Connect with us

ചിത്രം വി ചിത്രം

തേജസ്വി പിടിച്ച പുലിവാൽ

അനുനയത്തിനെത്തിയയാളെ നിക്ഷേപകർ വളഞ്ഞു.

Published

|

Last Updated

ബെംഗളൂരു | അനുനയത്തിന്റെ കാലമാണ് തിരഞ്ഞെടുപ്പ്. ഇടഞ്ഞുനില്‍ക്കുന്നവരെ മുഴുവന്‍ അനുനയിപ്പിക്കാന്‍ നേതാക്കളിറങ്ങും. ഇത്തരമൊരു യോഗത്തിനെത്തിയ ബി ജെ പി. എം പി തേജസ്വി സൂര്യ പിടിച്ച പുലിവാലാണ് കര്‍ണാടകയില്‍ നിന്നുള്ള തിരഞ്ഞെടുപ്പ് വിശേഷം. സഹകരണ ബേങ്ക് തട്ടിപ്പിനിരയായവരോട് സംസാരിക്കാനെത്തിയ സൂര്യയെ ബേങ്ക് നിക്ഷേപകര്‍ വളയുകയായിരുന്നു. ഇതോടെ ‘എമര്‍ജന്‍സി എക്സിറ്റ്’ പരിഹാസവുമായി കോണ്‍ഗ്രസ്സുമെത്തി. വിമാനം ലാന്‍ഡ് ചെയ്യും മുമ്പ് തേജസ്വി സൂര്യ എമര്‍ജന്‍സി എക്സിറ്റ് തുറന്നതുമായി ബന്ധപ്പെട്ട ആറ് മാസത്തിലേറെ പഴക്കമുള്ള വിവാദം അനുസ്മരിപ്പിച്ചാണ് കോണ്‍ഗ്രസ്സിന്റെ പരിഹാസം.

ശ്രീഗുരു രാഘവേന്ദ്ര സഹകരണ ബേങ്ക് നിയമിത (എസ് ജി ആര്‍ എസ് ബി എന്‍)യുമായി ബന്ധപ്പെട്ട് കോടികളുടെ തട്ടിപ്പിനിരയായ നിക്ഷേപകരാണ് തേജസ്വി സൂര്യയെ ബെംഗളൂരുവില്‍ നടന്ന പൊതുയോഗത്തില്‍ തടഞ്ഞത്. യുവമോര്‍ച്ച ദേശീയ പ്രസിഡന്റ് കൂടിയായ അദ്ദേഹം ആള്‍ക്കൂട്ടത്തിനിടയില്‍ പുറത്തുകടക്കാനാകാതെ നില്‍ക്കുന്ന ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ നിറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി രാഷ്ട്രീയ നേതാക്കളുമായി സഹകരണ ബേങ്ക് അസ്സോസിയേഷന്‍ നടത്തിയ ചര്‍ച്ചക്കിടെയാണ് സംഭവം. ചര്‍ച്ച നടത്തി നിക്ഷേപകരെയും ബേങ്ക് ജീവനക്കാരെയും അനുനയിപ്പിക്കാനാണ് എത്തിയത്. എന്നാല്‍ ശക്തമായ പ്രതിഷേധവുമായി നിക്ഷേപകര്‍ എത്തിയതോടെ രംഗം കൈവിട്ടു പോകുകയായിരുന്നു. ഇതോടെ സൂര്യയുടെ അനുയായികള്‍ ഇടപെട്ടു. ചിലര്‍ നിക്ഷേപകരെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചു. ഉന്തും തള്ളും നടക്കുന്നതിനിടെ എം പിയെ ഹാളിന് പുറത്തെത്തിക്കുകയായിരുന്നു. തങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിലെ കാലതാമസത്തെക്കുറിച്ച് നിക്ഷേപകര്‍ രാഷ്ട്രീയ നേതാക്കളോട് രോഷത്തോടെ ചോദ്യമുയര്‍ത്തിയതോടെയാണ് പ്രശ്നങ്ങള്‍ തുടങ്ങിയത്.

‘നാണക്കേട്’ എന്നാണ് കോണ്‍ഗ്രസ്സ് ഇതിനോട് പ്രതികരിച്ചത്. ‘തേജസ്വി സൂര്യ ഒരിക്കല്‍ കൂടി എമര്‍ജന്‍സി എക്‌സിറ്റ് ഡോറിലൂടെ ജനക്കൂട്ടത്തില്‍നിന്ന് രക്ഷപ്പെട്ടു. സൂര്യയുടെ അഹങ്കാരം അതിരുകടക്കുന്നു. വോട്ടര്‍മാര്‍ അദ്ദേഹത്തെ പാഠം പഠിപ്പിക്കും’- എന്നിങ്ങനെയാണ് കോണ്‍ഗ്രസ്സ് നേതാക്കള്‍ എക്സില്‍ കുറിച്ചത്. ബെംഗളൂരു ആസ്ഥാനമായുള്ള സഹകരണ ബേങ്കാണ് എസ് ജി ആര്‍ എസ് ബി എന്‍. 2020ല്‍ ആര്‍ ബി ഐ ഈ ബേങ്കിന്‍മേല്‍ പിന്‍വലിക്കല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതോടെയാണ് തട്ടിപ്പ് പുറത്തായത്. ബേങ്ക് മാനേജ്‌മെന്റിന്റെ 2,500 കോടി രൂപയുടെ തിരിമറി വെളിവാകുകയായിരുന്നു.

 

---- facebook comment plugin here -----

Latest