യുദ്ധഭൂമിയിലൂടെ
ചരിത്രത്തിലിടം നേടിയ തണൽമരം
കുറച്ചുകൂടി യാത്ര ചെയ്താൽ സന്ദർശകർക്ക് ആവേശം പകരുന്ന "ശജറ മുബാറക' യുടെ ചാരത്ത് എത്താവുന്നതാണ്. വിശാലമായ മരുഭൂമിയിൽ പടർന്നു പന്തലിച്ച് ഒറ്റപ്പെട്ടു നിൽക്കുന്ന ഒരു മരം. ഒരു തടിയിൽ അനേക ശിഖരങ്ങളുള്ള പന്തൽ പോലെ തോന്നിക്കുന്ന മരം ആരുടെയും ശ്രദ്ധ ആകർഷിക്കുന്നതാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് അനേകം സഞ്ചാരികൾ ഈ മരം കാണാനും ചുവട്ടിലിരിക്കാനും അവിടെയെത്തുന്നുണ്ട്.
ഇറാഖിൽ നിന്ന് ജോർദാനിലേക്കുള്ള യാത്ര ഒരിക്കൽ ബസ് മാർഗമായിരുന്നു. ഏറെ ദൂരം സഞ്ചരിക്കാനുണ്ടെങ്കിലും ഹൃദ്യമായ ഒരു യാത്രയായിരുന്നു അത്. ഉച്ചഭക്ഷണം ബസിൽ തന്നെ കരുതിയിരുന്നു. യാത്രാമധ്യേ ഒരിടത്തിറങ്ങി ഭക്ഷണവും നിസ്കാരവും കഴിഞ്ഞു വീണ്ടും ജോർദാൻ അതിർത്തിയിലേക്ക് യാത്ര തിരിച്ചു. മഗ്്രിബിന് ശേഷം അതിർത്തിയിലെത്തി. അതിർത്തിയിൽ വിശാല സൗകര്യമുള്ള പള്ളിയിൽ താമസിച്ചു. സ്ത്രീകൾക്ക് വേറെയും പുരുഷന്മാർക്ക് വേറെയും സൗകര്യം ഒരുക്കുന്നതിൽ പള്ളിയിലെ ജീവനക്കാർ സന്തോഷത്തോടെ സഹകരിച്ചു. ഭക്ഷ്യവസ്തുക്കൾ കരുതിയെങ്കിലും പള്ളിയിലെ ജീവനക്കാരും അവരുടെ വകയായി സത്കാരം ഏർപ്പെടുത്തി.
നേരം പുലർന്ന്, നിസ്കാര ശേഷം രാവിലത്തെ ഭക്ഷണം കഴിച്ച് ഇറാഖ് അതിർത്തിയിൽ നിന്നും ജോർദാൻ അതിർത്തിയിലേക്ക് പ്രവേശിച്ചു. പൊതുവെ, ജോർദാൻ യാത്ര സമാധാനപരമാണ്. വിസ നേരത്തെ എടുക്കേണ്ടതില്ലാത്തതിനാൽ ചില പരിശോധനകളും മറ്റും വേണമെങ്കിലും യാത്രക്കാർ സമാധാനത്തോടു കൂടിയാണ് ജോർദാനിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി യാത്ര ആരംഭിക്കുന്നത്. അതിർത്തിയിൽ നിന്നും കുറച്ചു ദൂരം സഞ്ചരിച്ച് ഭക്ഷണത്തിനും നിസ്കാരത്തിനുമായി വഴിമധ്യേയുള്ള ഹോട്ടലിൽ കയറി. ശേഷം കുറച്ചുകൂടി യാത്ര ചെയ്താൽ സന്ദർശകർക്ക് ആവേശം പകരുന്ന “ശജറ മുബാറക’ യുടെ ചാരത്ത് എത്താവുന്നതാണ്. വിശാലമായ മരുഭൂമിയിൽ പടർന്നു പന്തലിച്ച് ഒറ്റപ്പെട്ടു നിൽക്കുന്ന ഒരു മരം. ഒരു തടിയിൽ അനേക ശിഖരങ്ങളുള്ള പന്തൽ പോലെ തോന്നിക്കുന്ന മരം ആരുടെയും ശ്രദ്ധ ആകർഷിക്കുന്നതാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് അനേകം സഞ്ചാരികൾ ഈ മരം കാണാനും ചുവട്ടിലിരിക്കാനും അവിടെയെത്തുന്നുണ്ട്. ജോർദാൻ ഭരണകൂടം സംഘടിപ്പിച്ച പണ്ഡിത സമ്മേളനത്തിന്റെ ഭാഗമായി നിരവധി പണ്ഡിതന്മാർ അവിടെ എത്തിയിരുന്നു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രഗത്ഭരായ പണ്ഡിതന്മാർ അവിടെ ഒത്തുകൂടുകയും മരത്തിന്റെ ചാരത്ത് പ്രത്യേകമായി നിർമിക്കപ്പെട്ട കെട്ടിടം അന്ന് ഉദ്ഘാടനം നടക്കുകയും ചെയ്തു.
