National
മണിപ്പൂരിൽ ബിജെപി സർക്കാറിന് തിരിച്ചടി; കുക്കി പാർട്ടി പിന്തുണ പിൻവലിച്ചു
സംസ്ഥാനത്ത് സംഘർഷം രൂക്ഷമായ പശ്ചാത്തലത്തിലാണ് തീരുമാനം.
ഇംഫാൽ | അക്രമ സംഭവങ്ങൾ തുടരുന്നതിനിടെ മണിപ്പൂരിലെ ബിജെപി സർക്കാറിന് തിരിച്ചടി. കുക്കി പീപ്പീൾസ് അലയൻസ് പാർട്ടി ബിരേൺ സിംഗ് സർക്കാറിനുള്ള പിന്തുണ പിൻവലിച്ചു. സംസ്ഥാനത്ത് സംഘർഷം രൂക്ഷമായ പശ്ചാത്തലത്തിലാണ് തീരുമാനം.
ഗോത്ര വർഗ പാർട്ടിയായ കുക്കി പീപ്പിൾസ് അലയൻസ് ഗവർണർ അനുസൂയ യുകെയ്ക്ക് അയച്ച കത്തിലാണ് പിന്തുണ പിൻവലിക്കുന്നതായി അറിയിച്ചത്. രണ്ട് അംഗങ്ങളാണ് പാർട്ടിക്ക് നിയമസഭയിൽ ഉള്ളത്.
54 അംഗ മണിപ്പൂർ നിയമസഭയിൽ ബിജെപിക്ക് 37 അംഗങ്ങളാണുള്ളത്. എൻ പി പി ഏഴ്, എൻ പി എഫ് അഞ്ച്, കെ പി എ രണ്ട്, സ്വതന്ത്രർ മൂന്ന് എന്നിങ്ങനെയായിരുന്നു ബിജെപിയുടെ സഖ്യകക്ഷികളുടെ എണ്ണം. പ്രതിപക്ഷത്ത് കോൺഗ്രസിന് അഞ്ച് അംഗങ്ങളും ജെഡിയുവിന് ഒരു അംഗവുമാണുള്ളത്.
പട്ടികവർഗ (എസ്ടി) പദവി നൽകണമെന്ന മെയ്തെയ് സമുദായത്തിന്റെ ആവശ്യത്തിൽ പ്രതിഷേധിച്ച് മെയ് 3 ന് മലയോര ജില്ലകളിൽ ‘ട്രൈബൽ സോളിഡാരിറ്റി മാർച്ച്’ സംഘടിപ്പിച്ചതിന് പിന്നാലെയാണ് മണിപ്പൂരിൽ സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. പിന്നീട് കുക്കി – മെയ്തെയ് വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷത്തിൽ ഇതുവരെ 160ഓളം പേർ കൊല്ലപ്പെട്ടു.