Kerala
കൂടത്തായി കൊലപാതക പരമ്പര; രണ്ട് കേസുകള്‍ കോടതി ഇന്ന് പരിഗണിക്കും
ജോളി ജയിലില്‍ ആത്മഹത്യാ ശ്രമം നടത്തിയ കേസിലെ വിധിക്കെതിരായ റിവിഷന്‍ ഹര്‍ജിയും ഇന്ന് കോടതി പരിഗണിക്കും
കോഴിക്കോട് | കൂടത്തായി കൊലപാതക പരമ്പരയിലെ രണ്ട് കേസുകള്‍ കോടതി ഇന്ന് പരിഗണിക്കും. റോയ് തോമസ്, സിലി കൊലക്കേസുകളാണ് കോഴിക്കോട് എരഞ്ഞിപ്പാലത്തെ പ്രത്യേക അഡീഷണല്‍ സെഷന്‍സ് കോടതി പരിഗണിക്കുക. കേസില്‍ പ്രാരംഭവാദം തുടങ്ങിയിട്ടില്ല. കോഴിക്കോട് പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ നിന്ന് മുഴുവന്‍ കേസുകളും എരഞ്ഞിപ്പാലത്തെ പ്രത്യേക അഡീഷണല്‍ സെഷന്‍സ് കോടതിയിലേക്ക് മാറ്റുകയായിരുന്നു. ജോളി ജയിലില്‍ ആത്മഹത്യാ ശ്രമം നടത്തിയ കേസിലെ വിധിക്കെതിരായ റിവിഷന്‍ ഹര്‍ജിയും ഇന്ന് കോടതി പരിഗണിക്കും. ആല്‍ഫിന്‍, അന്നമ്മ തോമസ്, ടോം തോമസ്, മഞ്ചാടി മാത്യു കൊല കേസുകള്‍ ഈ മാസം 31 ന് പരിഗണിക്കും.
പൊന്നാമറ്റത്തെ സ്വത്ത് തട്ടിയെടുക്കാന്‍ റോയ് തോമസിന്റെ ഭാര്യയായിരുന്ന ജോളി വ്യാജ ഒസ്യത്ത് തയ്യാറാക്കിയതിനെതിരെയുള്ള രഹസ്യ അന്വേഷണത്തിലാണ് കൊലപാതക പരമ്പരയുടെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തായാത്.
റിട്ട. വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥന്‍ കൂടത്തായി പൊന്നാമറ്റം ടോം തോമസ് (66), ഭാര്യ റിട്ട. അധ്യാപിക അന്നമ്മ (57), മകന്‍ റോയി തോമസ് (40), ബന്ധുവായ യുവതി സിലി, സിലിയുടെ മകള്‍ അല്‍ഫോന്‍സ( 2), അന്നമ്മയുടെ സഹോദരന്‍ മാത്യു മഞ്ചാടിയില്‍ (68), എന്നിവരാണ് മരണപ്പെട്ടത്. 2002 ലാണ് അന്നമ്മയുടെ മരണം. ടോം തോമസ് 2008ലും റോയി 2011ലും മാത്യു 2014ലുമാണ് മരിച്ചത്. പിന്നീട് സിലിയുടെ കുട്ടിയും തുടര്‍ന്ന് 2016ല്‍ സിലിയും മരിച്ചു.