തിരുനബി(സ) തങ്ങൾക്ക്, തണലിട്ട മരം എന്നാണ് ഇതിനെ വിശേഷിപ്പിക്കപ്പെടുന്നത്. ലോകപ്രസിദ്ധരായ പല പണ്ഡിതരും ഇതിനെ അംഗീകരിച്ചിട്ടുണ്ട്. ചിലരൊക്കെ പ്രാമാണികമായി ഇത് തെളിയിക്കപ്പെട്ടിട്ടില്ലെന്ന് പറയുന്നുണ്ട്.
നബി( സ ) തങ്ങൾ ശാമിലേക്ക് രണ്ട് തവണ നുബുവത്തിന് മുമ്പ് യാത്ര നടത്തിയിട്ടുണ്ടെന്ന് ചരിത്രത്തിൽ അവിതർക്കിതമായ കാര്യമാണ്.
ഒമ്പതാമത്തെ വയസ്സിൽ അബൂത്വാലിബിനോടൊപ്പവും ഇരുപത്തിയഞ്ചാമത്തെ വയസ്സിൽ കച്ചവടാവശ്യാർഥം മൈസറത്തിനോടൊപ്പവും യാത്രകൾ നടത്തിയിട്ടുണ്ട്. “ബിലാദുശ്ശാം’ എന്ന പേരിലറിയപ്പെടുന്ന രാജ്യങ്ങളിൽ ഒന്നാണ് ജോർദാൻ. സിറിയയും ഫലസ്തീനും മറ്റു ചില രാജ്യങ്ങളുടെ ഭാഗങ്ങളും ഈ പേരിലറിയപ്പെടുന്നുണ്ട്.
മൈസറത്തിനോടൊപ്പമുള്ള യാത്രയിൽ ബീവി ഖദീജ(റ) യുടെ കച്ചവട വസ്തുക്കൾ വിൽപ്പന നടത്താനായിരുന്നു നബി(സ)തങ്ങൾ ഈ രാജ്യത്തേക്ക് പുറപ്പെട്ടത്.
കച്ചവടത്തിനാവശ്യമായ മുതൽമുടക്കിറക്കൽ ഖദീജ ബീവിയും കച്ചവടം എന്ന പ്രവൃത്തി നബി(സ)തങ്ങളും നിർവഹിച്ചു. ലാഭം പകുതിയും പകുതിയും ഇങ്ങനെയായിരുന്നു ആ കച്ചവട വ്യവസ്ഥ. മുതലിറക്കി ഒരാൾ സഹകരിക്കുമ്പോൾ, മറ്റൊരാൾ കച്ചവടം ചെയ്ത് സഹകരിക്കുന്നു. ഇസ്‌ലാം അംഗീകരിച്ച ഒരു കച്ചവട രീതിയാണിത്. ഈ കച്ചവടത്തിനു വേണ്ടി യാത്ര ചെയ്യുമ്പോൾ, വിശാലമായ മരുഭൂമിയിൽ തണൽവൃക്ഷങ്ങൾ കാണുന്നത് കുറവാണ്. അത്തരം വൃക്ഷങ്ങൾ ശ്രദ്ധയിൽ പെടുമ്പോൾ അതിന്റെ ചുവട്ടിൽ വിശ്രമിക്കാനിരിക്കുന്നത് യാത്രക്കാരനെ സംബന്ധിച്ചിടത്തോളം വലിയ സന്തോഷമുള്ള കാര്യമാണ്. മൈസറത്ത് ഖദീജ ബീവിയുടെ അടിമയാണ്.നബി(സ)യുടെ സഹയാത്രികനാണ്. ഈ മരത്തിന്റെ ചുവട്ടിൽ നബി (സ) തങ്ങൾ വിശ്രമിക്കുന്നു. തൊട്ടപ്പുറത്ത് “നസ്ത്തൂറ’ എന്ന ക്രിസ്തീയ പുരോഹിതന്റെ പർണശാലയുണ്ട്.
