Connect with us

National

രാജ്യത്ത് ദളിതര്‍ക്കെതിരായ അതിക്രമങ്ങളില്‍ ഗണ്യമായ വര്‍ധന; നാല് വര്‍ഷത്തിനിടെ രജിസ്റ്റര്‍ ചെയ്തത് 1,89,954 കേസുകള്‍

ദളിതര്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ ഏറ്റവും കൂടുതല്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് ഉത്തര്‍പ്രദേശിലാണ്

Published

|

Last Updated

ന്യൂഡല്‍ഹി |  രാജ്യത്ത് ദളിതര്‍ക്കെതിരായ അതിക്രമങ്ങളില്‍ വന്‍ വര്‍ധനയെന്ന് കണക്കുകള്‍. 2018 മുതല്‍ കഴിഞ്ഞ നാലുവര്‍ഷങ്ങളിലായി ദിളിതര്‍ക്കെതിരായ അതിക്രമങ്ങലില്‍ 1,89,945 കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ട്. 2021ല്‍ പ്രസിദ്ധീകരിച്ച നാഷണല്‍ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്കുകള്‍ ഉദ്ധരിച്ച് കേന്ദ്രസര്‍ക്കാരാണ് പാര്‍ലമെന്റില്‍ ഇക്കാര്യം അറിയിച്ചത്.

ബഹുജന്‍ സമാജ് പാര്‍ട്ടി എംപി ഗിരീഷ് ചന്ദ്രയുടെ ചോദ്യത്തിന് മറുപടിയായി കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് കുമാര്‍ മിശ്രയാണ് ഇക്കാര്യം അറിയിച്ചത്. ഇത്തരം സംഭവങ്ങള്‍ നിരീക്ഷിക്കാന്‍ എന്തെങ്കിലും സംവിധാനമുണ്ടോ എന്ന് ബിഎസ്പി എംപി ചോദിച്ചിരുന്നു. എന്നാല്‍ നാഷണല്‍ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ പ്രസിദ്ധീകരിച്ച കണക്കുകള്‍ 2021ലേതായതുകൊണ്ട് തന്നെ കഴിഞ്ഞ വര്‍ഷത്തെ കണക്കുകള്‍ ആഭ്യന്തര സഹമന്ത്രി അവതരിപ്പിച്ചില്ല.

2018 മുതല്‍ 21 വരെ നാല് വര്‍ഷത്തിനിടെ ദളിതര്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ 27,754 പേരാണ് ശിക്ഷിക്കപ്പെട്ടത്. 2018ല്‍ 11,924, 2019ല്‍ 11,829, 2020ല്‍ 12,714, 2021ല്‍ 13,146 എന്നിങ്ങനെയാണ് കണക്കുകള്‍. ദളിതര്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ ഏറ്റവും കൂടുതല്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് ഉത്തര്‍പ്രദേശിലാണ്.

അതേസമയം മണിപ്പൂര്‍, മേഘാലയ, മിസോറാം, നാഗാലാന്‍ഡ്, ലക്ഷദ്വീപ്, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ എന്നിവിടങ്ങളില്‍ കഴിഞ്ഞ നാല് വര്‍ഷമായി ദളിതര്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ ഒന്നും തന്നെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.