Connect with us

cover story

അമ്പത് പൈസക്കൊരു പാട്ട്

യാതൊരു വാദ്യോപകരണങ്ങളുമില്ലാതെ ആരെയും വെല്ലുന്ന ശബ്ദമധുരിമയിൽപാട്ടു പാടിയ മൊയ്തുക്ക കേരളത്തിലങ്ങോളമിങ്ങോളം ഒട്ടനവധി സ്റ്റേജുകളിലാണ് പാട്ടിലൂടെ ദേശസ്നേഹികളിൽ സമരവീര്യത്തിന്റെ ആവേശം നിറച്ചത്. സാമൂഹിക മാധ്യമങ്ങളിലൂടെ വൈറലായ പാട്ട് പത്ത് ലക്ഷത്തിലേറെ ആളുകളാണ് കേട്ടിട്ടുള്ളത്.

Published

|

Last Updated

“സ്വതന്ത്ര ഭാരത ഭൂവിൽ അതിനിനാം,
കുതന്ത്ര ഭരണക്കാരുടെ കെണിയാൽ,
പിറന്ന നാടിനെ വെടിഞ്ഞിടാൻ പറഞ്ഞിറങ്ങിയാൽ വിടുമോ അവരുടെ,
കുടിലത പടയിത് കടലിതിനടിയിലായ്,
പെടുത്തിടും നിജമേ, പെടുത്തിടും നിജമേ………….’

പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യം മുഴുക്കെ പ്രതിഷേധക്കൊടുങ്കാട്ട് വീശിയപ്പോൾ മലയാളക്കരയിൽ ഏറെ വൈറലായ പാട്ടായിരുന്നു ഇത്. ബദ്റുദ്ദീൻ പാറന്നൂർ എഴുതിയ ഈ പാട്ട് പാടിയതാകട്ടെ 78 കാരനായ മൊയ്തുക്കയും. യാതൊരു വാദ്യോപകരണങ്ങളുമില്ലാതെ യുവാക്കളെപ്പോലും വെല്ലുന്ന ശബ്ദമധുരിമയിൽ പാട്ടു പാടിയ ഈ വൃദ്ധൻ പിന്നീട് കേരളത്തിലങ്ങോളമിങ്ങോളം ഒട്ടനവധി സ്റ്റേജുകളിലാണ് ഈ പാട്ടിലൂടെ ദേശസ്നേഹികളിൽ സമരവീര്യത്തിന്റെ ആവേശം നിറച്ചത്. പിന്നീട് സാമൂഹിക മാധ്യമങ്ങളിലൂടെ വൈറലായ ഈ പാട്ട് പത്ത് ലക്ഷത്തിലേറെ ആളുകളാണ് കേട്ടിട്ടുള്ളത്.

വിടൽ കെ മൊയ്തു എന്ന പേരിൽ അറിയപ്പെടുന്ന വിടൽ മൊയ്തുക്ക ഇന്ന് ഏവർക്കും സുപരിചിതനാണ്. വെള്ള കള്ളിത്തുണിയും ഷർട്ടും വോയിൽ കൊണ്ട് തലേക്കെട്ടും കെട്ടിയ തനി നാടൻ വേഷത്തിലുള്ള മെലിഞ്ഞ ഈ മനുഷ്യന്റെ ജീവിതം തന്നെ പാടലാണ്. 60 വർഷത്തിലേറെയായി പാട്ടാണ് ജീവിതം. ഓട്ടോറിക്ഷയിൽ ചെറിയ ബോക്സും മൈക്കും ഘടിപ്പിച്ച് ഊരു ചുറ്റും. നാലാളെ കാണുന്നിടത്ത് ഓട്ടോ നിറുത്തി പാടും. സുമനസ്സുകൾ നൽകുന്ന നാണയത്തുട്ടുകൾ സ്വീകരിക്കും. പാലക്കാട് ജില്ലയിലെ പട്ടാമ്പിക്കടുത്ത ഓങ്ങല്ലൂർ കൊണ്ടൂർക്കരയിലെ കക്കടവത്ത് ആലിക്കുട്ടിയുടെയും ബീക്കുട്ടിയുടെയും മകനായ മൊയ്തുവിന്റെ ജീവിതം ഒരു സഞ്ചാരമാണ്. ആ സഞ്ചാരം തന്നെ എത്തിച്ചത് ഇതിലേക്കാണ് എന്ന് ഇദ്ദേഹം പറയുന്നു.

പഴയ കാല ഓത്തുപള്ളിയിൽ നിന്ന് മത വിജ്ഞാനവും അഞ്ചാം ക്ലാസ്സ് വരെ സ്കൂളിലും പഠിച്ചിട്ടുള്ള മൊയ്തു ജീവിത കഷ്ടപ്പാടുകളും പ്രാരാബ്ധങ്ങളും കാരണം വിദ്യാർഥിപ്രായത്തിൽ പശിയടക്കാൻ വളരെ പാടുപെട്ടിട്ടുണ്ട്. ചെറുപ്പത്തിൽ തന്നെ നാട്ടിലെ വിവിധജോലികൾ ചെയ്തു. 16ാം വയസ്സിൽ നാടുവിട്ട ഇദ്ദേഹം പല സ്ഥലങ്ങളിലും ജോലി തേടി അലഞ്ഞു. ആ കറക്കത്തിനിടയിൽ ദിവസങ്ങളോളം ഭക്ഷണം കിട്ടാതെ പട്ടിണി കിടക്കേണ്ടിവന്നു. ബസ്്സ്റ്റോപ്പിലും കടത്തിണ്ണയിലും അന്തിയുറങ്ങേണ്ടി വന്നു.

ഒരു ദിവസം രാത്രി വിശന്ന് അവശനായി റോഡരികിലെ ഒരു അത്താണിയിൽ ഇരിക്കുകയായിരുന്നു. പാലക്കാട് ജില്ലയിലെ ഒറ്റപ്പാലത്ത് നിന്ന് ചെർപ്പുളശ്ശേരിയിലേക്ക് പോകുന്ന വഴിയിൽ കോതാർ കുർശ്ശിക്കടുത്ത ഒരു പ്രദേശമാണെന്നാണ് ഓർമ. അക്കാലത്ത് പ്രത്യേകിച്ച് അങ്ങനെയുള്ള സ്ഥലങ്ങളിലൊന്നും രാത്രി ആരും നിൽക്കുക പോലും ചെയ്യാറില്ല. അപ്പോഴാണ് ഒരാൾ അതുവഴി വന്നത്. കൈയിലൊരു റാന്തൽ വിളക്കും മറുകൈയിൽ വടിയും കുത്തിപ്പിടിച്ചിട്ടുണ്ട്. ഷർട്ട് ഇട്ടിട്ടില്ല. അദ്ദേഹം അടുത്ത് വന്ന് കാര്യങ്ങൾ തിരക്കി.

പണി അന്വേഷിച്ചു വന്നതാണെന്ന് പറഞ്ഞു. ഭക്ഷണമൊന്നും കഴിച്ചിട്ടില്ലെന്നറിഞ്ഞ അദ്ദേഹം മൊയ്തുവിനെ ഭക്ഷണം കഴിക്കാനായി ഒരു വീട്ടിലേക്ക് കൊണ്ടുപോയി. കുണ്ടും കുന്നും കയറി ഊടുവഴിയിലൂടെ കുറേ നടന്ന ശേഷമാണ് ആ വീട്ടിലെത്തിയത്. അവിടെ നേർച്ച നടക്കുകയായിരുന്നു. രാത്രി ഏറെയായിട്ടുണ്ട്. കുറേ ആളുകളുണ്ട്. ദിക്റും സ്വലാത്തും ദുആയുമെല്ലാം നടക്കുന്നു. നിലത്ത് പായ വിരിച്ചിട്ടാണ് എല്ലാവരും ഇരിക്കുന്നത്. ഒരു ഭാഗത്ത് ആളുകൾ ഭക്ഷണം കഴിക്കുന്നു. പലരും പാട്ടുകൾ പാടുന്നു… മൊയ്തു ആകെ മുഷിഞ്ഞ വേഷത്തിലാണ്. കുളിച്ചിട്ട് ഒരാഴ്ചയോളമായിട്ടുണ്ട്. ഭക്ഷണം കഴിച്ചിട്ടും കുറെ ദിവസമായിട്ടുണ്ട്. മൊയ്തു ഭക്ഷണം കഴിച്ചു. നേരം വെളുത്തിട്ട് വേണം അവിടെ നിന്ന് പോരാൻ. ആ കൂട്ടത്തിൽ പ്രായം കുറഞ്ഞ മൊയ്തുവും അവിടെ ഇരുന്നു.

