prathivaram book review
തീ പിടിച്ച ആകാശവും കുടിയിറക്കപ്പെട്ട കുഞ്ഞുങ്ങളും
മരണം സ്വർഗത്തിൽനിന്ന് പൊഴിഞ്ഞു വീഴുന്ന ഒന്നാണെന്ന പോലെ അനീതിയെ ധൈര്യപൂർവം എതിർത്തു നിൽക്കുന്ന ഗ്രാമങ്ങളെയും എഴുത്തുകാരി കാട്ടിത്തരുന്നു. സിറിയയിലെ ഓരോ ഗ്രാമത്തിനും അർഥവത്തായ പേരുകളുണ്ട്. ആ പേരുകൾക്ക് പ്രത്യേക താളവുമുണ്ട്. മനുഷ്യകുലത്തിന്റെ ആദ്യകാലങ്ങളുടെ അടയാളങ്ങൾ ബാക്കിയുള്ള അപൂർവ ഗ്രാമങ്ങളെ നശിപ്പിക്കാൻ എങ്ങനെ മനസ്സ് വരുന്നു എന്നും പുസ്തകം ചോദിക്കുന്നു. സിറിയയുടെ തീപിടിച്ച ആകാശത്തിനു ചുവട്ടിൽ എണ്ണമില്ലാത്ത മനുഷ്യരെ ദിവസവും കൊന്നൊടുക്കുന്ന കാഴ്ചകൾക്ക് നടുവിൽ നിന്നുകൊണ്ടാണ് അവർ എഴുതുന്നതും വിരൽ ചൂണ്ടി ചോദിക്കുന്നതും. എഴുത്തുകാരിയുടെ സ്വന്തം അനുഭവത്തിൽ നിന്നുള്ള കാഴ്ചകളാണ് ഈ പുസ്തകം.
“അതിർത്തി എനിക്ക് പിന്നിലെവിടെയോ അപ്രത്യക്ഷമായിക്കഴിഞ്ഞു. ഇനി ഒരിക്കലും അവിടേക്ക് തിരിച്ചു വന്നേക്കില്ല എന്റെ മണ്ണും ആകാശവും പിടിച്ചെടുക്കപ്പെട്ടു കഴിഞ്ഞു. ചലനമില്ലാത്ത ഭാരമേറിയ ഒരു മാർബിൾ പ്രതിമ പോലെ ആയിത്തീർന്നു. കണ്ണ് ചിമ്മാതെ പുറകിലുള്ള അതിർത്തിയിലെ ശൂന്യതയിലേക്ക് നോക്കിയിരുന്നു ഞാൻ.’ സിറിയൻ എഴുത്തുകാരി സമർ യസ്്ബെക്കിന്റെ “The crossing’ “വ്രണിത പലായനങ്ങൾ’ മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്തിരിക്കുന്നത് പ്രശസ്ത എഴുത്തുകാരിയും കേരള സാഹിത്യ അക്കാദമി പുരസ്കാര ജേതാവുമായ ഹരിത സാവിത്രിയാണ്.
ഓരോ പേജിലൂടെയും കടന്നു പോകുമ്പോൾ കബന്ധങ്ങൾ നിറഞ്ഞ തെരുവോരങ്ങൾ നമ്മെ ഭയപ്പെടുത്തും. ആ കാഴ്ചയിൽ ഹൃദയം മരവിച്ചുപോകും. സിറിയയെ കുറിച്ച് പത്രത്താളുകളിൽ കണ്ട കഥകളും ചിത്രങ്ങളും അല്ല യഥാർഥത്തിൽ ഈ പുസ്തകം.
ചളിയും രക്തവും തീയും രൂപപ്പെടുത്തിയ അന്തമില്ലാത്ത അത്ഭുതങ്ങൾ ഒളിപ്പിച്ചുവെച്ചിരിക്കുന്ന ഒരു രാജ്യത്തിന്റെ ഹൃദയമാണ് അവർ തുറന്നു കാട്ടുന്നത്. ചുട്ടുപൊള്ളുന്ന സൂര്യപ്രകാശത്തിൽ നിന്നും ആശ്വാസം നൽകിയിരുന്ന മൂടുപടങ്ങൾക്കുള്ളിൽ തിളങ്ങുന്ന കണ്ണുകൾ ഏത് ഭാഷയാണ് സംസാരിക്കുന്നത് എന്നറിയണമെങ്കിൽ നാം അവരോടൊത്ത് ഗോതമ്പ് പാടത്തേക്ക് സഞ്ചരിക്കണം.
ഒരു ട്രക്കിൽ വന്നിറങ്ങുന്ന ഒരു കൂട്ടം സ്ത്രീകൾ. എല്ലാ സ്ത്രീകളുടെയും കൈയിൽ കൊത്തിക്കിളക്കാൻ കൈക്കോട്ട് കാണാം. അവർ വയലിലേക്ക് ഇറങ്ങി നടക്കുന്നു.
മരണം സ്വർഗത്തിൽനിന്ന് പൊഴിഞ്ഞു വീഴുന്ന ഒന്നാണെന്ന പോലെ അനീതിയെ ധൈര്യപൂർവം എതിർത്തു നിൽക്കുന്ന ഗ്രാമങ്ങളെയും എഴുത്തുകാരി കാട്ടിത്തരുന്നു. സിറിയയിലെ ഓരോ ഗ്രാമത്തിനും അർഥവത്തായ പേരുകളുണ്ട്. ആ പേരുകൾക്ക് പ്രത്യേക താളവുമുണ്ട്.
