Connect with us

Editorial

വന്യമൃഗ-മനുഷ്യ സംഘര്‍ഷത്തിന് പരിഹാരം അകലെ

വന്യജീവികളുടെ നാടിറക്കം തടയാന്‍ കഴിഞ്ഞ രണ്ടര വര്‍ഷത്തിനിടെ സര്‍ക്കാര്‍ 62.08 കോടി രൂപ ചെലവഴിച്ചതായി വനം മന്ത്രി എ കെ ശശീന്ദ്രന്‍ ജൂണില്‍ നിയമസഭയില്‍ വെളിപ്പെടുത്തിയിരുന്നു. പക്ഷേ പ്രതീക്ഷിച്ച ഫലമുണ്ടാകുന്നില്ല. വന്യജീവികളുടെ ഇറക്കത്തിന് സാധ്യതയുള്ള മേഖലകളിലെല്ലാം കൂടുതല്‍ പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കേണ്ടതുണ്ട്.

Published

|

Last Updated

അധികൃതരുടെ അനാസ്ഥ കാരണം ഒരു ദാരുണ മരണം കൂടി. കോതമംഗലം ഉരുളന്‍തള്ളി പരിസരത്ത് കാട്ടാന ഇറങ്ങിയ വിവരം ഒരു പ്രദേശവാസി അധികൃതരെ അറിയിച്ചിരുന്നുവത്രെ. ഫോറസ്റ്റ് വിഭാഗം യഥാസമയം നടപടി സ്വീകരിച്ചിരുന്നെങ്കില്‍ എല്‍ദോസിന്റെ മരണം ഒഴിവാക്കാമായിരുന്നുവെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. ഉരുളന്‍തണ്ണി സ്വദേശിയും എറണാകുളത്ത് സെക്യൂരിറ്റി ജീവനക്കാരനുമായ എല്‍ദോസ് വര്‍ഗീസ് തിങ്കളാഴ്ച ജോലി കഴിഞ്ഞ് രാത്രി എട്ടരയോടെ ബസില്‍ വന്നിറങ്ങി വീട്ടിലേക്ക് നടന്നു പോകുന്നതിനിടെയാണ് കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. അതിനു മുമ്പേ ഇതുവഴി നടന്നു പോയ വ്യക്തിയാണ് കാട്ടാനയെ കാണുകയും ഫോറസ്റ്റ് ഓഫീസിലെത്തി ഈ വിവരം അറിയിക്കുകയും ചെയ്തത്. ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ അനങ്ങിയില്ല. ഇതേപ്രദേശത്ത് ഒരു വര്‍ഷം മുമ്പ് കാട്ടാന ഒരു ആദിവാസി യുവാവിനെ ചവിട്ടിക്കൊന്ന സംഭവവുമായി ബന്ധപ്പെട്ട് വന്യമൃഗാക്രമണം പ്രതിരോധിക്കാന്‍ കിടങ്ങ് നിര്‍മിക്കുകയോ കമ്പി വേലി കെട്ടുകയോ ചെയ്യാമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നാട്ടുകാര്‍ക്ക് ഉറപ്പ് നല്‍കിയിരുന്നു. ആ ഉറപ്പ് പാലിച്ചതുമില്ല.

സംസ്ഥാനത്ത് കാട്ടാന ആക്രമണത്തില്‍ മൂന്ന് ദിവസത്തിനിടെ മൂന്ന് പേരാണ് മരണപ്പെട്ടത്. തൃശൂര്‍ വാല്‍പാറക്ക് സമീപം ഈ മാസം 16ന് കാട്ടാന ആക്രമണത്തില്‍ പരുക്കേറ്റ് കോയമ്പത്തൂര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ചന്ദ്രന്‍ ഇന്നലെ കാലത്ത് മരിച്ചു. തേയിലത്തോട്ട തൊഴിലാളികള്‍ താമസിക്കുന്നിടത്തേക്ക് ആനക്കൂട്ടം ഓടിക്കയറുകയായിരുന്നു. ഓടി രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയാണ് ചന്ദ്രന് ഗുരുതര പരുക്കേറ്റത്. ശനിയാഴ്ച വൈകിട്ട് ആന്‍മേരിയെന്ന എന്‍ജിനീയറിംഗ് വിദ്യാര്‍ഥി മരണപ്പെട്ടിരുന്നു. ആന്‍മേരിയും സുഹൃത്തും ബൈക്കില്‍ യാത്രചെയ്യവേ നേര്യമംഗലം നഗരംപാറ ഫോറസ്റ്റ് സമീപത്ത് വെച്ച് കാട്ടാന പിഴുതെറിഞ്ഞ മരം അവരുടെ മീതെ വീഴുകയാണുണ്ടായത്.

