Kerala
ഇന്‍സ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട സ്‌കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു; യുവാവിന് 22 വര്‍ഷം കഠിനതടവും 1.2 ലക്ഷം രൂപ പിഴയും
പിഴത്തുക പ്രതി അടയ്ക്കുന്ന പക്ഷം അതിജീവിതയ്ക്ക് നല്‍കണമെന്നും അല്ലാത്തപക്ഷം പ്രതി എട്ടുമാസം കൂടി അധിക കഠിന തടവ് അനുഭവിക്കണമെന്നും വിധി ന്യായത്തില്‍ പറയുന്നു
അടൂര്‍ | പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് കഠിന തടവും പിഴയും വിധിച്ച് കോടതി. പുനലൂര്‍ അറക്കല്‍ ഇടയം ചന്ദ്രമംഗലത്ത് ചന്തു എന്ന് വിളിക്കുന്ന അനുലാല്‍ (26) നെയാണ് അടൂര്‍ അതിവേഗ സ്‌പെഷ്യല്‍ ജഡ്ജ് മഞ്ജിത്ത് 22 വര്‍ഷം കഠിനതടവിനും 120000 രൂപ പിഴയടക്കാനും ശിക്ഷിച്ചത്.
ഇന്‍സ്റ്റഗ്രാമിലൂടെ വ്യാജ പേര് ഉപയോഗിച്ചാണ് പ്രതി പെണ്‍കുട്ടിയുമയി പരിചയത്തിലായത്. തുടര്‍ന്ന് പെണ്‍കുട്ടിയുടെ പണയം വെച്ചിരുന്ന സ്വര്‍ണാഭരണങ്ങള്‍ എടുത്തു നല്‍കാം എന്നു പറഞ്ഞ് പ്രലോഭിപ്പിച്ചു രാവിലെ സ്‌കൂളില്‍ പോകാന്‍ ഇറങ്ങിയ പെണ്‍കുട്ടിയെ അടൂര്‍ ബസ്റ്റാന്‍ഡിലേക്ക് വിളിച്ചു വരുത്തി. അവിടെ നിന്നും ബൈക്കില്‍ ആലപ്പുഴയ്ക്ക് കൂട്ടിക്കൊണ്ടുപോയി ഒരു ലോഡ്ജില്‍ എത്തിച്ച് പീഡിപ്പിച്ച ശേഷം 2000 രൂപ നല്‍കി അടൂരില്‍ തിരികെ എത്തിച്ചു. 2022 ഫെബ്രുവരി പതിനഞ്ചിനാണ് സംഭവം നടന്നത്.
അടൂര്‍ സി ഐ ആയിരുന്ന ടി ഡി പ്രജീഷ് ആണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരവും പോക്‌സോ ആക്ട് പ്രകാരവും പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കേസില്‍ പ്രോസിക്യൂഷന്‍ ഭാഗത്തുനിന്നും 24 സാക്ഷികളെ വിസ്തരിക്കുകയും 39 രേഖകള്‍ ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ സ്മിതാ ജോണ്‍ പി ഹാജരായി. പിഴത്തുക പ്രതി അടയ്ക്കുന്ന പക്ഷം അതിജീവിതയ്ക്ക് നല്‍കണമെന്നും അല്ലാത്തപക്ഷം പ്രതി എട്ടുമാസം കൂടി അധിക കഠിന തടവ് അനുഭവിക്കണമെന്നും വിധി ന്യായത്തില്‍ പറയുന്നു