From the print
ഉള്ളുലച്ച് അതിജീവനതാളം
കനകക്കുന്നിന്റെ നാട്ടിൽ 63ാമത് സംസ്ഥാന സ്‌കൂൾ കലോത്സവം അരങ്ങുതെളിഞ്ഞത് അതിജീവനത്തിന്റെ പടപ്പാട്ടുമായി
തിരുവനന്തപുരം | പെട്ടെന്നിരുട്ടിലൊരു വൻ ജലപ്രവാഹം… മണ്ണും മരങ്ങളും കൂട്ടിക്കുഴച്ചുകൊണ്ടൊരു മഹാ സാഗരം… കനകക്കുന്നിന്റെ നാട്ടിൽ 63ാമത് സംസ്ഥാന സ്‌കൂൾ കലോത്സവം അരങ്ങുതെളിഞ്ഞത് അതിജീവനത്തിന്റെ പടപ്പാട്ടുമായി.
സമയം: രാവിലെ 11.
കലോത്സവ വേദിയിൽ മുഖ്യമന്ത്രിയുടെ ഉദ്ഘാടന പ്രസംഗം കഴിഞ്ഞ ഉടനെയാണ് ഉരുൾപൊട്ടലിൽ വിറങ്ങലിച്ച വയനാട് വെള്ളാർമല ജി വി എച്ച് എസിലെ കുരുന്നുകൾ വേദിയിലെത്തിയത്.
അല്ലാഹു അക്ബർ അല്ലാഹു അക്ബർ എന്ന് തുടങ്ങുന്ന ആ നാടിന്റെ അതിജീവനത്തിന് ഏറെ സഹായകമായ ചൂരൽമല ജുമുഅ മസ്ജിദിലെ വാങ്കൊലി പശ്ചാത്തലമാക്കിക്കൊണ്ടായിരുന്നു തുടക്കം.
ഏഴ് പേരടങ്ങുന്ന കുട്ടികളുടെ സംഘം വെള്ളപ്പൊക്കത്തെയും രക്ഷാപ്രവർത്തനങ്ങളെയും പ്രതീകവത്കരിക്കാനുള്ള ശ്രമം നടത്തുമ്പോൾ ഇപ്പുറത്ത് ഒരാൾ വിതുമ്പുകയായിരുന്നു. നീല ഷർട്ട് ധരിച്ച ഉയരം കുറഞ്ഞ ആ മനുഷ്യനെ പിന്നീടാണ് മനസ്സിലായത്. ഉണ്ണിമാഷ്.
ഒരു രാത്രി കൊണ്ട് നിശ്ശേഷം തകർന്ന ചൂരൽമലയുടെ സ്നേഹവായ്പ് ലോകത്തോട് വിവരിച്ച അവരുടെ പ്രധാനാധ്യാപകൻ.
മാഷിന്റെ ആശയമായിരുന്നു ചൂരൽമലയെ സംസ്ഥാന സ്‌കൂൾ കലോത്സവ വേദിയിൽ പറയുകയെന്നത്. ദുരന്തത്തിന്റെ ഇരകളായി വീട് നഷ്ടപ്പെട്ട് വാടക വീട്ടിൽ കഴിയുന്ന അഞ്ചലും ഋഷികയുമടക്കമുള്ള വിദ്യാർഥിനികളാണ് ചിലങ്കയണിഞ്ഞ് അര മണിക്കൂറോളം കലോത്സവ വേദിയെ വികാരഭരിതമാക്കിയത്.
വെള്ളരിമലയുടെ തഴ്‌വാരത്തൊരു വിദ്യാലയമുണ്ടേ…
എന്ന വരികളോടെ അവസാനിച്ച സംഘ നൃത്തത്തിൽ ഉരുൾപൊട്ടലിൽ ആളുകൾ ഒഴുകിപ്പോകുന്നതും ഷാൾ ഉപയോഗിച്ച് അവരെ കരകയറ്റുന്നതും ആവിഷ്‌കരിച്ചു.
കലോത്സവത്തിൽ നാടകങ്ങളും അഭിനയങ്ങളുമെല്ലാം അരങ്ങുതകർക്കുമെങ്കിലും സ്വന്തം ജീവിതം ഇതിവൃത്തമാക്കിക്കൊണ്ടുള്ള വിദ്യാർഥിനികളുടെ പ്രകടനം വേറിട്ടതായി. പ്രധാനാധ്യാപകൻ ഉണ്ണിമാഷ് പറഞ്ഞുകൊടുത്ത കഥക്ക് തൃശൂർ നാരായണൻകുട്ടി മാഷ് സ്‌ക്രിപ്റ്റ് തയ്യാറാക്കി. അനിൽ വെട്ടിക്കാട്ടിരിയാണ് നൃത്തം സംവിധാനം ചെയ്തത്. നിലമ്പൂർ വിജയലക്ഷ്മി ഗാനമാലപിച്ചു.
ദുരന്തം അതിജീവിച്ച വിദ്യാർഥിനികൾ ഉദ്ഘാടനവേദിയിൽ സംഘനൃത്തം അവതരിപ്പിക്കാനെത്തിയത് അതീവ സന്തോഷകരമാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു.