Connect with us

Kerala

നിക്ഷേപം തിരികെ ലഭിക്കാത്തതിനെ തുടര്‍ന്ന് വ്യാപാരി ജീവനൊടുക്കിയ സംഭവം; അന്വേഷിക്കാന്‍ പ്രത്യേക സംഘം

കട്ടപ്പന, തങ്കമണി സി ഐമാരുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുക. എസ് പി ടി കെ വിഷ്ണുപ്രദീപ് നിയമിച്ച സംഘത്തില്‍ ഒമ്പത് പേരാണുള്ളത്

Published

|

Last Updated

ഇടുക്കി | കട്ടപ്പന റൂറല്‍ കോ- ഓപ്പറേറ്റീവ് സൊസൈറ്റിയില്‍ നിന്ന് പണം തിരികെ ലഭിക്കാത്തതിനെ തുടര്‍ന്ന് വ്യാപാരി സാബു ജീവനൊടുക്കിയ സംഭവത്തില്‍ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു. കട്ടപ്പന, തങ്കമണി സി ഐമാരുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുക. എസ് പി ടി കെ വിഷ്ണുപ്രദീപ് നിയമിച്ച സംഘത്തില്‍ ഒമ്പത് പേരാണുള്ളത്.

ഇന്നലെയാണ് കട്ടപ്പനയിലെ വ്യാപാരിയും നിക്ഷേപകനുമായ മുളങ്ങാശേരില്‍ സാബു (56) ബാങ്കിന് മുന്നില്‍ ജീവനൊടുക്കിയത്. കട്ടപ്പന പള്ളിക്കവലയില്‍ വെറൈറ്റി ലേഡീസ് സെന്റര്‍ നടത്തുകയായിരുന്നു സാബു. ബാങ്കിന്റെ പടികള്‍ക്ക് സമീപമാണ് സാബുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കട്ടപ്പന റൂറല്‍ ഡെവലപ്‌മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയില്‍ സാബു 25 ലക്ഷത്തോളം രൂപയാണ് നിക്ഷേപിച്ചിരുന്നത്. ഈ പണം തിരിച്ചെടുക്കാന്‍ ശ്രമിച്ചെങ്കിലും ബാങ്ക് പ്രതിസന്ധിയിലായതിനാല്‍ മാസം തോറും നിശ്ചിത തുക നല്‍കാമെന്ന് അറിയിച്ചിരുന്നു. ഇതനുസരിച്ച് തുക നല്‍കിയിരുന്നു. എന്നാല്‍, ഭാര്യയുടെ ചികിത്സാര്‍ഥം കൂടുതല്‍ തുക ആവശ്യപ്പെട്ട് ബാങ്കിലെത്തിയപ്പോള്‍ ജീവനക്കാരുമായി തര്‍ക്കമുണ്ടായി. രാവിലെ വീട്ടില്‍ കാണാത്തതിനെ തുടര്‍ന്ന് അന്വേഷണം നടത്തിവരുന്നതിനിടെയാണ് സാബുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

മരിച്ച സാബുവിന്റെ കുടുംബത്തിനൊപ്പമാണ് സി പി എമ്മെന്ന് ഏരിയാ സെക്രട്ടറി മാത്യു ജോര്‍ജ് പറഞ്ഞു. സാബുവിന് 12 ലക്ഷം രൂപയാണ് കട്ടപ്പന റൂറല്‍ ഡെവലപ്പ്‌മെന്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റി നല്‍കാനുള്ളത്. സൊസൈറ്റിയില്‍ സി പി എം ഭരണത്തില്‍ എത്തിയിട്ട് നാലു വര്‍ഷം മാത്രമേ ആയുള്ളൂ. 20 കോടിയുടെ ബാധ്യത ബാങ്കിനുണ്ട്. നിശ്ചിത തുക വീതം സാബുവിന് മാസം തോറും കൊടുക്കുന്നുണ്ട്. എന്നാല്‍ കഴിഞ്ഞ ദിവസം സാബു ബാങ്കില്‍ എത്തി ജീവനക്കാരുമായി തര്‍ക്കം ഉണ്ടായി. ഇക്കാര്യത്തില്‍ ഭരണ സമിതി എന്ന നിലയില്‍ അഭിപ്രായം പറയുക സാധാരണമാണെന്നും അതില്‍ കൂടുതല്‍ ഒന്നും കാണേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

സാബുവിന്റെ മരണത്തില്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നതിനോട് യോജിപ്പില്ല. എന്നാല്‍ സാബുവിനെ ഭീഷണിപെടുത്തിയോ എന്ന് അന്വേഷിക്കും. പോലീസ് അന്വേഷണം നടക്കട്ടെയെന്നും അന്വേഷണം പൂര്‍ണമായും സ്വാഗതം ചെയ്യുന്നുവെന്നും പറഞ്ഞ അദ്ദേഹം കുറ്റക്കരെ നിയമത്തിനു മുന്നില്‍ കൊണ്ടു വരട്ടെയെന്നും പറഞ്ഞു. സഹകരണ സൊസൈറ്റി മുന്‍ പ്രസിഡന്റ് വി ആര്‍ സജി ആത്മഹത്യ ചെയ്ത നിക്ഷേപകന്‍ സാബുവിനെ ഭീഷണിപ്പെടുത്തുന്ന ഫോണ്‍ സന്ദേശം പുറത്ത് വന്നിരുന്നു. സി പി എം മുന്‍ കട്ടപ്പന ഏരിയ സെക്രട്ടറി കൂടിയായ സജി ജീവനക്കാരനെ സാബു ഉപദ്രവിച്ചെന്ന് ആരോപിച്ചാണ് ഭീഷണി മുഴക്കിയത്.

അടി വാങ്ങിക്കേണ്ട സമയം കഴിഞ്ഞെന്ന് പറഞ്ഞ സജി പണി മനസ്സിലാക്കി തരാം എന്നും സാബുവിനോട് പറഞ്ഞിപുന്നു. പണം തരാന്‍ ഭരണ സമിതിയും ജീവനക്കാരും ശ്രമിക്കുമ്പോള്‍ ജീവനക്കാരനെ ആക്രമിച്ചത് ശരിയായില്ലെന്ന് പറഞ്ഞു കൊണ്ടാണ് സജി ഭീഷണി മുഴക്കിയത്. സാബു ബാങ്കില്‍ എത്തിയ സമയത്തെ സിസി ടി വി ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചു. സാബുവും ജീവനക്കാരും തമ്മില്‍ കയ്യേറ്റം ഉണ്ടായതായി പ്രാഥമിക പരിശോധനയില്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ആത്മഹത്യാക്കുറിപ്പില്‍ പേരുള്ള ബാങ്ക് സെക്രട്ടറി റെജി, ജീവനക്കാരായ ബിനോയ്, സുജമോള്‍ എന്നിവരുടെ മൊഴികള്‍ രേഖപ്പെടുത്തും. ഇടുക്കി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം സംസ്‌കരിച്ചു.