Connect with us

Kerala

കേരളത്തിലെ തിരിച്ചടി ദേശീയ തലത്തില്‍ സി പി എമ്മിന്റെ ഇടപെടല്‍ ശേഷിയെ തളര്‍ത്തും

കേരളത്തില്‍ നിന്നു പരമാവധി സീറ്റുകള്‍ സമാഹരിക്കുക എന്ന ലക്ഷ്യത്തോടെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പോലും വലിയ സൂക്ഷമതയാണു സി പി എം പുലര്‍ത്തിയത്. പോളിറ്റ് ബ്യൂറോ അംഗം, കേന്ദ്രകമ്മിറ്റി അംഗങ്ങള്‍, മന്ത്രി, മുന്‍ മന്ത്രിമാര്‍, സിറ്റിങ്ങ് എം എല്‍ എമാര്‍ തുടങ്ങി ഉന്നത നേതാക്കളെ സി പി എം മത്സരരംഗത്തിറക്കി. എന്നിട്ടും കേരളത്തില്‍ വിജയം നേടാന്‍ കഴിഞ്ഞില്ല.

Published

|

Last Updated

കോഴിക്കോട് | കേരളത്തില്‍ എല്‍ ഡി എഫിനുണ്ടായ തിരിച്ചടി ദേശീയ തലത്തില്‍ സി പി എമ്മിന്റെ ഇടപെടല്‍ ശേഷിയെ തളര്‍ത്തും. ഇന്ത്യാ സഖ്യത്തിന്റെ നായകരില്‍ പ്രധാനിയായ സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിച്ചു മുന്നോട്ടു പോകുന്നതിനിടെയാണ് കേരളത്തില്‍ കനത്ത തിരിച്ചടിയുണ്ടാവുന്നത്. എന്‍ ഡി എ സഖ്യം അധികാരത്തില്‍ എത്തുകയാണെങ്കില്‍ ഒന്നാം യു പി എ സര്‍ക്കാറില്‍ സുപ്രധാന സ്വാധീന ശക്തിയായതുപോലെ ഇന്ത്യാ സഖ്യ സര്‍ക്കാറിലും സുപ്രധാന ശക്തിയാവുമായിരുന്ന സി പി എമ്മിന് സീറ്റുകള്‍ കുറയുന്നത് ദേശീയ തലത്തില്‍ വലിയ ആഘാതമാവും.

കേരളത്തില്‍ നിന്നു പരമാവധി സീറ്റുകള്‍ സമാഹരിക്കുക എന്ന ലക്ഷ്യത്തോടെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പോലും വലിയ സൂക്ഷമതയാണു സി പി എം പുലര്‍ത്തിയത്. പോളിറ്റ് ബ്യൂറോ അംഗം, കേന്ദ്രകമ്മിറ്റി അംഗങ്ങള്‍, മന്ത്രി, മുന്‍ മന്ത്രിമാര്‍, സിറ്റിങ്ങ് എം എല്‍ എമാര്‍ തുടങ്ങി ഉന്നത നേതാക്കളെ സി പി എം മത്സരരംഗത്തിറക്കി. എന്നിട്ടും കേരളത്തില്‍ വിജയം നേടാന്‍ കഴിഞ്ഞില്ല.

ലോകസഭാ തിരഞ്ഞെടുപ്പിലെ വോട്ടിങ്ങ് പാറ്റേണ്‍ തന്നെയാണ് തിരിച്ചടിയായതെന്നാണ് സി പി എമ്മിന്റെ പ്രാഥമിക വിശകലനം. കേന്ദ്രത്തില്‍ ബി ജെ പിക്കെതിരായ മതേതര സര്‍ക്കാര്‍ ഉണ്ടാവണമെന്ന മതേതര സമൂഹത്തിന്റെയും മത ന്യൂനപക്ഷ വിഭാഗങ്ങളുടേയും നിലപാട് കോണ്‍ഗ്രസ്സിന് അനുകൂലമായിത്തീരുന്നതാണ് കേരളത്തിലെ രീതിയെന്നാണ് വിലയിരുത്തപ്പെടുന്നത്. 2019ല്‍ പാര്‍ലിമെന്റ് തിരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി നേരിട്ടപ്പോള്‍ തൊട്ടുപിന്നാലെ വന്ന തദ്ദേശ ഭരണ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും നേട്ടമുണ്ടാക്കിയതുപോലെ പരാജയം രാഷ്ട്രീയ അടിത്തറയെ ബാധിക്കില്ലെന്നാണ് സി പി എം കരുതുന്നത്.