പലപ്പോഴും യാത്രാമധ്യേ മൈസറത്ത് നസ്ത്തൂറയുടെ ചാരത്ത് പോകാറുണ്ട്. നസ്ത്തൂറയുമായി പരിചയമുണ്ട്, സംസാരിക്കാറുണ്ട്. ഈ യാത്രയിൽ നസ്ത്തൂറ മൈസറത്തിനോട് ചോദിച്ചു. “ആ മരച്ചുവട്ടിൽ ഇരിക്കുന്ന ആൾ ആരാണ്?’ “അത് എന്റെ സഹയാത്രികനായ മുഹമ്മദാണ്. ഞങ്ങൾ കച്ചവടത്തിനു വേണ്ടി പോകുകയാണ്.’
അപ്പോഴാണ് നസ്ത്തൂറ മൈസറത്തിനോട് ആ കാര്യം ഓർമിപ്പിക്കുന്നത്. പ്രവാചകനായ ഈസാ നബി(അ) ആ മരത്തിന്റെ ചുവട്ടിൽ തണൽ കൊള്ളാൻ ഇരുന്നിട്ടുണ്ടായിരുന്നു.
മരത്തിന്റെ ചുവട്ടിൽ നിന്ന് എഴുന്നേറ്റ് പോകുമ്പോൾ അവിടുന്നു പറഞ്ഞു.
“ഇനി എന്റെ ശേഷം ഈ മരത്തിന്റെ ചുവട്ടിലേക്ക് തണൽ കൊള്ളാൻ വരുന്ന ആൾ പ്രവാചകനാണ്, അവസാനത്തെ നബിയാണ്.’
ഞങ്ങൾ ആ വൃക്ഷത്തിന്റെ അടുത്തെത്തിയപ്പോൾ വിശാലമായി പരന്ന് കിടക്കുന്ന ആ മരം തണൽ വിരിച്ചു നിൽക്കുകയായിരുന്നു. ആ മരത്തിന്റെ ചുവട്ടിൽ കുറേ സമയം ഇരിക്കുകയും മൗലിദ് പാരായണം നടത്തുകയും, തിരു നബി(സ) തങ്ങളുടെ യാത്രകളെ കുറിച്ചും അവിടുത്തെ ചെറുപ്പകാലത്തെ കുറിച്ചും സംസാരിക്കുകയും ചെയ്തു. ഗവൺമെന്റ് നിശ്ചയിച്ച പാറാവുകാരുണ്ട്. സന്ദർശകർക്ക് ആവശ്യമായ നിർദേശങ്ങൾ നൽകുകയും, ചരിത്രപരമായ കാര്യങ്ങൾ വിശദീകരിച്ചു കൊടുക്കുകയും ചെയ്യുന്നുണ്ട്.
യാത്രക്കാരിലെ പലരും ആ വൃക്ഷത്തിന്റെ കമ്പുകൾ മുറിച്ചെടുക്കാൻ ആവേശം കാണിച്ചപ്പോൾ അവിടെയുള്ള ഉദ്യോഗസ്ഥർ അങ്ങനെ മുറിച്ചെടുക്കാൻ പാടില്ലെന്ന് പറയുകയും താത്്പര്യമുള്ളവർക്ക് വീണു കിടക്കുന്ന കമ്പുകൾ പെറുക്കിയെടുക്കാൻ സമ്മതം നൽകുകയും ചെയ്തു. അത് പ്രകാരം യാത്രക്കാരായ പലരും ആ കമ്പുകൾ വെറുക്കിയെടുത്ത് തിരുനബി(സ) തങ്ങളുടെ യാത്രാസ്മരണകൾ ഓർക്കാൻ സഹായകമാകും വിധം അത് സൂക്ഷിക്കുകയും ചെയ്യുന്നുണ്ട്.