Sheikh Khalifa bin Zayed
പ്രവാസികളെ എന്നും നന്ദിയോടെ സ്മരിച്ച ഭരണാധികാരി
രാജ്യപുരോഗതിയില്‍ പ്രവാസികള്‍ വഹിച്ച പങ്കിനെ ഓരോ വര്‍ഷവും നടക്കുന്ന ദേശീയ ദിനാഘോഷത്തില്‍ അദ്ദേഹം പ്രത്യേകം പരമാര്‍ശിക്കുമായിരുന്നു.
പ്രവാസികളെ എന്നും നന്ദിയോടെ സ്മരിച്ച ഭരണാധികാരിയായിരുന്നു ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ് യാന്‍. കഴിഞ്ഞ വര്‍ഷം യു എ ഇ അമ്പതുവയസ്സ് ആഘോഷിച്ച വേളയില്‍ രാഷ്ട്രം കെട്ടിപ്പടുക്കുന്നതില്‍ പ്രവാസികളുടെ പങ്കിനെ യു എ ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് ആല്‍ നഹ്‌യാന്‍ പ്രകീര്‍ത്തിച്ചിരുന്നു. പിതാവ് ശൈഖ് സായിദിന്റെ മരണത്തെത്തുടര്‍ന്ന് 2004 നവംബര്‍ മൂന്നിനാണ് ശൈഖ് ഖലീഫ രാജ്യത്തിന്റെ പ്രസിഡന്റായത്.
വിവിധ രാജവംശങ്ങള്‍ക്ക് കീഴില്‍ നാട്ടുരാജ്യങ്ങളായിരുന്ന ഏഴ് ഭൂപ്രദേശങ്ങള്‍ 1971 ഡിസംബര്‍ 2 ന് യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യു.എ.ഇ.) എന്ന പേരില്‍ രൂപമെടുത്തപ്പോള്‍ ഇരുപത്താറാം വയസില്‍ അദ്ദേഹം ഉപപ്രധാനമന്ത്രിയായി. തുടര്‍ന്ന് 1976 മേയില്‍ അദ്ദേഹം യു എ ഇയുടെ ഉപ സൈന്യാധിപനായി നിയോഗിക്കപ്പെട്ടു. ഭരണമേറ്റെടുത്ത ശേഷം യു എ ഇ ഫെഡറല്‍ ഭരണകൂടത്തിലും അബുദാബി എമിറേറ്റിലും ഒട്ടേറെ ഭരണപരമായ മാറ്റങ്ങള്‍ക്ക് ശൈഖ് ഖലീഫ നേതൃത്വം നല്‍കി. വന്‍ വികസന കുതിപ്പിലേക്കാണ് ഇദ്ദേഹം രാജ്യത്തെ നയിച്ചത്.
അധികാരമേറ്റ ഉടന്‍ 2004 നവംബറില്‍ തന്നെ മന്ത്രിസഭയില്‍ വനിതാപ്രാതിനിധ്യം നല്‍കി. സര്‍ക്കാരിലെ ഉന്നതപദവികളില്‍ സ്ത്രീകള്‍ക്കു മുപ്പതുശതമാനം പ്രാതിനിധ്യം നല്‍കിയതിനൊപ്പം ബിസിനസ് മേഖലയിലും സ്ത്രീകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുകയും ചെയ്തു. ജനക്ഷേമകരമായ ഒട്ടറെ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിലൂടെ ജനങ്ങളില്‍ നിന്ന് ഏറെ ആദരവും ഇദ്ദേഹത്തിന് ലഭിച്ചിരുന്നു. രാജ്യത്തിന്റെ സാമ്പത്തിക വൈവിധ്യവല്‍ക്കരണത്തിന് ഏറെ സംഭാവനകള്‍ നല്‍കിയ അദ്ദേഹം എണ്ണ, വാതക മേഖലയുടെ വികസനത്തിന് നേതൃത്വം നല്‍കിയിരുന്നു.