പ്രായം ചെന്ന ഒരു മനുഷ്യൻ ആ വീട്ടിൽ ഇരിക്കുന്നു. എല്ലാവരും അദ്ദേഹത്തെ ബഹുമാനിക്കുന്നു. ഒട്ടേറെ ആളുകൾ അദ്ദേഹത്തെ കാണാൻ കാത്തുനിൽക്കുന്നു. അദ്ദേഹത്തോട് ചോദിച്ചിട്ടാണ് അവിടെ എല്ലാം നടക്കുന്നത്. അമ്പംകുന്ന് ബീരാൻ ഔലിയ ആയിരുന്നു അത് എന്ന് ആളുകൾ പറഞ്ഞു. അദ്ദേഹത്തിന്റെ നിർദേശപ്രകാരമാണ് ഓരോരുത്തരും പാട്ടുപാടുന്നത്. ഇനി ആര് “വിടും’ എന്ന് ബീരാൻ ഔലിയ ചോദിക്കുമ്പോൾ ഇനി ഞാൻ “വിടാം’ എന്ന് പറഞ്ഞാണ് പലരും പാട്ട് പാടുന്നത്. പാടുന്നതിന് “വിടുക ‘ എന്നായിരുന്നു ബീരാൻ ഔലിയ പറഞ്ഞിരുന്നത്. മദ്ഹ് പാട്ടുകളും കിസ്സപ്പാട്ടുകളുമാണ് എല്ലാവരും പാടിയത്. ഇനി മുഹ്്യിദ്ദീൻ ശൈഖിനെപ്പറ്റി ഒരു ഖവ്വാലി പാട്ട് ആര് വിടും എന്ന് ചോദിച്ചു. ആരും മുന്നോട്ടുവരാതെയായപ്പോൾ താൻ വിടാം എന്ന് മൊയ്തു പറഞ്ഞു. ചെറുപ്പത്തിലേ പാട്ട് പാടാൻ നല്ല കമ്പമായിരുന്നു. അതുകൊണ്ടാണ് ആവേശത്തോടെ മുന്നോട്ടുവന്നത്. ശൈഖ് ജീലനിയെക്കുറിച്ച് അബ്ദുർറസാഖ് ഹാജി രചിച്ച പാട്ടാണ് മൊയ്തു പാടിയത്.

“ഗൗസുൽഅഅ്ളം യജമാനീ- യാ
അബ്ദുൽ ഖാദിർ ജീലാനീ……..
ബഗ്ദാദുശ്ശരീഫ് ബാത്വ് ശാ….
ബാഗ് ജന്നാത്തുന്നിസാ …….
ബദ്റുൽഹുദാ മുസ്്ത്വഫാവിൽ..
ഫുർപാദം ചുമന്ത ജഗദീപാ…..
ഈ ഗുലാമൻ യജമാനീ…..
യാ അബ്ദുൽ ഖാദിർ ജീലാനീ……….’ എന്ന പാട്ടാണ് പാടിയത്. പാട്ട് ബീരാൻ ഔലിയക്ക് വളരെ ഇഷ്ടപ്പെട്ടു. മൊയ്തു പോരാൻ ഒരുങ്ങിയപ്പോൾ മഹാൻ നാളെയും വിടണം എന്ന് പറഞ്ഞു അന്ന് അവിടെ തന്നെ നിൽക്കാൻ ആവശ്യപ്പെട്ടു. അതനുസരിച്ച് അവിടെ തന്നെ നിന്നു. ഭക്ഷണം കിട്ടുമെന്നത് കൊണ്ട് മാത്രമാണ് മൊയ്തു അവിടെ നിന്നത്. അടുത്ത ദിവസവും വിടാൻ പറഞ്ഞു. മൊയ്തു പല പാട്ടുകളും പാടി. തിരിച്ചു പോകാൻ സമ്മതം ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു. നല്ല വിടലായിട്ടുണ്ട്. ഇനി വേറെ ജോലി ഒന്നും വേണ്ട ഇത് മതി ജീവിതത്തിന്. മഹാൻ ഒരു നിബന്ധനയും പറഞ്ഞു.

