Connect with us

Kerala

പത്തനംതിട്ടയിലെ വാഹനം കത്തിക്കല്‍ പരമ്പര; പ്രതി അറസ്റ്റില്‍

ടിപ്പര്‍, ഓട്ടോറിക്ഷ ഉള്‍പ്പെടെ 10 വാഹനങ്ങള്‍ 2022ല്‍ പ്രതി അടൂരില്‍ കത്തിച്ചിരുന്നു

Published

|

Last Updated

പത്തനംതിട്ട  | പത്തനംതിട്ടയില്‍ ഗ്യാസ് സിലിണ്ടര്‍ നിറച്ച വാഹനവും, സ്‌കൂള്‍ ബസ്സും കത്തിച്ച കേസില്‍ പ്രതിയെ പോലിസ് അറസ്റ്റ് ചെയ്തു. അടൂര്‍ അമ്മകണ്ടകര കലാ ഭവനം വീട്ടില്‍ ഉണ്ണി എന്ന് വിളിക്കുന്ന ശ്രീജിത്ത് (27) ആണ് അറസ്റ്റിലായത്. 13ന് രാത്രി 11 മണിക്ക് ശേഷമാണ് പത്തനംതിട്ട മാക്കാംകുന്ന് സജീവ് മാത്യു ജോസഫിന്റെ ഉടമസ്ഥതയിലുള്ള സരോജ് ഗ്യാസ് ഏജന്‍സിയുടെ കോമ്പൗണ്ടില്‍ സിലിണ്ടര്‍ ലോഡ് ചെയ്തുകിടന്ന വാഹനം പ്രതി കത്തിച്ചത്. സംഭവത്തില്‍ 4 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. ഗ്യാസ് ഏജന്‍സിയുടെ ഗോഡൗണും, ഉടമയുടെ വീടും നിലനില്‍ക്കുന്ന സ്ഥലത്താണ് വാഹനം നിര്‍ത്തിയിട്ടിരുന്നത്. ഗ്യാസ് ഏജന്‍സിയുടെ താഴത്തെ നിലയിലെ ഒരു ഇരുമ്പ് ഷട്ടറും കത്തിനശിച്ചു. ജീവനക്കാര്‍ സമയത്ത് കണ്ട് തീ അണച്ചതിനാല്‍ ഓഫീസിനോ വീടിനോ നാശനഷ്ടങ്ങള്‍ ഉണ്ടായില്ല. അല്ലായിരുന്നെങ്കില്‍ വന്‍ ദുരന്തമാണ് ഉണ്ടാകുമായിരുന്നത്. ഗോഡൗണില്‍ 500 ഓളം ഗ്യാസ് നിറച്ച സിലിണ്ടറുകള്‍ സൂക്ഷിച്ചിട്ടുണ്ടായിരുന്നു.

പിറ്റേന്ന് പുലര്‍ച്ചെ 12 മണിക്ക് ശേഷമാണ് കരിമ്പിനാക്കുഴി എവര്‍ഷൈന്‍ സ്‌കൂളിന്റെ ബസ് കത്തിച്ചത്. ഇതില്‍ 7 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ബസ്സിന്റെ ബാറ്ററിയുടെ ഭാഗത്താണ് തീ കൊളുത്തിയത്. സ്‌കൂളിലെ സി സി ടി വി യില്‍ നിന്നും അന്വേഷണസംഘം ദൃശ്യങ്ങള്‍ ശേഖരിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് പ്രതിയിലേക്കെത്തിയത്. മുത്തൂറ്റ് ആശുപത്രിയിലെ കാന്റീനില്‍ ജോലി ചെയ്തു വരികയാണ് പ്രതി. സംഭവ സ്ഥലത്തു നിന്നും ഒരു കിലോമീറ്റര്‍ മാറിയാണ് ഇയാളുടെ താമസം. ഇവിടെ നിന്നാണ് പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

മാസങ്ങളായി അടൂര്‍ നഗരത്തെ ഭീതിയിലാഴ്ത്തും വിധം വാഹനം കത്തിക്കല്‍ പരമ്പര നടത്തുകയും പോലീസിനെ വട്ടം ചുറ്റിക്കുകയും ചെയ്ത പ്രതിയാണ് ശ്രീജിത്ത്. അടൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ വിവിധ സ്ഥലങ്ങളില്‍ ടിപ്പര്‍, ഓട്ടോറിക്ഷ ഉള്‍പ്പെടെ 10 വാഹനങ്ങളാണ് ഇയാള്‍ കത്തിച്ചത്. 2022ലായിരുന്നു വാഹനം കത്തിക്കല്‍ പരമ്പര ഇയാള്‍ നടത്തിയത്. പത്തനംതിട്ട ഡി വൈ എസ് പി എസ് നന്ദകുമാറിന്റെ മേല്‍നോട്ടത്തില്‍ നടന്ന അന്വേഷണത്തില്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ ഡി ഷിബു കുമാര്‍, എസ് ഐമാരായ ജിനു, രാജേഷ് കുമാര്‍, എസ് സി പി ഓ മാരായ രാജേഷ്, വിജീഷ്, സി പി ഓമാരായ അഖില്‍, അഷ്ഫാക്, ശ്രീലാല്‍, അഷര്‍ മാത്യു എന്നിവരാണ് ഉണ്ടായിരുന്നത്. വിശദമായ ചോദ്യം ചെയ്യലിനെതുടര്‍ന്ന് കുറ്റം സമ്മതിച്ച പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

 

Latest