എന്നാല്‍ സംസ്ഥാന സര്‍ക്കാറിനെതിരായ ഭരണ വിരുദ്ധ വികാരം തിരഞ്ഞെടുപ്പില്‍ തിരിച്ചടിക്കു കാരണമായിട്ടുണ്ടെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. യു ഡി എഫ് സ്ഥാനാര്‍ഥികളുടെ ഉയര്‍ന്ന ഭൂരിപക്ഷം ഇതാണ് കാണിക്കുന്നതെന്നാണ് കരുതുന്നത്. രണ്ടാം പിണറായി സര്‍ക്കാര്‍ ഭരണത്തില്‍ ജനങ്ങള്‍ കടുത്ത അസംതൃപ്തരാണെന്നാണെന്നതിന്റെ പ്രതികരണമായി ഫലം വിലയിരുത്തപ്പെടുന്നുണ്ട്. ക്ഷേമ പെന്‍ഷന്‍ മുടങ്ങിയതും മാവേലി സ്റ്റോറുകളില്‍ ഭക്ഷ്യവസ്തുക്കളുടെ ലഭ്യതയില്ലാതായതും സാധാരണ ജനങ്ങളുടെ അപ്രീതിക്ഷണിച്ചു വരുത്തി. കേന്ദ്രസര്‍ക്കാര്‍ അര്‍ഹമായ വിഹിതം നല്‍കാത്തതാണ് സംസ്ഥാനത്തിന്റെ പ്രതിസന്ധിക്കു കാരണമെന്നു സര്‍ക്കാര്‍ പറഞ്ഞെങ്കിലും ജനങ്ങളെ ഇക്കാര്യം ബോധ്യപ്പെടുത്താന്‍ കഴിഞ്ഞില്ല. പെന്‍ഷന്‍ നല്‍കാതെ സര്‍ക്കാര്‍ ധൂര്‍ത്തുകള്‍ നടത്തുന്നു എന്ന പ്രചാരണങ്ങള്‍ക്ക് മേല്‍ക്കൈ ലഭിക്കുകയും ചെയ്തു.

2023 ല്‍ മുഖ്യമന്ത്രിയും മന്ത്രിമാരും ജനങ്ങള്‍ക്കിടയിലേക്ക് സഞ്ചരിച്ച നവകേരള സദസ്സ് വന്‍ ജനങ്ങളെ അണിനിരത്തിയെങ്കിലും പരിപാടി ഫലത്തില്‍ സര്‍ക്കാറിന് ക്ഷതമേല്‍പ്പിക്കകുയാണ് ചെയ്തത്. മുഖ്യമന്ത്രിക്കും മന്ത്രിക്കും സഞ്ചരിക്കാന്‍ ഒരു കോടി രൂപ ചെലവഴിച്ച് ആഡംബര ബസ്സ് വാങ്ങിയെന്നത് സര്‍ക്കാറിനെതിരായ വലിയ പ്രചാരണമായിത്തീര്‍ന്നു. മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ നേരിട്ട രീതിയും വലിയ പ്രതിഷേധം ക്ഷണിച്ചു വരുത്തി. പ്രതിഷേധക്കാരെ പാര്‍ട്ടി പ്രവര്‍ത്തകര്‍ നേരിട്ടതിനെ ജീവന്‍ രക്ഷാ ശ്രമം എന്നനിലയില്‍ മുഖ്യമന്ത്രി പിന്തുണച്ചതോടെ സംഘര്‍ഷം രൂക്ഷമായതും നവകേരള സദസ്സിന്റെ പ്രതിഛായ കെടുത്തി.

