Kerala
നെന്മാറ ഇരട്ടക്കൊലപാതക കേസിലെ പ്രതി ചെന്താമര പിടിയില്‍; പോലീസ് സ്‌റ്റേഷന് മുന്നില്‍ ലാത്തിച്ചാര്‍ജ്
വീടിനടുത്തേക്ക് വരും വഴിയാണ് ഇയാള്‍ ചെന്താമര പിടിയിലാകുന്നത്.
പാലക്കാട് | നെന്മാറ ഇരട്ടക്കൊലപാതക കേസിലെ പ്രതി ചെന്താമര പിടിയിലെന്ന് സൂചന. .ഇന്നത്തെ പരിശോധന പൂര്‍ത്തിയാക്കി പോലീസ് സംഘം മടങ്ങും വഴിയാണ് പ്രതി പിടിയിലായത്.പ്രതിയെ പിടികൂടിയതറിഞ്ഞ് നാട്ടുകാര്‍ നെന്‍മാറ പോലീസ് സ്‌റ്റേഷനില്‍ തടിച്ചുകൂടി. വീടിനടുത്തേക്ക് വരും വഴിയാണ് ഇയാള്‍ ചെന്താമര പിടിയിലാകുന്നത്. വിശപ്പ് സഹിക്കാന്‍ കഴിയാത്ത ഇയാള്‍ വീട്ടിലേക്ക് ഭക്ഷണം കഴിക്കാനെത്തുമെന്ന് പോലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പോലീസ് തിരച്ചില്‍ അവസാനിപ്പിച്ചുവെന്ന് കരുതി പ്രതി വീടിനടുത്തേക്ക് എത്തുന്നത്.പ്രതി ഇപ്പോള്‍ നെന്‍മാറ പോലീസ് സ്‌റ്റേഷനിലാണുള്ളത്.പോലീസ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ എത്തിച്ചപ്പോഴും പ്രതിക്ക് വലിയ ഭവഭേദമൊന്നുമുണ്ടായിരുന്നില്ല.
പ്രതിയെ കാണാനെത്തിയ നാട്ടുകാര്‍ പോലീസ് സ്‌റ്റേഷനിലേക്ക് ഇരച്ചുകയറാന്‍ ശ്രമിച്ചതോടെ പോലീസ് ലാത്തിച്ചാര്‍ജ് നടത്തുകയും പെപ്പര്‍ സ്േ്രപ ഉപയോഗിക്കുകയും ചെയ്തു. ലാത്തിച്ചാര്‍ജില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റു
തിങ്കളാഴ്ച രാവിലെ പത്തോടെയാണ് പോത്തുണ്ടി സ്വദേശികളായ സുധാകരനെയും അമ്മ മീനാക്ഷിയേയും അയല്‍വാസിയായ ചെന്താമര കൊലപ്പെടുത്തിയത്. സ്‌കൂട്ടറില്‍ വരികയായിരുന്ന സുധാകരനെ വടിയില്‍ വെട്ടുകത്തിവെച്ചുകെട്ടി വെട്ടിവീഴ്ത്തുകയായിരുന്നു. ശബ്ദം കേട്ട് ഇറങ്ങിവന്ന സുധാകരന്റെ മാതാവ് മീനാക്ഷിയെയും പ്രതി ആക്രമിച്ചു. സുധാകരന്‍ സംഭവ സ്ഥലത്തുവെച്ച് തന്നെ മരിച്ചു. മീനാക്ഷിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലുംജീവന്‍ രക്ഷിക്കാനായില്ല
2019 ല്‍ സുധാകരന്റെ ഭാര്യ സജിതയെ കൊലപ്പെടുത്തിയ കേസില്‍ ഇടക്കാലജാമ്യത്തിലിറങ്ങിയാണ് പ്രതി ചെന്താമര ഇരട്ടക്കൊലപാതകം നടത്തിയത്. 2022 ല്‍ നെന്മാറ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ പ്രവേശിക്കരുതെന്ന ഉപാധിയോടെ കോടതി ഇയാള്‍ക്ക് ജാമ്യം അനുവദിച്ചിരുന്നു. 2023 ല്‍ നെന്മാറ പഞ്ചായത്ത് മാത്രമാക്കി ജാമ്യവ്യവസ്ഥ ചുരുക്കി. എന്നാല്‍ ജാമ്യ വ്യവസ്ഥ ലംഘിച്ച് ഇയാള്‍ വീണ്ടും നെന്മാറയില്‍ എത്തി സുധാകരനെയും അമ്മയെയും കൊലപ്പെടുത്തുകയായിരുന്നു.
അതേസമയം ചെന്താമരയില്‍ നിന്ന് ഭീഷണിയുണ്ടെന്ന് ആരോപിച്ച് സുധാകരന്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ പോലീസിന്റെ ഭാഗത്തുനിന്നും നടപടിയുണ്ടായില്ല . ഇതില്‍ നെന്മാറ എസ്എച്ച്ഒയെ സസ്‌പെന്‍ഡ് ചെയ്തു. ചെന്താമരയുടെ ഭാര്യ അയാളുമായി പിരിയാന്‍ കാരണം സജിതയും കുടുംബവുമാണെന്ന് ആരോപിച്ചായിരുന്നു കൊലപാതകം. സജിതയെ കൊലപ്പെടുത്തിയ കേസില്‍ അടുത്ത മാസം വിചാരണ തുടങ്ങാനിരിക്കേയാണ് പ്രതി ചെന്താമര വിയ്യൂര്‍ ജയിലില്‍ നിന്ന് ഇടക്കാല ജാമ്യത്തില്‍ ഇറങ്ങിയത്