National
സംഭാവനകളുടെ കണക്കില്‍ ഗുരുതര നിയമലംഘനം വ്യക്തം; ബി ജെ പിക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ്സ്
2017ല്‍ കിട്ടിയ 42 കോടിയുടെ സംഭാവനയുടെ വിവരങ്ങള്‍ ബി ജെ പി ലഭ്യമാക്കിയിട്ടില്ല.

ന്യൂഡല്‍ഹി | ആദായനികുതി വകുപ്പിനും ബി ജെ പിക്കുമെതിരെ കടുത്ത ആരോപണങ്ങളുമായി കോണ്‍ഗ്രസ്സ്. ബി ജെ പിക്കു ലഭിച്ച സംഭാവനകളില്‍ ഗുരുതരമായ നിയമലംഘനം നടന്നിട്ടുണ്ടെന്ന് കോണ്‍ഗ്രസ്സ് ട്രഷറര്‍ അജയ് മാക്കന്‍ പറഞ്ഞു. കോണ്‍ഗ്രസ്സിന് വീണ്ടും ആദായനികുതി വകുപ്പ് നോട്ടീസ് അയച്ച സാഹചര്യത്തിലാണ് പാര്‍ട്ടിയുടെ പ്രതികരണം.
കഴിഞ്ഞ ഏഴ് വര്‍ഷമായി ബി ജെ പിക്ക് കിട്ടിയ സംഭാവനകളുടെ കണക്കില്‍ നിയമലംഘനം വ്യക്തമാണെന്നും 2017ല്‍ കിട്ടിയ 42 കോടിയുടെ സംഭാവനയുടെ വിവരങ്ങള്‍ ബി ജെ പി ലഭ്യമാക്കിയിട്ടില്ലെന്നും മാക്കന്‍ ആരോപിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റില്‍ ബി ജെ പിക്ക് കിട്ടിയ സംഭാവനയുടെ പൂര്‍ണവിവരങ്ങളോ സംഭാവന നല്‍കിയ 92 പേരുടെ വിവരങ്ങളോ ഇല്ല. എത്ര സംഭാവന കിട്ടി എന്നതും വ്യക്തമാക്കിയിട്ടില്ല. കോണ്‍ഗ്രസ്സിന് പിഴ ചുമത്തിയ മാനദണ്ഡം കണക്കാക്കിയാല്‍ ബി ജെ പി 4,600 കോടി രൂപ പിഴയൊടുക്കേണ്ടതുണ്ട്. ബി ജെ പിയില്‍ നിന്ന് പിഴ ഈടാക്കാന്‍ കോടതിയെ സമീപിക്കുമെന്നും അജയ് മാക്കന്‍ വ്യക്തമാക്കി.
കോണ്‍ഗ്രസ്സിന്റെ മനോവീര്യം തകര്‍ക്കാനാണ് ആദായനികുതി വകുപ്പിന്റെ ശ്രമമെന്നും മാക്കന്‍ ആരോപിച്ചു. സീതാറാം കേസരിയുടെ കാലം മുതലുള്ള കണക്കുകള്‍ ഉന്നയിച്ച് പ്രതിസന്ധിയിലാക്കാനാണ് ശ്രമം. നോട്ടീസ് നല്‍കി ഭയപ്പെടുത്താന്‍ നോക്കുന്നവര്‍ ഭയപ്പെടേണ്ടി വരും. മനോവീര്യം തകര്‍ക്കാന്‍ നോക്കിയാലും തിരഞ്ഞെടുപ്പ് പ്രചാരണം ശക്തമായി നടത്തും. പ്രചാരണ പ്രതിസന്ധി മറികടക്കാന്‍ പാര്‍ട്ടിക്ക് പ്ലാന്‍ ബിയുണ്ടെന്നും കോണ്‍ഗ്രസ്സ് നേതാവ് പറഞ്ഞു.
ആദായ നികുതി വകുപ്പിന്റെ നടപടിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാനും തീരുമാനിച്ചിട്ടുണ്ട്. അവധി കഴിഞ്ഞാല്‍ ഉടന്‍ ഹരജി നല്‍കും.
പല വര്‍ഷങ്ങളിലായുള്ള കണക്ക് പ്രകാരം 1823.08 കോടി രൂപയാണ് പിഴയും പലിശയുമടക്കം കോണ്‍ഗ്രസ് അടയ്‌ക്കേണ്ടത്. സീതാറാം കേസരിയുടെ കാലത്തെ പിഴ 53.9 കോടിയാണ്.