Connect with us

Ongoing News

യോജിപ്പും വിയോജിപ്പും തുറന്ന് പറയാന്‍ സ്വാതന്ത്ര്യമുണ്ടായിരുന്ന ബന്ധം; ഉമ്മന്‍ചാണ്ടിയുമായുള്ള സൗഹൃദത്തെ കുറിച്ച് പിണറായി

'ജനങ്ങളെ സ്പര്‍ശിക്കുന്ന വിഷയങ്ങളില്‍ ക്രിയാത്മകമായി ഇടപെടുന്നവര്‍ക്ക് മാത്രമെ പൊതു പ്രവര്‍ത്തനത്തില്‍ മികവുണ്ടാക്കാനാകൂ. ഇതിന് നല്ല ഉദാഹരണമായിരുന്നു ഉമ്മന്‍ചാണ്ടി.'

Published

|

Last Updated

തിരുവനന്തപുരം | ഉമ്മന്‍ചാണ്ടിയുമായി ഉണ്ടായിരുന്ന ദൃഢബന്ധം തുറന്നുപറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍. ഉമ്മന്‍ ചാണ്ടിയുമായി യോജിപ്പും വിയോജിപ്പും ഉണ്ടായിരുന്നുവെന്നും അത് തുറന്ന് പറയാന്‍ സ്വാതന്ത്ര്യമുള്ള സൗഹൃദമായിരുന്നു പരസ്പരം പുലര്‍ത്തിയിരുന്നതെന്നും പിണറായി പറഞ്ഞു.

രാഷ്ട്രീയമായി ഇരു പക്ഷത്തായിരുന്നെങ്കിലും സൗഹൃദത്തിന് ഒരു കോട്ടവും ഉണ്ടായിരുന്നില്ല. ഓര്‍മ്മയില്‍ ഉമ്മന്‍ ചാണ്ടി പരിപാടിയില്‍ പങ്കെടുത്ത് പ്രസംഗിക്കവേയാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായി ഉണ്ടായിരുന്ന സൗഹൃദം സംബന്ധിച്ച് വാചാലനായത്.

പുതുപ്പള്ളിക്കാരനായിരുന്നെങ്കിലും ഉമ്മന്‍ചാണ്ടിക്ക് തിരുവനന്തപുരവുമായി വലിയ ബന്ധമുണ്ടായിരുന്നു. ജീവിതത്തിന്റെ പകുതിയിലധികം കാലവും അദ്ദേഹം തിരുവനന്തപുരത്താണ് ചെലവഴിച്ചത്. മുഖ്യമന്ത്രിയായി തന്നെ എല്‍ ഡി എഫ് തീരുമാനിച്ചപ്പോള്‍ ആദ്യം കണ്ടത് ഉമ്മന്‍ചാണ്ടിയെയാണ്. ഓരോ മേഖലയും ഓരോ തരത്തിലുള്ള നേതൃഗുണമാണ് ആവശ്യപ്പെടുന്നത്. ജനങ്ങളെ സ്പര്‍ശിക്കുന്ന വിഷയങ്ങളില്‍ ക്രിയാത്മകമായി ഇടപെടുന്നവര്‍ക്ക് മാത്രമെ പൊതു പ്രവര്‍ത്തനത്തില്‍ മികവുണ്ടാക്കാനാകൂ. ഇതിന് നല്ല ഉദാഹരണമായിരുന്നു ഉമ്മന്‍ചാണ്ടിയെന്നും പിണറായി പറഞ്ഞു.

അവിശ്രമം എന്ന പദത്തിന് എല്ലാ അര്‍ഥത്തിലും പര്യായമായി മാറിയ ജീവിതമായിരുന്നു ഉമ്മന്‍ചാണ്ടിയുടേത്. പ്രളയകാലത്ത് രാഷ്ട്രീയം മറന്ന് ഒന്നിച്ചു. അതികഠിന രോഗാവസ്ഥയിലും പ്രസന്നതയോടെ മാത്രം സംസാരിച്ചു. അതിജീവനത്തിന്റെ മികച്ച മാതൃക കൂടിയാണ് ഉമ്മന്‍ചാണ്ടിയെന്നും പിണറായി പറഞ്ഞു.