Connect with us

pravasam

പുസ്തക ഭംഗിയില്‍ ഒരു വായനാ മന്ദിരം

നൂതന സാങ്കേതികവിദ്യയും ആർട്ടിഫിഷ്യൽ ഇന്റലിജൻസും സമ്മേളിക്കുന്ന മുഹമ്മദ് ബിൻ റാശിദ് ലൈബ്രറിയുടെ സൗകര്യങ്ങളിൽ ഓട്ടോമേറ്റഡ് സ്റ്റോറേജ്, ഇലക്ട്രോണിക് ബുക്ക് റിട്രീവൽ സിസ്റ്റം, വെർച്വൽ റിയാലിറ്റി സാങ്കേതികവിദ്യകൾ, സെൽഫ് സർവീസ് കിയോസ്‌ക്കുകൾ, ബുക്ക് ഡിജിറ്റലൈസേഷൻ ലബോറട്ടറി, സന്ദർശകരുടെ അന്വേഷണങ്ങൾക്ക് ഉത്തരം നൽകാൻ സ്മാർട്ട് റോബോട്ടുകൾ തുടങ്ങിയവയും ഒരുക്കിയിട്ടുണ്ട്.

Published

|

Last Updated

നൂതനമായ വാസ്തുശിൽപ്പഭംഗിയിൽ സമൂഹത്തെ സാംസ്കാരിക ലോകത്തേക്ക് കൈപിടിച്ചുയര്‍ത്തുകയാണ് യു എ ഇ. വൃത്താകൃതിയിലുള്ള വെള്ളി ക്കെട്ടിടത്തില്‍ അറബിക് കാലിഗ്രാഫി കൊണ്ട് അലങ്കരിച്ച “മ്യൂസിയം ഓഫ് ദി ഫ്യൂച്ചര്‍’ ലോകത്തിന് സമർപ്പിച്ചിട്ട് അധികനാളായില്ല. പിന്നാലെയാണ് തുറന്നുവെച്ച പുസ്തക രൂപത്തില്‍ ഒരു വായനാമന്ദിരം പുസ്തകപ്രേമികള്‍ക്കായി സമർപ്പിച്ചിരിക്കുന്നത്. ദശലക്ഷക്കണക്കിന് പുസ്തകങ്ങളിലേക്കും വിവര സ്രോതസ്സുകളിലേക്കും ഉള്ളടക്കങ്ങളിലേക്കും ലോകത്തെ ക്ഷണിക്കുകയാണ് മുഹമ്മദ് ബിൻ റാശിദ് ലൈബ്രറി. പുതിയ തലമുറകൾക്കായി ഒരു സാംസ്‌കാരിക കെട്ടിടം തുറക്കുക എന്നതിലുപരി അറബ് ലോകത്തെ ബൗദ്ധികവും സാഹിത്യപരവുമായ സംരംഭങ്ങൾക്കും പദ്ധതികൾക്കും ഒരു കേന്ദ്രമെന്ന രീതിയിലും യു എ ഇ ഇതിനെ നോക്കിക്കാണുന്നു.

ഒരു ബില്യൺ ദിർഹം മുതൽ മുടക്കിൽ നിർമിച്ച ഈ ലൈബ്രറി സർഗാത്മകത, അറിവ്, കല എന്നിവയെ സമ്മേളിപ്പിച്ച് വായനയുടെ നവ സംസ്‌കാരം വളർത്തിയെടുക്കും. ലോകമെമ്പാടുമുള്ള സാഹിത്യ പ്രേമികളുടെ ഒരു സംഗമ വേദി കൂടിയാകും മുഹമ്മദ് ബിൻ റാശിദ് ലൈബ്രറി.

