Connect with us

Kerala

കണ്ണൂരില്‍ ട്രെയിനില്‍വെച്ച് ഏഴ് വയസുകാരന് പൊള്ളലേറ്റ സംഭവം; പ്രാഥമിക ചികിത്സ പോലും കിട്ടിയില്ലെന്ന് മാതാവ്

സംഭവത്തില്‍ ടിടിഇയോട് സഹായം ആവശ്യപ്പെട്ടപ്പോള്‍ കിട്ടിയില്ലെന്നും രണ്ടര മണിക്കൂറോളം ചികിത്സ വൈകിയെന്നുമാണ് മാതാവിന്റെ പരാതി.

Published

|

Last Updated

കണ്ണൂര്‍| കണ്ണൂരില്‍ ട്രെയിനില്‍വെച്ച് ഏഴ് വയസുകാരന് പൊള്ളലേറ്റ സംഭവത്തില്‍ പ്രാഥമിക ചികിത്സ പോലും നിഷേധിച്ചെന്ന് മാതാവ്. സഹയാത്രികന്റെ കയ്യിലെ ചായ മറിഞ്ഞാണ് ഏഴു വയസ്സുകാരന് പൊള്ളലേറ്റത്. സംഭവത്തില്‍ ടിടിഇയോട് സഹായം ആവശ്യപ്പെട്ടപ്പോള്‍ കിട്ടിയില്ലെന്നും രണ്ടര മണിക്കൂറോളം ചികിത്സ വൈകിയെന്നുമാണ് മാതാവിന്റെ പരാതി. കുട്ടി ഇപ്പോള്‍ ഇരു തുടകളിലും ഇടതുകയ്യിലും ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലാണ്. സംഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ കേസെടുത്തിട്ടുണ്ട്. പാലക്കാട് ഡിവിഷണല്‍ റെയില്‍വെ മാനേജര്‍, റെയില്‍വെ പോലീസ് എന്നിവരോടാണ് ബാലാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടിയത്.

ജനുവരി മൂന്നിന് തലശ്ശേരിയില്‍ നിന്ന് മംഗളൂരുവിലേക്ക് മലബാര്‍ എക്‌സപ്രസിലാണ് മാതാവും കുഞ്ഞും കയറിയത്. കണ്ണപുരം കഴിഞ്ഞപ്പോഴാണ് കുട്ടിയ്ക്ക്പൊള്ളലേറ്റത്. പൊള്ളിയത് കണ്ടപ്പോള്‍ മാതാവ് സഹായം തേടി. എന്നാല്‍ പ്രാഥമിക ചികിത്സ നല്‍കുന്നതിനുപകരം റിസര്‍വേഷന്‍ കോച്ചില്‍ കയറിയതിന് പിഴയിടാനായിരുന്നു ഉദ്യോഗസ്ഥര്‍ ശ്രമിച്ചതെന്ന് മാതാവ് പറഞ്ഞു. സഹയാത്രികരും സഹായിച്ചില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

പിന്നീട് ഉള്ളാള്‍ സ്റ്റേഷനില്‍ ഇറങ്ങി ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. ട്രെയിനില്‍ ഫസ്റ്റ് എയ്ഡ് ബോക്‌സ് കോച്ചുകളില്ല. ഉള്ളത് ഗാര്‍ഡ് റൂമില്‍ ആണെന്നും അവിടേക്ക് ടിടിഇമാര്‍ എത്തിച്ചതുമില്ലെന്നും മാതാവ് പറഞ്ഞു. എന്നാല്‍ ടിടിഇമാര്‍ അടുത്ത സ്റ്റേഷനിലും കണ്‍ട്രോള്‍ റൂമിലും വിവരം അറിയിച്ചിരുന്നുവെന്നാണ് റെയില്‍വെയുടെ മറുപടി.

 

 

 

Latest