പിന്നാലെ ഉയര്‍ന്നുവന്ന മാസപ്പടി വിവാദം രണ്ടു കമ്പനികള്‍ തമ്മിലുള്ള കരാറാണെന്നു പാര്‍ട്ടിയും മുഖ്യമന്ത്രിയും ന്യായീകരിക്കാന്‍ ശ്രമിച്ചെങ്കിലും ജനമനസ്സില്‍ ഇടപാടിന്റെ കറ മായ്ച്ചു കളയാന്‍ കഴിഞ്ഞില്ല. ഇത്തരത്തില്‍ ജനവികാരത്തെ ഗൗനിക്കാത്ത നിരവധി സംഭവങ്ങള്‍ സര്‍ക്കാറിന്റെയും പാര്‍ട്ടിയുടേയും പ്രതിച്ഛായ തകര്‍ത്തുവെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

ഫലസ്തീന്‍ വിഷയത്തിലും പൗരത്വ വിഷയത്തിലും പാര്‍ട്ടി രാഷ്ട്രീയമായി ഇടപെടല്‍ നടത്തിയെങ്കിലും അതു തിരഞ്ഞെടുപ്പു ലക്ഷ്യമിട്ടുള്ള നീക്കങ്ങളാണെന്ന പ്രചാരണങ്ങള്‍ ഇത്തരം രാഷ്ട്രീയ ഇടപെടലുകളുടെ ശോഭ കെടുത്തുന്നതിനും കാരണമായി. ഒന്നാം പിണറായി സര്‍ക്കാറില്‍ പ്രാഗല്‍ഭ്യം കാണിച്ച മന്ത്രിമാര്‍ക്കു പകരം വന്ന മന്ത്രിമാരുടെ പ്രകടനങ്ങള്‍ വളരെ മോശമാണെന്ന വിലയിരുത്തല്‍ പൊതുസമൂഹത്തില്‍ കരുത്തു നേടി. കരുവന്നൂര്‍ ബാങ്ക് ഇടപാടുകള്‍ പോലുള്ള സംഭവങ്ങള്‍ പാര്‍ട്ടിയുടെ പ്രതിച്ഛായ തകര്‍ക്കുകയും കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് ബി ജെ പി കേരളത്തിലെ സി പി എമ്മുമായി ഒത്തു തീര്‍പ്പിനു വഴി തുറന്നു എന്ന പ്രചാരണങ്ങള്‍ ശക്തി പ്രാപിക്കുകയും ചെയ്തു. ഇത്തരം രാഷ്ട്രീയ പ്രചാരണങ്ങളെ നേരിടാന്‍ കഴിയാത്തിരുന്നതും സി പി എമ്മിനു തിരിച്ചടിയായെന്നാണ് വിലയിരുത്തപ്പെടുന്നത്.

ദേശീയ തലത്തില്‍ വലിയ സമരങ്ങള്‍ നടത്തിയെങ്കിലും ബി ജെ പി സര്‍ക്കാറിന്റെ വര്‍ഗീയ നീക്കങ്ങള്‍ക്കെതിരെ പാര്‍ലിമെന്റില്‍ ശക്തമായ ഇടപെടല്‍ നടത്തിയെങ്കിലും അതു ജനങ്ങളുടെ പിന്‍തുണ നേടിയില്ല. തിരഞ്ഞെടുപ്പു കാലത്ത് ‘ഇടതുപക്ഷമില്ലെങ്കില്‍ നമ്മുടെ ഇന്ത്യയില്ല’ എന്ന പ്രചാരണം നടത്തിയെങ്കിലും ആ പ്രചാരണം പരിഹസിക്കപ്പെടുന്ന അവസ്ഥയാണുണ്ടായത്. രാജ്യത്ത് മതേതര സര്‍ക്കാറുകള്‍ രൂപപ്പെടുത്തുന്നതില്‍ ഹര്‍കിഷന്‍ സിങ്ങ് സുര്‍ജിത്ത് സെക്രട്ടറിയായിരുന്ന കാലത്ത് സി പി എം വഹിച്ചതുപോലുള്ള പങ്ക് നിര്‍വഹിക്കാന്‍ യെച്ചൂരിക്കു കഴിയുമെന്ന് വിലയിരുത്തപ്പെട്ടെങ്കിലും സീറ്റിന്റെ കാര്യത്തില്‍ പാര്‍ട്ടി പിന്നോട്ടു പോയതോടെ പാര്‍ട്ടിയുടെ ഇടപെടല്‍ ശേഷിയെ അതു ബാധിക്കുമെന്നാണു വിലയിരുത്തപ്പെടുന്നത്.