Connect with us

National

കാലാവസ്ഥാ നിരീക്ഷണത്തിന് അധ്യാധുനിക സങ്കേതം; ഇൻസാറ്റ് 3 ഡി എസ് വിക്ഷേപണം വിജയകരം

ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിൽ നിന്ന് വൈകിട്ട് 5.35നായിരുന്നു വിക്ഷേപണം.

Published

|

Last Updated

ശ്രീഹരിക്കോട്ട | ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ (ഐഎസ്ആർഒ) കാലാവസ്ഥാ ഉപഗ്രഹമായ ഇൻസാറ്റ്-3 ഡി എസ് വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിൽ നിന്ന് വൈകിട്ട് 5.35നായിരുന്നു വിക്ഷേപണം.

ജിഎസ്എൽവി എഫ്14 റോക്കറ്റിലേറിയാണ് ഉപഗ്രഹം കുതിച്ചത്. 19 മിനിറ്റ് 13 സെക്കൻഡിനുള്ളിൽ 37000 കിലോമീറ്റർ ഉയരത്തിലുള്ള ജിയോസിൻക്രണസ് ട്രാൻസ്ഫർ ഓർബിറ്റിൽ (ജിടിഒ) ഉപഗ്രഹം എത്തിച്ചേർന്നതായി ഐ എസ് ആർ ഒ അറിയിച്ചു.

2024 ജനുവരി ഒന്നിന് പിഎസ്എൽവി-സി58/എക്സ്പോസാറ്റ് വിക്ഷേപണത്തിന് ശേഷം ഐഎസ്ആർഒയുടെ 2024ലെ രണ്ടാമത്തെ ദൗത്യമാണിത്. ഇൻസാറ്റ്-3ഡി ശ്രേണിയിലെ ഏഴാമത്തെ ഉപഗ്രഹം കൂടിയാണ് ഇൻസാറ്റ് 3 ഡി എസ്. ഈ ശ്രേണിയിലെ അവസാന ഉപഗ്രഹമായ ഇൻസാറ്റ്-3ഡിആർ 2016 സെപ്റ്റംബർ 8-നാണ് വിക്ഷേപിച്ചത്.

2023 നവംബർ 10 മുതൽ ഇൻസാറ്റ്-3ഡിഎസിന്റെ വൈബ്രേഷൻ ടെസ്റ്റുകൾ ആരംഭിച്ചിരുന്നു. 6-ചാനൽ ഇമേജർ, 19-ചാനൽ സൗണ്ടർ എന്നിവയിലൂടെ കാലാവസ്ഥയുമായി ബന്ധപ്പെട്ട വിവരങ്ങൾ നൽകാൻ ഉപഗ്രഹത്തിന് സാധിക്കും. തിരയലിനും രക്ഷാപ്രവർത്തനത്തിനുമുള്ള ഗ്രൗണ്ട് ഡാറ്റയും സന്ദേശങ്ങളും ഇത് റിലേ ചെയ്യും.

2274 കിലോഗ്രാം ഭാരമുള്ള ഈ ഉപഗ്രഹം പ്രവർത്തനക്ഷമമായാൽ, ഭൗമശാസ്ത്ര വകുപ്പ്, കാലാവസ്ഥാ വകുപ്പ് (ഐഎംഡി), നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യൻ ടെക്നോളജി (എൻഐഒടി), കാലാവസ്ഥാ പ്രവചന കേന്ദ്രം, ഇന്ത്യൻ നാഷണൽ എന്നിവയ്ക്ക് കീഴിലുള്ള വിവിധ വകുപ്പുകൾക്ക് കൃത്യമായ കാലാവസ്ഥാ വിവരങ്ങൾ ലഭ്യമാകും.

51.7 മീറ്റർ നീളമുള്ള റോക്കറ്റിൽ ഇമേജർ പേലോഡ്, സൗണ്ടർ പേലോഡ്, ഡാറ്റ റിലേ ട്രാൻസ്‌പോണ്ടർ, സാറ്റലൈറ്റ് എയ്ഡഡ് സെർച്ച് ആൻഡ് റെസ്‌ക്യൂ ട്രാൻസ്‌പോണ്ടർ എന്നീ ഘടകങ്ങളാണുള്ളത്. മേഘങ്ങൾ, മൂടൽമഞ്ഞ്, മഴ, മഞ്ഞ്, അതിന്റെ ആഴം, തീ, പുക, കര, സമുദ്രം എന്നിവയെക്കുറിച്ച് പഠിക്കാൻ ഇത് ഉപയോഗിക്കും.

Latest