സംസ്ഥാനത്ത് കാട്ടാനയുള്‍പ്പെടെ വന്യമൃഗങ്ങളുടെ നാടിറക്കവും അക്രമവും ശക്തിപ്പെട്ടിരിക്കുകയാണ്. തിങ്കളാഴ്ച രാവിലെ മാനന്തവാടിയില്‍ നിന്ന് മൈസൂരുവിലേക്ക് ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന സഹോദരങ്ങള്‍ക്കു നേരെ ആന പാഞ്ഞടുക്കുകയും ബൈക്ക് മറിച്ചിടുകയും ചെയ്തു. ഞായറാഴ്ച വൈകിട്ട് വയനാട് ചേകാടി ഭാഗത്ത് പ്രദേശത്തെ റിസോര്‍ട്ടില്‍ നിര്‍മാണ ജോലിക്കെത്തിയ പാലക്കാട് സ്വദേശി സതീഷന് ആനയുടെ ആക്രമണത്തില്‍ പരുക്കേറ്റു. സെപ്തംബര്‍ 26ന് പുലര്‍ച്ചെ വയനാട്-തമിഴ്‌നാട് അതിര്‍ത്തിയായ ചേരമ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ കര്‍ഷകനായ കുഞ്ഞിമൊയ്തീനും ജൂലൈ 14ന് വയനാട് കല്ലൂര്‍ ഊരിലെ രാജു എന്ന യുവാവും കൊല്ലപ്പെട്ടിരുന്നു. വീട്ടുമുറ്റത്ത് ശബ്ദം കേട്ട് പുറത്തിറങ്ങിയപ്പോഴാണ് കുഞ്ഞിമൊയ്തീനെ ആന കുത്തിക്കൊന്നത്.
ഒന്നര മാസം മുമ്പാണ് തൃശൂര്‍ അതിരപ്പള്ളിയിലെ അങ്കൺവാടിയുടെ മുകളിലേക്ക് കാട്ടാന എണ്ണപ്പന മറിച്ചിട്ടത്. അങ്കൺവാടിയുടെ മേല്‍ക്കൂരയാകെ തകർന്നു. പ്രവൃത്തിസമയമല്ലാത്തതു കൊണ്ടാണ് ദുരന്തം ഒഴിവായത്. അതിരപ്പള്ളിയില്‍ തന്നെ ജൂണ്‍ ഒന്നിന് ആനക്കയം പാലത്തിനു സമീപം രണ്ട് കാറുകള്‍ക്കും ബൈക്ക് യാത്രക്കാര്‍ക്കും നേരെ പാഞ്ഞടുത്തിരുന്നു കാട്ടാന. സ്‌കൂട്ടര്‍ യാത്രക്കാര്‍ വണ്ടി ഉപേക്ഷിച്ച് ഓടിയതു കൊണ്ട് രക്ഷപ്പെട്ടു. രണ്ട് മാസം മുമ്പാണ് കോതമംഗലം കുട്ടമ്പുഴ മാമലക്കണ്ടത്ത് കാട്ടാനക്കൂട്ടം ഇറങ്ങി ഡെന്നീസ് എന്ന വ്യക്തിയുടെ വീട് ആക്രമിച്ച് ജനലുകളും വീട്ടുപകരണങ്ങളും തകര്‍ത്തത്. അന്നേരം വീട്ടുകാരൊന്നും സ്ഥലത്തില്ലാത്തതിനാല്‍ അവര്‍ രക്ഷപ്പെട്ടു.

