Uae
ചുകപ്പ് നാട അവസാനിപ്പിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് 70 ലക്ഷം ദിര്‍ഹം പാരിതോഷികം
രാജ്യത്തിന്റെ വാസ്തുവിദ്യ പാരമ്പര്യം സംരക്ഷിക്കും
ദുബൈ| ‘ചുകപ്പ് നാട’ അവസാനിപ്പിക്കുന്ന ഫെഡറല്‍ ഗവണ്‍മെന്റ് ഉദ്യോഗസ്ഥര്‍ക്ക് 70 ലക്ഷം ദിര്‍ഹം പുരസ്‌കാരം നല്‍കുമെന്ന് യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം അറിയിച്ചു. യു എ ഇ മന്ത്രിസഭാ തീരുമാനപ്രകാരമാണിത്. ‘ബ്യൂറോക്രസി’ ഇല്ലാതാക്കാന്‍ സഹായിക്കുന്ന ഫെഡറല്‍ ജീവനക്കാര്‍ക്കാണ് പാരിതോഷികം. ‘സര്‍ക്കാര്‍ നടപടിക്രമങ്ങള്‍ ചുരുക്കുന്നതിനും സാമ്പത്തിക സ്രോതസ്സുകള്‍ വര്‍ധിപ്പിക്കുന്നതിനും കമ്പനികളുടെയും വ്യക്തികളുടെയും മേലുള്ള നിയന്ത്രണ ഭാരം കുറയ്ക്കുന്നതിനും പദ്ധതികള്‍ സമര്‍പ്പിക്കുന്ന വര്‍ക്ക് ടീമുകള്‍, വ്യക്തികള്‍, ഫെഡറല്‍ സ്ഥാപനങ്ങള്‍ എന്നിവരെ ഞങ്ങള്‍ ആദരിക്കും.’ ശൈഖ് മുഹമ്മദ് പറഞ്ഞു.
‘ഇടപാടുകള്‍ സുഗമമാക്കുകയും നടപടിക്രമങ്ങള്‍ ലഘൂകരിക്കുകയും വേണം. സര്‍ക്കാര്‍ ഇടപാടുകളില്‍ ആളുകളുടെ പ്രയത്നവും സമയവും ലാഭിക്കണം. അത്തരക്കാരെ ഞങ്ങള്‍ ആദരിക്കുകയും ആഘോഷിക്കുകയും ചെയ്യും. സര്‍ഗാത്മകതയുള്ള ആളുകള്‍ക്ക് ഞങ്ങള്‍ നന്ദി രേഖപ്പെടുത്തുന്നു. കഠിനാധ്വാനികളും അര്‍പ്പണബോധമുള്ളവരുമായ സര്‍ക്കാര്‍ ജീവനക്കാരെ ആദരിക്കുന്നു. വിഭവങ്ങള്‍ നല്‍കാനും പൊതുജനങ്ങളെ സേവിക്കാനും രാജ്യത്തിന്റെ മത്സരശേഷി ഏകീകരിക്കാനും കഴിയണം.’ ശൈഖ് മുഹമ്മദ് കൂട്ടിച്ചേര്‍ത്തു.
എമിറേറ്റ്സ് ഒന്റര്‍പ്രണര്‍ഷിപ്പ് കൗണ്‍സില്‍ രൂപീകരിക്കുന്നതിന് മന്ത്രിസഭ അംഗീകാരം നല്‍കി. യുവജന പദ്ധതികള്‍ക്ക് പിന്തുണ നല്‍കാനും സംരംഭകത്വ മേഖലയിലേക്ക് പ്രവേശിക്കാന്‍ അവരെ പ്രോത്സാഹിപ്പിക്കാനും പ്രചോദിപ്പിക്കാനും 30 കോടി ദിര്‍ഹം ഫണ്ട് അനുവദിച്ചു.
എമിറേറ്റ്സ് ഒന്റര്‍പ്രണര്‍ഷിപ്പ് കൗണ്‍സിലിന്റെ ചെയര്‍പേഴ്സണ്‍ ആലിയ അല്‍ മസ്റൂഇ ആയിരിക്കും.
രാജ്യത്തിന്റെ വാസ്തുവിദ്യാ പാരമ്പര്യം സംരക്ഷിക്കുന്നതിനുള്ള ദേശീയ നയത്തിനും മന്ത്രിസഭ അംഗീകാരം നല്‍കി. സാംസ്‌കാരികവും ദേശീയവും ചരിത്രപരവുമായ പ്രാധാന്യം സംരക്ഷിക്കുന്നതിനുള്ള പദ്ധതികള്‍ വികസിപ്പിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കും.130 ഓളം സ്ഥലങ്ങള്‍ക്കും കെട്ടിടങ്ങള്‍ക്കും നിലവില്‍ അംഗീകാരം ലഭിച്ചിട്ടുണ്ട്. വരും വര്‍ഷങ്ങളില്‍ ഇത് 1,000 സൈറ്റുകളായി ഉയര്‍ത്തും.
ശൈഖ് അബ്ദുല്ല ബിന്‍ സായിദിന്റെയും ശൈഖ മറിയം ബിന്‍ത് മുഹമ്മദ് ബിന്‍ സായിദിന്റെയും നേതൃത്വത്തിലുള്ള വിദ്യാഭ്യാസം, മനുഷ്യ വികസനം, കമ്മ്യൂണിറ്റി കൗണ്‍സിലിനുള്ള ഭരണസംവിധാനത്തിന് അംഗീകാരം നല്‍കി. ഈ വര്‍ഷത്തെ അവസാന ക്യാബിനറ്റ് യോഗം ശൈഖ് മുഹമ്മദിന്റെ അധ്യക്ഷതയില്‍ ഖസര്‍ അല്‍ വതനില്‍ നടന്നു. ‘മികച്ച ആളുകള്‍ക്ക് ഒരു നല്ല വര്‍ഷം. മികച്ച പ്രസിഡന്റ് നയിക്കുന്ന ഒരു നല്ല വര്‍ഷം. മികച്ചതും വലുതും അര്‍പ്പണബോധവുമുള്ള ദേശീയ ടീമിന്റെ പ്രയത്നങ്ങളുടെ ഒരു നല്ല വര്‍ഷം. വരാനിരിക്കുന്നത് മികച്ചതും മനോഹരവും മഹത്തരവുമാണ്. 2025-ല്‍ ദൈവം അനുഗ്രഹിക്കട്ടെ.’ ശൈഖ് മുഹമ്മദ് എക്‌സില്‍ കൂട്ടിച്ചേര്‍ത്തു.