ഐനുശ്ശൈത്വാനിനെ കൂടെ കൂട്ടണ്ട ( മ്യൂസിക്കും വാദ്യോപകരണങ്ങളും ഉപയോഗിക്കരുത് എന്നായിരുന്നു മഹാൻ പറഞ്ഞത്) പോരുമ്പോൾ പൈസയും തന്നു. അന്നത്തെ കാലത്തെ നല്ല ഒരു തുകയുണ്ടായിരുന്നു അതിൽ. അങ്ങനെയാണ് ബീരാൻ ഔലിയ മൊയ്തുവിനെ തിരിച്ചയച്ചത്. കൈയിലുള്ള ആ പൈസ കഴിയുന്നത് വരേ അതിൽ നിന്നെടുത്ത് ഭക്ഷണം കഴിച്ചു. കാശ് കഴിഞ്ഞു. വിശക്കുമ്പോൾ എവിടെങ്കിലും ചെന്ന് പാട്ട് വിടും കിട്ടുന്ന കാശിന് ഭക്ഷണം കഴിക്കും വേറെ ഒരു ചിന്തകളുമില്ല.

പിന്നെ പാട്ടുപാടൽ തന്നെ ജീവിതമായി മാറി. ഓരോ ദിവസത്തെയും ഭക്ഷണത്തിന് വേണ്ടിയായിരുന്നു പാട്ട് പാടിയിരുന്നത്. ചായ കുടിക്കാൻ പൈസയില്ലാതെ വന്നപ്പോൾ പാട്ട് പാടി കിട്ടിയ പൈസക്ക് ചായ കുടിക്കും. ഭക്ഷണം കഴിക്കും.മൂന്ന് വർഷം ചാവക്കാട് ഭാഗത്തായിരുന്നു. ചേറ്റുവ, ചാവക്കാട്, പാടൂർ, വമ്പേനാട്, അഞ്ചങ്ങാടി, കടപ്പുറം മുതൽ വെളിയങ്കോട് വരേയുള്ള ഓരോ വീട്ടിലും കയറിയിറങ്ങി പാട്ടുപാടിയിട്ടുണ്ട്. 50 പൈസക്കൊരു പാട്ട് എന്നായിരുന്നു ആ ഭാഗത്തുള്ളവർ മൊയ്തുവിനെ വിശേഷിപ്പിച്ചിരുന്നത്. പിന്നീട് സൈക്കിളിലായിരുന്നു യാത്ര. സൈക്കിളിൽ മൈക്ക് സെറ്റും ബാറ്ററിയും വെച്ചായിരുന്നു സഞ്ചാരം. വർഷങ്ങളോളം സൈക്കിളിൽ യാത്ര ചെയ്തു. പിന്നീട് ഒരു ഓട്ടോ വാങ്ങി അതിലായി യാത്ര. പിന്നെ ഓട്ടോറിക്ഷയിലായി പാടി സഞ്ചരിക്കൽ.