ഏഴ് നിലകളിലായി തലയുയർത്തി നിൽക്കുന്ന ലൈബ്രറിയില്‍ അറബിയിലും വിദേശ ഭാഷകളിലുമായി 1.1 ദശലക്ഷത്തിലധികം അച്ചടിച്ചതും ഡിജിറ്റലൈസ് ചെയ്തതുമായ പുസ്തകങ്ങൾ ഉൾക്കൊള്ളുന്നു. ആറ് ദശലക്ഷത്തിലധികം പ്രബന്ധങ്ങൾ, ഏകദേശം 73,000 ഓഡിയോ സ്‌കോറുകൾ, 75,000 വീഡിയോകൾ, 13,000ൽ പരം ലേഖനങ്ങൾ, 325 വർഷങ്ങളിലെ 5,000 ത്തിലധികം പുരാതന പ്രതികൾ, ഡിജിറ്റൽ ജേണലുകൾ, ലോകമെമ്പാടുമുള്ള 35,000 പ്രിന്റ‌്, ഡിജിറ്റൽ പത്രങ്ങൾ, അഞ്ഞൂറോളം അപൂർവ ശേഖരങ്ങൾ… തുടങ്ങി അറിവിന്റെ അത്ഭുതലോകം തുറക്കുന്നു. ഒന്പത് പ്രത്യേക പുസ്തകശാലകൾ ഉൾക്കൊള്ളുന്നതാണ് കെട്ടിടം. ജനറൽ, എമിറേറ്റ്സ്, ദി യംഗ് അഡൾട്ട്സ്, ചിൽഡ്രൻസ്, സ്പെഷ്യൽ കലക്്ഷൻ, ദി മാപ്സ് ആൻഡ് അറ്റ്്ലസ്, മീഡിയ ആൻഡ് ആർട്സ്, ബിസിനസ്, ആനുകാലികം എന്നിങ്ങനെയാണ് വിഭാഗങ്ങൾ. പ്രിന്റ്ചെയ്ത പുസ്തകങ്ങൾക്ക് പുറമേ, വിശാലമായ ഇ-ബുക്കുകളിലേക്കും മറ്റ് ഡിജിറ്റൽ മീഡിയയിലേക്കും ലൈബ്രറിയുടെ വാതായനങ്ങൾ തുറക്കുന്നു.

നൂതന സാങ്കേതികവിദ്യയും ആർട്ടിഫിഷ്യൽ ഇന്റലിജൻസും സമ്മേളിക്കുന്ന മുഹമ്മദ് ബിൻ റാശിദ് ലൈബ്രറിയുടെ സൗകര്യങ്ങളിൽ ഓട്ടോമേറ്റഡ് സ്റ്റോറേജ്, ഇലക്ട്രോണിക് ബുക്ക് റിട്രീവൽ സിസ്റ്റം, വെർച്വൽ റിയാലിറ്റി സാങ്കേതികവിദ്യകൾ, സെൽഫ് സർവീസ് കിയോസ്‌ക്കുകൾ, ബുക്ക് ഡിജിറ്റലൈസേഷൻ ലബോറട്ടറി, സന്ദർശകരുടെ അന്വേഷണങ്ങൾക്ക് ഉത്തരം നൽകാൻ സ്മാർട്ട് റോബോട്ടുകൾ തുടങ്ങിയവയും ഒരുക്കിയിട്ടുണ്ട്.
2016ൽ രാജ്യം വായനാ വർഷമായി ആചരിച്ചപ്പോഴാണ് യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം പദ്ധതി പ്രഖ്യാപിച്ചിരുന്നത്. ദുബൈ ക്രീക്കിലെ അൽ ജദ്ദാഫിൽ നിർമിച്ച ലൈബ്രറിയുടെ ഉദ്ഘാടന ശേഷം ശൈഖ് മുഹമ്മദ് നടത്തിയ ട്വീറ്റുകൾ വായനയുടെയും അറിവന്വേഷണത്തിന്റെയും പ്രാധാന്യം വിളിച്ചോതുന്നവയാണ്.

54,000 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള ലൈബ്രറിയുടെ ഉള്‍വശത്തേക്ക് പ്രകൃതിദത്ത വെളിച്ചം, ജല ഉപഭോഗം 50 ശതമാനം കുറക്കാൻ പ്രത്യേക സംവിധാനം, ഹരിത ഇടങ്ങളിൽ ജലസേചനം നടത്തുന്നതിനായി എയർ കണ്ടീഷണറുകളിൽ നിന്നുള്ള വെള്ളം റീസൈക്കിൾ ചെയ്തെടുക്കാനുള്ള സംവിധാനം തുടങ്ങിയ സവിശേഷതകളുമുണ്ട്. മുഹമ്മദ് ബിൻ റാശിദ് ലൈബ്രറിയുടെ മൊബൈൽ ആപ് (എം ബി ആര്‍ എല്‍) ഡൗൺലോഡ് ചെയ്ത് റജിസ്റ്റർ ചെയ്തശേഷം ലൈബ്രറി സൗജന്യമായി സന്ദർശിക്കാം. വാർഷിക അംഗത്വ രജിസ്ട്രേഷനുള്ള സൗകര്യവും ഏര്‍പ്പെടുത്തും. ഞായർ ഒഴികെയുള്ള എല്ലാ ദിവസവും തുറന്ന് പ്രവർത്തിക്കും.

junaidhazan786@gmail.com