Connect with us

Kerala

വയനാട്ടില്‍ സ്‌കൂള്‍ വിദ്യാര്‍ഥിക്ക് ക്രൂരമര്‍ദ്ദനമേറ്റ സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി വി ശിവന്‍കുട്ടി

യനാട് വിദ്യാഭ്യാസ ഉപഡയറക്ടറോട് സംഭവ സ്ഥലം സന്ദര്‍ശിക്കാനും മര്‍ദനമേറ്റ വിദ്യാര്‍ഥി ശബരിനാഥിനെയും രക്ഷിതാക്കളെയും നേരില്‍ കാണാനും മന്ത്രി നിര്‍ദേശം നല്‍കി.

Published

|

Last Updated

തിരുവനന്തപുരം |  വയനാട് മൂലങ്കാവ് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പത്താംക്ലാസ് വിദ്യാര്‍ഥിക്ക് സഹപാഠികളില്‍ നിന്നും ക്രൂരമര്‍ദനമേറ്റ സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. വകുപ്പുതല അന്വേഷണം നടത്തി ഉടന്‍ റിപ്പോര്‍ട്ട് നല്‍കാന്‍ വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടര്‍ – അക്കാഡമിക്‌സ് എ അബൂബക്കറിനോട് മന്ത്രി നിര്‍ദേശിച്ചു. വയനാട് വിദ്യാഭ്യാസ ഉപഡയറക്ടറോട് സംഭവ സ്ഥലം സന്ദര്‍ശിക്കാനും മര്‍ദനമേറ്റ വിദ്യാര്‍ഥി ശബരിനാഥിനെയും രക്ഷിതാക്കളെയും നേരില്‍ കാണാനും മന്ത്രി നിര്‍ദേശം നല്‍കി. ക്യാമ്പസുകളില്‍ റാഗിംഗ് ഒരു കാരണവശാലും അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.

വിഷയം സംബന്ധിച്ച് വയനാട് എസ്പിയുമായി മന്ത്രി ഫോണില്‍ സംസാരിച്ചിരുന്നു വിദ്യാര്‍ഥിയുടെ അമ്മയെയും സ്‌കൂള്‍ പിടിഎ പ്രസിഡന്റിനെയും മന്ത്രി ഫോണില്‍ വിളിച്ച് കാര്യങ്ങള്‍ അന്വേഷിച്ചു.സംഭവത്തില്‍ രണ്ടു വിദ്യാര്‍ഥികളെ ഏഴു ദിവസത്തേക്ക് സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. പ്രത്യേക കമ്മറ്റി രൂപീകരിച്ച് സംഭവം അന്വേഷിക്കുമെന്ന് സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു.

കഴിഞ്ഞ ദിവസമാണ് അമ്പലവയല്‍ സ്വദേശിയായ ശബരിനാഥിന് (15) സഹപാഠികളുടെ മര്‍ദനമേറ്റത്. പരിചയപ്പെടാനെന്നു പറഞ്ഞു ക്ലാസില്‍നിന്നു വിളിച്ചുകൊണ്ടുപോയവര്‍ കത്രിക ഉള്‍പ്പെടെ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു.ശബരിനാഥ് നിലവില്‍ കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

 

Latest