ഈ വര്‍ഷം ഫെബ്രുവരി ആദ്യത്തില്‍ അധികൃതര്‍ പ്രസിദ്ധീകരിച്ച കണക്ക് പ്രകാരം 2016 മുതല്‍ 2023 വരെയുള്ള എട്ട് വര്‍ഷത്തിനിടെ 900ത്തിലേറെ പേരാണ് സംസ്ഥാനത്ത് വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഭൂരിഭാഗവും കാട്ടാന ആക്രമണമായിരുന്നു. 2016ല്‍ 142, 2017ല്‍ 110, 2018ല്‍ 134, 2019ല്‍ 100, 2020ല്‍ 100, 2021ല്‍ 127, 2022ല്‍ 111, 2023ല്‍ 85 എന്നിങ്ങനെയാണ് കൊല്ലപ്പെട്ടവരുടെ എണ്ണം. ഇവരില്‍ മിക്കവരും കുടുംബത്തിന്റെ അത്താണികളായതിനാല്‍ ആ കുടുംബങ്ങള്‍ കൂടി വന്യജീവി ആക്രമണത്തില്‍ വഴിയാധാരമായി. വനമേഖലയോട് ചേര്‍ന്നുള്ള ഭാഗങ്ങളില്‍ താമസിക്കുന്നവര്‍ ഭീതിയോടെയാണ് ജീവിതം തള്ളിനീക്കുന്നത്. ഏതവസരവും വനങ്ങളില്‍ നിന്ന് കാട്ടാനയോ മറ്റു വന്യജീവികളോ ഇറങ്ങി വന്ന് മനുഷ്യജീവനെടുക്കുകയും കഷ്ടപ്പെട്ട് അധ്വാനിച്ചുണ്ടാക്കിയ കൃഷി നശിപ്പിക്കുകയും ചെയ്‌തേക്കാം.
ഇതിനു പരിഹാരമായി ഖജനാവില്‍ നിന്ന് കോടികള്‍ ചെലവിട്ട് കിടങ്ങ്, ഫെന്‍സിംഗ് തുടങ്ങിയ പ്രതിരോധ മാര്‍ഗങ്ങള്‍ സജ്ജീകരിച്ചു വരുന്നുണ്ട്. വന്യജീവികളുടെ നാടിറക്കം തടയാന്‍ കഴിഞ്ഞ രണ്ടര വര്‍ഷത്തിനിടെ സര്‍ക്കാര്‍ 62.08 കോടി രൂപ ചെലവഴിച്ചതായി വനം മന്ത്രി എ കെ ശശീന്ദ്രന്‍ ജൂണില്‍ നിയമസഭയില്‍ വെളിപ്പെടുത്തിയിരുന്നു. പക്ഷേ പ്രതീക്ഷിച്ച ഫലമുണ്ടാകുന്നില്ല. വന്യജീവികളുടെ ഇറക്കത്തിന് സാധ്യതയുള്ള മേഖലകളിലെല്ലാം കൂടുതല്‍ പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കേണ്ടതുണ്ട്. ഇതോടൊപ്പം വന്യജീവികളുടെ ജനവാസ കേന്ദ്രങ്ങളിലേക്കുള്ള വരവ് തടയാന്‍ നടപടികള്‍ കൈക്കൊള്ളുകയും വേണം. വനങ്ങളില്‍ തീറ്റയും വെള്ളവും കുറഞ്ഞതാണ് വന്യജീവികളുടെ നാടിറക്കത്തിന് അധികൃതര്‍ പറയുന്ന കാരണം. വനത്തിലെ ജലലഭ്യതയെയും ആവാസ വ്യവസ്ഥയെയും ദോഷകരമായി ബാധിക്കുന്ന അധിനിവേശ സസ്യങ്ങളാണ് വനങ്ങളുടെ ഇന്നത്തെ ദുരവസ്ഥക്ക് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഇവ വെട്ടിമാറ്റി വനങ്ങളില്‍ സ്വാഭാവിക മരങ്ങള്‍ വെച്ചുപിടിപ്പിക്കാനുള്ള പദ്ധതി സര്‍ക്കാറിന്റെ പരിഗണനയിലുണ്ട്. അത് പ്രാവര്‍ത്തികമാക്കാന്‍ പക്ഷേ വര്‍ഷങ്ങളെടുക്കും. വനങ്ങളിലെ മണ്ണ് വീണ് തൂര്‍ന്നതും മലിനമായതുമായ കുളങ്ങളും മറ്റു ജലസ്രോതസ്സുകളും വൃത്തിയാക്കി ജലലഭ്യത വര്‍ധിപ്പിക്കാന്‍ നടപടികള്‍ സ്വീകരിക്കുകയും വനാതിര്‍ത്തികളില്‍ കൂടുതല്‍ വനപാലകരെ നിയമിച്ച് വന്യജീവികളുടെ നാടിറക്കം തടയുന്നതിന് നടപടി സ്വീകരിക്കുകയും ചെയ്യാവുന്നതാണ്.

Latest