Kerala
കാലാവസ്ഥാ പ്രവചനത്തിന് അത്യാധുനിക റഡാർ കൂടി
ചെലവ് ആറ് കോടി രൂപ • കണ്ണൂർ സർവകലാശാലാ ക്യാമ്പസിൽ സ്ഥാപിക്കും
പാലക്കാട് | കാലാവസ്ഥാ പ്രവചനത്തിന് കൃത്യത വരുത്തുന്നതിന് സംസ്ഥാനത്ത് പുതിയ റഡാർ കൂടി സ്ഥാപിക്കുന്നു. നിലവിൽ റഡാർ മോണിറ്ററിംഗ് സംവിധാനമുള്ളത് ഏറണാകുളത്ത് മാത്രമാണ്. ഇത് 14 ജില്ലകളിലെയും കൃത്യമായ കാലാവസ്ഥാ പ്രവചനം നടത്താൻ സാധിക്കുന്നില്ലെന്ന് മാത്രമല്ല, പലപ്പോഴും പ്രവചനങ്ങൾ പാളിപ്പോകുന്നത് ദുരന്തങ്ങൾക്കിടയാക്കുന്നുവെന്നും കണ്ടെത്തിയതിനെ തുടർന്നാണ് അത്യാധുനിക റഡാർ സ്ഥാപിക്കുന്നതെന്ന് സംസ്ഥാന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അധികൃതർ അറിയിച്ചു.
എറണാകുളത്തുള്ള റഡാർ മോണിറ്ററിംഗ് സംവിധാനം കണ്ണൂർ, കാസർകോട് ജില്ലകളുൾപ്പെടെ കാലാവസ്ഥാ പ്രവചനം നടത്തുന്നതിന് സാധിക്കുന്നില്ല. ഇത്തരമൊരു സാഹചര്യത്തിൽ പുതിയ റഡാർ കൂടി വേണമെന്ന് 2012 മുതൽ ആവശ്യപ്പെടാൻ തുടങ്ങിയിരുന്നു. എന്നാൽ കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഇപ്പോഴാണ് അനുമതി നൽകിയത്. ആറ് കോടി രൂപ ചെലവിലാണ് റഡാർ സ്ഥാപിക്കുന്നത്. പുതിയ റഡാർ സ്ഥാപിക്കുന്നതിന് മൂന്ന് മാസത്തോളം നടത്തിയ പഠനത്തിലാണ് അനുയോജ്യമായ സ്ഥലം കണ്ടെത്തിയത്.
കോഴിക്കോട്, വയനാട് തുടങ്ങി ജില്ലകൾ ആദ്യഘട്ടത്തിൽ പരിഗണിച്ചുവെങ്കിലും പശ്ചിമഘട്ടം സ്ഥിതി ചെയ്യുന്നതിനാൽ സാറ്റലൈറ്റ് വഴി റഡാറിൽ സന്ദേശം ലഭിക്കുന്നതിന് തടസ്സമാകുന്നുവെന്ന് കണ്ടെത്തി. തുടർന്ന് കണ്ണൂർ സർവകലാശാലാ ക്യാമ്പസ് റഡാർ സ്ഥാപിക്കുന്നതിന് തിരഞ്ഞെടുക്കുകയായിരുന്നു.
രണ്ട് മാസത്തിനുള്ളിൽ റഡാർ ക്യാമ്പസിൽ സ്ഥാപിക്കാനാകുമെന്നാണ് പ്രതീക്ഷ. 2018, 19 വർഷങ്ങളിൽ സംസ്ഥാനം വൻ വെളളപ്പൊക്കത്തിന് സാക്ഷ്യം വഹിച്ചിരുന്നു.
അതിശക്തമായ മഴയെത്തുടർന്ന് കേരളത്തിലെ മിക്ക ജില്ലകളിലും വെള്ളപ്പൊക്കവും മലയോര മേഖലകളിൽ ഉരുൾപൊട്ടലുമുണ്ടായി. അണക്കെട്ടുകളിലെ ജലനിരപ്പ് ക്രമാതീതമായി ഉയർന്നതോടെ അവയുടെ ഷട്ടറുകൾ തുറന്നുവിട്ടത് വെള്ളപ്പൊക്കത്തിന്റെ ആഘാതം വർധിപ്പിച്ചു. ചരിത്രത്തിലാദ്യമായാണ് കേരളത്തിലെ 54 അണക്കെട്ടുകളിലെയും വെള്ളം തുറന്നു വിടേണ്ട സാഹചര്യമുണ്ടായത്. ഇത് മുൻകൂട്ടി കാണാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന് കഴിഞ്ഞില്ല. മുൻകരുതലുകളെടുക്കാൻ സാധിക്കാത്തതിനാൽ സംസ്ഥാനം വലിയൊരു ദുരന്തത്തിൽ അകപ്പെട്ടതോടെയാണ് പുതിയൊരു റഡാർ വേണമെന്ന ആവശ്യം ശക്തമായത്. ഇനി 14 ജില്ലകളിലെയും കാലാവസ്ഥ കൃത്യമായി പ്രവചിക്കാനും മുൻ കരുതലുകൾ സ്വീകരിക്കാനും സാധിക്കും.
പുതിയ റഡാർ മഴയുടെ തീവ്രത കൂടാതെ മഴത്തുള്ളികളുടെ ചലനവും കണ്ടുപിടിക്കും. കൊടുങ്കാറ്റുകളുടെ ഘടനയും കനത്ത കാലാവസ്ഥക്ക് കാരണമാകാനുള്ള സാധ്യത ഉൾപ്പെടെ ഡാറ്റ സഹിതം വിശകലനം ചെയ്യും. ഇതോടെ ഭാവിയിൽ വൻ ദുരന്തങ്ങൾ മുൻകൂട്ടി അറിയാനും മുൻകരുതലുകളെടുക്കാനും സാധിക്കുമെന്നും അധികൃതർ പറഞ്ഞു.