മനുഷ്യകുലത്തിന്റെ ആദ്യകാലങ്ങളുടെ അടയാളങ്ങൾ ബാക്കിയുള്ള അപൂർവ ഗ്രാമങ്ങളെ നശിപ്പിക്കാൻ എങ്ങനെ മനസ്സ് വരുന്നു എന്നും പുസ്തകം ചോദിക്കുന്നു.
സിറിയയുടെ തീ പിടിച്ച ആകാശത്തിനു ചുവട്ടിൽ എണ്ണമില്ലാത്ത മനുഷ്യരെ ദിവസവും കൊന്നൊടുക്കുന്ന കാഴ്ചകൾക്ക് നടുവിൽ നിന്നുകൊണ്ടാണ് അവർ എഴുതുന്നതും വിരൽ ചൂണ്ടി ചോദിക്കുന്നതും. എഴുത്തുകാരിയുടെ സ്വന്തം അനുഭവത്തിൽ നിന്നുള്ള കാഴ്ചകളാണ് ഈ പുസ്തകം. 2011ലെ അറബ് വസന്ത വിപ്ലവത്തിന്റെ പ്രചോദനം ഉൾക്കൊണ്ട് സിറിയയിൽ നടന്ന പ്രക്ഷോഭത്തിന്റെ നേർസാക്ഷ്യങ്ങൾ. അസദിന്റെ ഭരണത്തിനെതിരെ അരങ്ങേറിയ പ്രക്ഷോഭങ്ങളിൽ പങ്കെടുത്തതിന്റെ പേരിൽ പതിനാറാം വയസ്സിൽ നാടുകടത്തപ്പെട്ട സമർ യാസ്ബക്ക് അസാധാരണമായ വിവരണമാണ് ഈ പുസ്തകത്തിലൂടെ തുറന്നു കാട്ടുന്നത്.
സിറിയൻ ജനതയിൽ ആഭ്യന്തര യുദ്ധത്തിന്റെ പ്രത്യാഘാതങ്ങളെ കുറിച്ചും പലരും പലായനം
ചെയ്യാൻ ആഗ്രഹിക്കുന്നത് എന്തുകൊണ്ടാണെന്നും ശക്തമായ ഉൾക്കാഴ്ച പകരുന്ന പുസ്തകം സ്വന്തം ജന്മ ദേശത്തേക്ക് നിയമവിരുദ്ധമായി കടക്കാൻ തന്റെ ജീവൻ പണയപ്പെടുത്തിയത് എങ്ങനെ എന്ന് അവർ ഹൃദയസ്പർശിയായി വിവരിക്കുന്നു.
യുദ്ധം അഗതികൾ ആക്കിയ കുടുംബങ്ങൾ പതിനാലോ പതിനഞ്ചോ വയസ്സുള്ള പെൺമക്കളെ ആഹാരം കഴിച്ചോട്ടെ എന്ന് കരുതി വിവാഹം കഴിച്ചയക്കുന്നതും പുസ്തകം ചർച്ചയാക്കുന്നുണ്ട്.
തന്റെ രാജ്യത്ത് വെച്ച് അപരിചിതരായ ആളുകൾ തടഞ്ഞു നിർത്തുകയും വിവരങ്ങൾ അന്വേഷിക്കുകയും ചെയ്യുന്ന വിദേശികളെ എന്ത് പേരിട്ടാണ് വിളിക്കേണ്ടത് എന്ന് എഴുത്തുകാരി രോഷം കൊള്ളുന്നുമുണ്ട്.
16 വയസ്സ് പോലും തികയാത്ത കുട്ടികൾ ആയുധങ്ങളുമായി ഇരുണ്ട ഇടവഴിയിലേക്ക് മറയുന്നതും, വെറുപ്പിന്റെ ഉപകരണങ്ങൾ ആക്കി മാറ്റുന്നതും ആദർശനിഷ്ഠരായ യുവാക്കൾ നിർബന്ധിത യുദ്ധ സേവനത്തിൽ നിന്ന് പിന്മാറുന്നതും വ്രണിത പലായനങ്ങൾ ആഴത്തിൽ ചർച്ച ചെയ്യുന്നു.
കുടിയിറക്കപ്പെട്ട കുട്ടികളുടെ കണ്ണിലെ ശൂന്യത സമർ യാസ്‌ബക് വിവരിക്കുന്ന രീതി ഭയപ്പെടുത്തുന്നതാണ്.
ദൈവഭയം ഇല്ലായിരുന്നുവെങ്കിൽ ഞാൻ ആത്മഹത്യ ചെയ്യുമായിരുന്നു എന്ന് എഴുത്തുകാരി ഒരിടത്ത് പറയുന്നുണ്ട്. പത്രപ്രവർത്തകയായ യാസ് ബക്നെ അസദിന്റെ ഭരണകൂടം നാടുകടത്താൻ നിർബന്ധിതമായി.
സിറിയയിലെ കലാപം രക്തച്ചൊരിച്ചിലിലേക്ക് മാറിയപ്പോൾ രഹസ്യമായി അവർ പലതവണ മാതൃരാജ്യത്തേക്ക് മടങ്ങി.
അതിർത്തിക്കുള്ളിൽ അവർ കണ്ടെത്തിയതിന്റെ അപൂർവവും ശക്തവും ധീരവുമായ അനുഭവ സാക്ഷ്യമാണ് “വ്രണിത പലായനങ്ങൾ’ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ രാഷ്ട്രീയ ക്ലാസിക്കുകളിലൊന്ന് എന്നും ഈ പുസ്തകത്തെ വിശേഷിപ്പിക്കാം. പ്രസാധകർ ഗ്രീൻ ബുക്സ്. പേജ്: 296. വില: 345.