Connect with us

hema committee report

സംവിധായകൻ രഞ്ജിത്തിനെതിരായ കേസ് ഇന്ന് പ്രത്യേക സംഘം ഏറ്റെടുക്കും; അതിജീവിതയുടെ രഹസ്യമൊഴി രേഖപ്പെടുത്തും

ബംഗാളി നടിയുടെ ലൈംഗികാതിക്രമ പരാതിയിൽ ഇന്നലെ എറണാകുളം നോർത്ത് പൊലീസ് ആണ് ഐ പി സി 354 (ഭാരതീയ ന്യായ് സൻഹിത 74) വകുപ്പ് പ്രകാരം ജാമ്യമില്ലാ കുറ്റം ചുമത്തി കേസ് രജിസ്റ്റർ ചെയ്തത്.

Published

|

Last Updated

തിരുവനന്തപുരം |  ചലച്ചിത്ര അക്കാദമി മുൻ ചെയർമാന്‍ രഞ്ജിത്തിനെതിരെ രജിസ്റ്റർ ചെയ്ത കേസ് ഇന്ന് പ്രത്യേക അന്വേഷണ സംഘം ഏറ്റെടുക്കും. ബംഗാളി നടിയുടെ ലൈംഗികാതിക്രമ പരാതിയിൽ ഇന്നലെ എറണാകുളം നോർത്ത് പൊലീസ് ആണ് ഐ പി സി 354 (ഭാരതീയ ന്യായ് സൻഹിത 74) വകുപ്പ് പ്രകാരം ജാമ്യമില്ലാ കുറ്റം ചുമത്തി കേസ് രജിസ്റ്റർ ചെയ്തത്. പ്രത്യേക സംഘം കേസ് ഏറ്റെടുത്ത ഉടൻ നടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തും. തുടർന്ന് സാക്ഷി മൊഴികളും രേഖപ്പെടുത്തും. ഇതിന് ശേഷമാകും അറസ്റ്റ് ഉൾപ്പെടെ നടപടികളിലേക്ക് നീങ്ങുക. എസ്.പി ജി.പൂങ്കുഴലിക്കാണ് അന്വേഷണ ചുമതല.

ലൈംഗിക ഉദ്ദേശത്തോടെ രഞ്ജിത്ത് ശരീരത്തില്‍ സ്പര്‍ശിച്ചെന്ന് നടി കൊച്ചി പോലീസ് കമ്മീഷണര്‍ക്ക് ഇ മെയിലായി പരാതി നൽകിയതിന് പിറകെയാണ് രഞ്ജിത്തിന് എതിരെ കേസ് രജിസ്റ്റർ ചെയ്തത്. സ്ത്രീത്വത്തെ അപമാനിച്ചുവെന്നും ക്രിമിനല്‍ നിയമനടപടി സ്വീകരിക്കണമെന്നും നടി പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

2009-10 കാലഘട്ടത്തില്‍ രഞ്ജിത്ത് സംവിധാനം ചെയ്ത ‘പാലേരി മാണിക്യം’ സിനിമയില്‍ അഭിനയിക്കാന്‍ എത്തിയപ്പോവാണ് മോശം അനുഭവം ഉണ്ടായതെന്ന് നടി വെളിപ്പെടുത്തിയിരുന്നു. സിനിമയുടെ ചര്‍ച്ച നടത്തുന്നതിനായി രഞ്ജിത്ത് താമസിക്കുന്ന കൊച്ചി കടവന്ത്രയിലെ ഫ്‌ലാറ്റിലേക്ക് തന്നെ വിളിച്ചു. ചര്‍ച്ച നടക്കുന്നതിനിടെ രഞ്ജിത്ത് എന്റെ കയ്യില്‍ പിടിച്ചു. പിന്നീട് ലൈംഗിക താത്പര്യത്തോടെ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലും സ്പര്‍ശിച്ചു. എന്നിങ്ങനെയായിരുന്നു വെളിപ്പെടുത്തല്‍.

ആരോപണത്തെ തുടര്‍ന്ന് രഞ്ജിത്ത് കഴിഞ്ഞ ദിവസം ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചിരുന്നു.

 

 

Latest