രാജ്യപുരോഗതിയില്‍ പ്രവാസികള്‍ വഹിച്ച പങ്കിനെ ഓരോ വര്‍ഷവും നടക്കുന്ന ദേശീയ ദിനാഘോഷത്തില്‍ അദ്ദേഹം പ്രത്യേകം പരമാര്‍ശിക്കുമായിരുന്നു. രാജ്യത്തിന്റെ 50 വര്‍ഷത്തെ വളര്‍ച്ചയിലും വിജയത്തിലും യുഎഇയെ സ്വന്തം നാടായി കാണുന്ന മുഴുവന്‍ ജനങ്ങളുടെയും പങ്കാളിത്തമുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. രാജ്യത്തെ വിജയ പാതയിലേക്ക് നയിക്കാന്‍ ആ രാജ്യത്തിലെ ജനങ്ങള്‍ മാത്രം വിചാരിച്ചാല്‍ സാധ്യമാവില്ലെന്നും അതിന് പുറത്തു നിന്നുള്ളവരുടെ കൂടി സഹായം അനിവാര്യമാണെന്നും അദ്ദേഹം നിരന്തരം പറയുമായിരുന്നു. രാജ്യത്തുള്ള വിവിധ ജനവിഭാഗങ്ങള്‍ തമ്മിലുള്ള ഐക്യവും ഒത്തൊരുമയുമാണ് ഏറ്റവും വലിയ ശക്തി സ്രോതസെന്ന് അദ്ദേഹം പറഞ്ഞിരുന്നു.
1950കളിലെ എണ്ണനിക്ഷേപം കണ്ടെത്തലിനു മുന്‍പ് യു എ ഇ ബ്രിട്ടീഷുകാരാല്‍ സംരക്ഷിക്കപ്പെട്ടുപോന്ന അവികസിതങ്ങളായ എമിറേറ്റുകളുടെ ഒരു കൂട്ടമായിരുന്നു. എണ്ണനിക്ഷേപത്തിന്റെ കണ്ടെത്തല്‍ ത്വരിതഗതിയിലുള്ള ആധുനികവത്കരണത്തിനും വികസനത്തിനും വഴിവച്ചു.1971 ല്‍ അബുദാബിയുടെ ഭരണാധികാരിയായിരുന്ന ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്‌യാന്റെ നേതൃത്വത്തിലാണ് 6 എമിറേറ്റുകള്‍ ചേര്‍ന്ന് സ്വതന്ത്രമായ ഫെഡറേഷന്‍ രുപം കൊണ്ടത്. ഒരു വര്‍ഷത്തിനു ശേഷം ഏഴാമത്തെ എമിറേറ്റായ റാസ് അല്‍ ഖൈമയും ഫെഡറേഷനില്‍ ചേര്‍ന്നു. ഏഴ് സ്വതന്ത്ര എമിറേറ്റുകളുടെ ഫെഡറേഷനായ ഐക്യ അറബ് എമിറേറ്റുകളുടെ തലസ്ഥാനം അബുദാബിയാണ്.
രൂപവല്‍ക്കരണം മുതല്‍ ഫെഡറേഷന്റെ പ്രസിഡന്റായിരുന്നത് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്‌യാനായിരുന്നു. അദ്ദേഹത്തിന്റെ മരണശേഷം അദ്ദേഹത്തിന്റെ മകനായ ശൈഖ് ഖലീഫാ ബിന്‍ സായിദ് അല്‍ നഹ്‌യാനെ പ്രസിഡന്റായി സുപ്രീം കൗണ്‍സില്‍ തിരഞ്ഞെടുത്തു.
പുരോഗതിയുടെ കുതിപ്പില്‍ മലയാളികള്‍ അടക്കമുള്ള പ്രവാസി സമൂഹത്തോട് എന്നും കരുണകാണിച്ച ഭരണാധികാരിയാണ് കാലയവനികക്കുള്ളില്‍ മറയുന്നത്.