ഓട്ടോ ഓടിക്കാൻ അറിയാത്ത മൊയ്തുവിന് പട്ടാമ്പിക്കാരനായ സൈതു എന്ന സുഹൃത്ത് അദ്ദേഹത്തിന്റെ ഓട്ടോയിൽ സ്വന്തം ചെലവിൽ ഓട്ടോ ഡ്രൈവിംഗ് പഠിപ്പിച്ചു കൊടുത്തു. പിന്നീട് സ്വന്തം ഓട്ടോ വാങ്ങി അതിലായി യാത്ര. ഇപ്പോൾ 40 വർഷത്തിലധികമായി ഓട്ടോയിൽ കറക്കം തുടങ്ങിയിട്ട്. അതിനിടെ പല പ്രമുഖ ഗായക സംഘത്തിലും പാടാൻ ക്ഷണവും ഓഫറും ഉണ്ടായിട്ടും മൊയ്തുക്ക അതിന് തയ്യാറായിട്ടില്ല. അവരുടെ കൂടെ കൂടിയാൽ നല്ല പരിപാടികൾ കിട്ടും പണവും കിട്ടും. പക്ഷേ ആധുനിക ഉപകരണങ്ങൾ ഉപയോഗിക്കേണ്ടിവരും. സംഗീതോപകരണങ്ങളുടെ സഹായത്തോടെ പാട്ടുപാടേണ്ടതില്ല എന്ന ദൃഢനിശ്ചയമുള്ളതിനാലാണ് അവരോടൊപ്പം കൂടാതിരുന്നതെന്ന് മൊയ്തുക്ക പറയുന്നു.

പാലക്കാട്, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളുടെ വിവിധ ഭാഗങ്ങളിലെ ഒട്ടുമിക്കെ തെരുവുകൾക്കും മൊയ്തുക്കയുടെ ശബ്ദം സുപരിചിതമാണ്. ദിവസങ്ങളും ആഴ്ചകളും കഴിഞ്ഞ ശേഷമാണ് പലപ്പോഴും വീട്ടിലൊന്ന് പോയി വരാറുള്ളത്. ഓരോ സ്ഥലത്തും പള്ളികളിലായിരുന്നു അന്തിയുറക്കം. മുത്ത്നബി (സ) യുടെ മദ്ഹ് പാട്ടുകൾക്ക് പുറമെ ബദ്്രീങ്ങളുടെ വിവിധ ചരിത്രങ്ങൾ, ഈസാ നബി (അ) യുടെ ജനനം, ഖിള്ർ നബി (അ) യുടെയും മൂസാ നബി (അ) യുടെയും യാത്ര, ഹംസതുൽ കർറാർ (റ) ന്റെ ഇസ്്ലാമിലേക്കുള്ള വരവ്, ശൈഖ് ജീലാനി, അജ്മീർ ഖാജാ , മമ്പുറം തങ്ങൾ, ഏർവാടി ശുഹദാക്കൾ, ഉള്ളാൾ സയ്യിദ് മദനി, വെളിയംകോട് ഉമർ ഖാളി, ബീരാൻ ഔലിയ, ഏഴിമല അബൂ തങ്ങൾ, പട്ടാമ്പി മാട്ടായ ശൈഖ് തുടങ്ങിയവരെക്കുറിച്ചുള്ള മദ്ഹ് പാട്ടുകളും ചരിത്ര പാട്ടുകളുമാണ് പാടാറുള്ളത്. നാടൻ പാട്ടുകളും പാടും.

ജീവിത യാഥാർഥ്യങ്ങളും ഗൾഫുകാരന്റെ ജീവിതവും പാട്ടിലൂടെ അവതരിപ്പിക്കുന്നു. എല്ലാം അർഥവത്തും ഗുണപാഠങ്ങളുള്ളവയുമാണ്. ഹാസ്യ ഗാനങ്ങളോ പരിഹാസ്യങ്ങളോ പാടാറില്ല.
ആരും പാടിയിട്ടില്ലാത്ത പാട്ടുകളാണ് മൊയ്തുക്ക പാടുന്നത്. രചയിതാക്കൾ രചിച്ച് നേരിട്ട് ഏൽപ്പിക്കുന്ന പാട്ടുകളാണെല്ലാം.

