National
ഇന്ത്യക്ക് തിരിച്ചടി; മെഹുൽ ചോക്സിക്ക് എതിരായ റെഡ് കോർണർ നോട്ടീസ് ഇന്റർപോൾ പിൻവലിച്ചു
ഇന്റർപോളിന്റെ വാണ്ടഡ് ലിസ്റ്റിൽ നിന്ന് ചോക്സിയുടെ പേര് നീക്കം ചെയ്യുന്നതിനെ ഇന്ത്യ ശക്തമായി എതിർത്തെങ്കിലും ഫലമുണ്ടായില്ല.
ന്യൂഡൽഹി | പഞ്ചാബ് നാഷണൽ ബാങ്കിൽ 14,000 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ കേസിൽ അന്വേഷണം നേരിടുന്ന വജ്രവ്യാപാരി മെഹുൽ ചോക്സിക്കെതിരെ പുറപ്പെടുവിച്ച റെഡ് നോട്ടീസ് ഇന്റർപോൾ നീക്കം ചെയ്തു. നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസിക്കും സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷനും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനും ശക്തമായ തിരിച്ചടിയാണ് തീരുമാനം.
ഇന്റർപോളിന്റെ വാണ്ടഡ് ലിസ്റ്റിൽ നിന്ന് ചോക്സിയുടെ പേര് നീക്കം ചെയ്യുന്നതിനെ ഇന്ത്യ ശക്തമായി എതിർത്തെങ്കിലും ഫലമുണ്ടായില്ല. പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ് കേസിലെ മുഖ്യപ്രതി മെഹുൽ ചോക്സിക്കെതിരെ 2018 ഡിസംബറിലാണ് ഇന്റർപോൾ റെഡ് കോർണർൽ നോട്ടീസ് പുറപ്പെടുവിച്ചത്.
മെഹുൽ ചോക്‌സിയെ ഇന്ത്യയിൽ നിന്ന് നാടുകടത്താനുള്ള ശ്രമം അദ്ദേഹത്തെ തട്ടിക്കൊണ്ടുപോകാനുള്ള പദ്ധതിയായിരിക്കാൻ സാധ്യതയുമുണ്ടെന്ന് കണ്ടെത്തിയാണ് ഇന്റർപോൾ നടപടി. റെഡ് നോട്ടീസ് നീക്കം ചെയ്തതോടെ മെഹുൽ ചോക്സിക്ക് ആന്റിഗ്വയ്ക്കും ബാർബുഡയ്ക്കും പുറത്തേക്ക് സഞ്ചരിക്കാനാകും. മെഹുൽ ചോക്സിക്ക് ആന്റിഗ്വ, ബാർബുഡ എന്നീ രാജ്യങ്ങളിൽ പൗരത്വമുണ്ട്.
തനിക്കെതിരായ റെഡ് കോർണർ നോട്ടീസ് പുനഃപരിശോധിക്കണെന്ന് ആവശ്യപ്പെട്ട് ചോക്സി കഴിഞ്ഞ വർഷം ഇന്റർപോളിന് സമീപിച്ചിരുന്നു.