദ്യമായ ബന്ധമുണ്ടായിരിക്കും എന്ന കാര്യം അവിതർക്കിതമാണ്.

മുഗൾ കാലഘട്ടത്തിൽ ചിശ്തി സിൽസിലയിലെ സൂഫികളുടെ കാലഘട്ടം അവസാനിച്ചിരുന്നെങ്കിലും മുഗളന്മാർ സൂഫികളോട് വലിയ ആദരവ് പുലർത്തുകയും അവരുടെ ദർഗകൾ സന്ദർശിക്കുകയും ചെയ്തിരുന്നുവത്രെ . അജ്മീർ ദർഗ, നിസാമുദ്ദീൻ ഔലിയ ദർഗ തുടങ്ങിയവ അവരുടെ സ്ഥിര ഉപവാസ കേന്ദ്രങ്ങൾ ആയിരുന്നു. ഇന്ന് അജ്മീറിൽ കാണുന്ന അജ്മീർ ദേഗ്, അക്ബർ ചക്രവർത്തി നിർമിച്ചു കൊടുത്തതാണ്. ഡൽഹിയിലെ ഷെയ്ക്ക് നിസാമുദ്ദീന്റെയും ഭക്തിയാർക്കയുടെയും ദർഗകളുടെ സമീപത്തായി 12 മുഗൾ ചക്രവർത്തിമാരുടെ ഖബർ സ്ഥിതി ചെയ്യുന്നുണ്ടെന്നാണ് ചരിത്രം.

സൂഫികളും മുഗളന്മാരും തമ്മിലുള്ള ബന്ധത്തെ വ്യക്തമാക്കുന്ന അനേകം കഥകൾ പ്രതിപാദിക്കുന്നുണ്ടിതിൽ. മുഗൾ സാമ്രാജ്യത്തിന്റെ ഉദയത്തിൽ നിന്ന് തുടങ്ങി അസ്തമനത്തിൽ അവസാനിക്കുന്ന ഒമ്പത് അധ്യായങ്ങളാണ് ഇതിന്റെ സംഗ്രഹ രൂപം എന്ന് പറയാം. നിർഭാഗ്യവാനായ ഭാഗ്യവാൻ, അക്ബർ ദ ഗ്രേറ്റ്, കാൽപ്പനികതയുടെ ചക്രവർത്തി തുടങ്ങിയ വിസ്മയമായ പേരുകളിൽ ഓരോ ചക്രവർത്തിമാരെയും അവരുടെ വീരഗാഥകളും സവിസ്തരം വിവരിക്കുന്നുണ്ട്. ഓരോ അധ്യായത്തിനും നൽകിയ തലവാചകം ആ അധ്യായം വായിക്കാനുള്ള ഔത്സുക്യം ഉണ്ടാക്കി കൊടുക്കുന്നതിൽ ഗ്രന്ഥകാരൻ വിജയിച്ചിട്ടുണ്ട്.

മുഗൾ ചരിത്രത്തിലെ അപരിചിത ചരിത്രങ്ങളായ ജഹനാര ബീഗം, ചാന്ദ് ബീബി എന്നിവരുടെ ചരിത്രം ഉൾപ്പെടുത്തിയതിൽ കൃതജ്ഞതയുണ്ട്. പ്രധാനമായും യുദ്ധങ്ങൾക്കും രാഷ്ട്രീയ അട്ടിമറികൾക്കും പഞ്ഞമില്ലാതിരുന്ന അക്കാലത്തെ വലിയൊരു സാമ്രാജ്യം ഇത്രയും കാലം ഉലയാതെ പിടിച്ചുനിന്നതെങ്ങനെയാണെന്ന കൗതുകകരമായ ചോദ്യത്തിന് ഉത്തരം തേടുകയാണ് ഇവിടെ. അനുവാചകരുടെ ഭാവനയെ മുഗൾ രാജ്യ വീഥികളിലൂടെ വഴി നടത്താൻ ശ്രമിക്കുകയാണ്. മുഗൾ പൈതൃകങ്ങളെ രാഷ്ട്രീയ ശക്തിയുപയോഗിച്ച് ധ്വംസനങ്ങൾക്ക് വിധേയമാക്കുന്ന ഇന്നത്തെ ഇന്ത്യൻ സാഹചര്യത്തിൽ ഈ പുസ്തകം പുനർവായനക്ക് വിധേയമാക്കേണ്ടതാണ്.
മുഗൾ നിർമിതികളുടെ യാഥാസ്ഥിതിക വിവരങ്ങളിലേക്ക് വിരൽ ചൂണ്ടുന്നുണ്ട് ഈ ചെറു കൃതി.

മുഗൾ ഭരണകാലത്ത് ഇന്ത്യ സന്ദർശിച്ച യൂറോപ്യൻ സഞ്ചാരികളുടെ കുറിപ്പുകളും മുഗൾ ചക്രവർത്തിമാരുടെ അക്ബർ നാമ, ബാബർ നാമ പോലുള്ള ആത്മകഥകളും കൊട്ടാര രാജാക്കന്മാർ തയ്യാറാക്കിയ ജീവചരിത്രങ്ങളുമാണ് ഈ കൃതിയുടെ സ്രോതസ്സുകൾ. ഏറെ ആധികാരികമായ ഈ സ്രോതസ്സുകൾ പുസ്തകത്തിന്റെ പുതുവായനയുടെ പ്രസക്തി വിളിച്ചോതുന്നുണ്ട്. ബുക്ക് പ്ലസ് ആണ് പ്രസാധകർ. വില 270 രൂപ.

Latest