പൗരത്വ സമര വേദികളിലൂടെ പൊതു സമൂഹത്തിന്റെ മനസ്സുകളിൽ പതിഞ്ഞ ഇദ്ദേഹം പിന്നീട് തിരുവനന്തപുരം മുതൽ കാസർകോട്് വരെ സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളിൽ പരിപാടി അവതരിപ്പിച്ചിട്ടുണ്ട്. കേന്ദ്ര സർക്കാറിന്റെ കർഷക വിരുദ്ധ നയങ്ങൾക്കെതിരെ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി തിരൂരങ്ങാടി കക്കാട്ട് സംഘടിപ്പിച്ച പകലന്തി സമരത്തിൽ റശീദ് ചെങ്ങാനി എഴുതിയ മൂന്ന് പാട്ടുകളാണ് മൊയ്തുക്ക പാടിയിരുന്നത്. ഇതിൽ ഏറെ ശ്രദ്ധയാകർഷിച്ചിരുന്ന

“കരൾ പിടക്കും തണുപ്പിൽ തെരുവിതിൽ
തിളക്കും രക്തച്ചൂടതിൻ ബലമിൽ
വിശക്കും വയറുകൾ നിറക്കുവാൻ വിയർപ്പൊഴുക്കും കർഷകരിൽ ‘
ഭാരത മണ്ണിതിൽ ചരിതമൊന്നെഴുതാൻ ഈ ഭടൻമാരിൽ കരുത്തതേകിടണം …….’

എന്ന പാട്ട് പ്രത്യേകം എടുത്ത് പറയേണ്ടതാണ്. നിരവധി മത രാഷ്ട്രീയ നേതാക്കൾക്കൊപ്പവും സ്ഥാപനങ്ങളിലും പരിപാടി അവതരിപ്പിച്ചിട്ടുണ്ട്. കാരന്തൂർ ജാമിഅ മർകസ്, നോളജ് സിറ്റി, പൂനൂർ മദീനത്തുന്നൂർ, മലപ്പുറം മഅ്ദിൻ തുടങ്ങിയ സ്ഥാപനങ്ങളിലും റിയാദ്, മസ്കത്ത് എന്നിവിടങ്ങളിലും പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്.

മുത്ത് നബി (സ) യെക്കുറിച്ച് കുറേ പാട്ടുകൾ പാടിയിട്ടുള്ള തനിക്ക് മക്കത്തും മദീനത്തും പോകുക എന്നത് അടങ്ങാത്ത ആഗ്രഹമായിരുന്നു. പക്ഷേ എങ്ങനെ പോകും , അതിനുള്ള പണം എവിടെന്ന് കിട്ടും? ഇതോർത്ത് ഒരുപാട് കണ്ണീർ ഒഴുക്കിയിട്ടുണ്ട്. എന്നാൽ അതിനും ഭാഗ്യം ലഭിച്ചിട്ടുണ്ട്. രണ്ട് വർഷം മുമ്പ് ഒരാൾ ഉംറക്ക് കൊണ്ട് പോയി. വയസ്സ് 78 ആയിട്ടും തന്റെ ശബ്ദത്തിനോ വാക്കുകൾക്കോ ഒരു വ്യത്യാസവും ഇല്ല.

മർഹും സമദ് മൗലവി മണ്ണാർമല, ഒ വി മൊയ്തു, അബൂബക്കർ വഹബി വണ്ടൂർ, ബദ്റുദ്ദീൻ പാറന്നൂർ, റശീദ് ചെങ്ങാനി തുടങ്ങിയവർ എഴുതിയ പാട്ടുകളാണ് ഇദ്ദേഹം അധികവും പാടാറുള്ളത്. തിരഞ്ഞെടുപ്പുകളിൽ കക്ഷി രാഷ്ട്രീയ ഭേദമന്യേ പല സ്ഥാനാർഥികളും പ്രചാരണ ഗാനങ്ങൾ പാടാൻ മൊയ്തുക്കയെ സമീപിക്കാറുണ്ട്. ഭാര്യ പാത്തുമ്മയും മൂന്ന് ആൺമക്കളും ആറ് പെൺമക്കളുമടങ്ങുന്ന കുടുംബം മൊയ്തുവിനൊപ്പം പാട്ടുവഴിയിൽ പ്രോത്സാഹനങ്ങളുടെ കൂട്ടുമായി ഒപ്പമുണ്ട്.

Latest