Connect with us

ആത്മായനം

ഒരു കഥയും ഒരു പിടി പാഠങ്ങളും

ഒരുപാട് പാഠങ്ങൾ തരുന്ന ഈ സംഭവം തിരുദൂതരിൽ (സ) നിന്ന് അബൂഹുറൈറ (റ) റിപ്പോർട്ട് ചെയ്തതാണ്. സ്വഹീഹ് ബുഖാരിയും മുസ്്ലിമും ഈ സംഭവം രേഖപ്പെടുത്തിയിട്ടുണ്ട്. സുഹൃത്തുക്കളേ, ഈ ഹദീസ് നമുക്ക് തരുന്ന പാഠങ്ങൾ ഒന്ന് പരതിയാലോ..?

Published

|

Last Updated

ജുറൈജ് (റ) സാത്വികനാണ്. ഒരു കൂടാരം കെട്ടി അവിടുന്നതിൽ ഉപാസനയുമായി കഴിഞ്ഞു.
ഒരു ദിനം അവിടുത്തെ കാണാനായി പ്രിയപ്പെട്ട ഉമ്മ വന്നു. ആ സമയം മഹാനവർകൾ നിസ്്കാരത്തിലായിരുന്നു. ഉമ്മ നീട്ടി വിളിച്ചു “ജുറൈജേ…’ ഉമ്മയുടെ വിളി കേൾക്കണോ ? നിസ്കാരം തുടരണോ ? മഹാൻ ആശയക്കുഴപ്പത്തിലായി.
” റബ്ബേ, എന്റെ ഉമ്മ, എന്റെ നിസ്കാരം !!?’

കൂടുതലൊന്നും ആലോചിക്കാതെ നിസ്കാരം തുടർന്നു. ഉമ്മ തിരികെ പോയി.
രണ്ടാം ദിനവും പൊന്നു മോനേ കാണാൻ ഉമ്മയെത്തി. മഹാൻ നിസ്കാരത്തിൽ തന്നെയാണ്. ഉമ്മയുടെ സാന്നിധ്യവും നിസ്കാരം മുറിക്കേണ്ടി വരുന്നതിന്റെ അസ്വാരസ്യവും വീണ്ടും അദ്ദേഹത്തെ ആശങ്കയിലാക്കി. മഹാൻ നിസ്കാരം മുറിച്ചില്ല. ഉമ്മ മടങ്ങി.
മൂന്നാം ദിനവും ഉമ്മയെത്തി. കഴിഞ്ഞ രണ്ട് ദിനം പോലെ തന്നെ സംഭവിച്ചു. ഇത്തവണ ഉമ്മയുടെ മനസ്സ് തെല്ലൊന്ന് നൊന്തു. മൂന്ന് ദിനം വന്നിട്ടും മകനെ കാണാൻ കഴിയാത്തതിന്റെ പ്രതിഷേധത്തിൽ അവർ മേൽപ്പോട്ട് കൈ ഉയർത്തി.

“അല്ലാഹ്… അവനെ ഒരു അഭിസാരികയുടെ മുഖം കാണിക്കാതെ മരിപ്പിക്കല്ലേ.’
അല്ലെങ്കിൽ തന്നെ ജുറൈജിനെ കുറിച്ചും അദ്ദേഹത്തിന്റെ ആരാധനയെ കുറിച്ചും അടക്കം പറയുന്ന ബനൂ ഇസ്റാഈല്യരുണ്ടായിരുന്നു. “നിങ്ങൾക്കാഗ്രഹമുണ്ടെങ്കിൽ അവനെ ഞാൻ കുളമാക്കി തരാം.’ അന്നാട്ടിലെ തല തെറിച്ച ഒരു പെണ്ണിന്റെ അഭിപ്രായമാണ്. അവർ സമ്മതം മൂളി. താമസംവിനാ അവൾ പണി തുടങ്ങി. അണിഞ്ഞൊരുങ്ങി ലൈംഗിക ചേഷ്ടയോടെ ജുറൈജിന്റെ നിസ്കാരം കലക്കാൻ പഠിച്ച പണി പതിനെട്ടുമെടുത്തു. ഒരു ഫലവുമുണ്ടായില്ല. നിസ്കാരത്തിന്റെ ആനന്ദത്തിലലിഞ്ഞവർക്കെന്ത് സുന്ദരി?!.

ആരാധനയിലുള്ള മഹാന്റെ ശ്രദ്ധ ഒരു കണ്ണിമ വെട്ടം പോലും തെന്നിയില്ല. എല്ലാം പരാജയപ്പെട്ട അഭിസാരിക അതേ വേഷത്തിൽ താഴ്്വാരത്തിലുള്ള ഒരു ആട്ടിടയന്റെ അരികിലെത്തി. അയാൾ ആ വലയിൽ വീണു. ലൈംഗിക കൃത്യത്തിലേർപ്പെട്ടു. മാസങ്ങൾ കഴിഞ്ഞു. അങ്ങനെ പ്രസവിച്ച കുട്ടിയുമായി അവൾ കുപ്രചാരത്തിന്റെ പന്തം കത്തിച്ചു നാട് നീളെ ജുറൈജിന്റെ പേരിൽ ഫേക്ക് ന്യൂസ് പടർത്തി. നേരത്തെ പരാജയപ്പെട്ടതിന്റെ അരിശം എരിതീയിൽ എണ്ണ വീഴ്ത്തി. ജനങ്ങൾ കാത്തിരുന്ന ആയുധവും ഇതായിരുന്നു. അവരൊന്നടങ്കം ഇരമ്പിയാർത്തു. മഹാനെ പിടിച്ചിറക്കി പൊതിരെ തല്ലി ആ കുടിൽ പൊളിച്ചു. ഒന്നുമറിയാതെ ജുറൈജ് വെറുങ്ങലിച്ച് നിന്നു.
” നിങ്ങൾക്കൊക്കെ എന്തുപറ്റി? എന്താ കാര്യം’

അവിടുന്ന് അക്രമികളോട് തിരക്കി. “ഈ പെണ്ണിനെ പ്രാപിച്ച് കുട്ടിയെ ഉണ്ടാക്കിയിട്ട് എന്ത് പറ്റിയെന്നോ ?’ അവർ ആർത്തു.
“എവിടെ കുട്ടി, സത്യാവസ്ഥ ഞാനൊന്ന് നോക്കട്ടെ?’ മഹാൻ കെഞ്ചി.
” നിങ്ങളെന്നെ രണ്ട് റക്അത്ത് നിസ്്കരിക്കാനനുവദിക്കണം’. അവിടുന്ന് നിസ്കരിച്ച് ദുആ ഇരന്നു. അപ്പോഴേക്ക് കുട്ടിയെ കൊണ്ടുവന്നു. ജുറൈജ് എഴുന്നേറ്റ് കുട്ടിയുടെ ഉദരത്തിൽ ചെറുതായൊന്ന് തട്ടി. “കുഞ്ഞേ, നിന്റെ പിതാവാരാണ് ?’
ഉടൻ നവജാത ശിശു സംസാരിച്ചു!
“എന്റെ പിതാവ് ആ ഇടയനാണ്.’
ജനം പകച്ചു നിന്നു.
അവർ മഹാന്റെ കൈപിടിച്ചു ചുംബിച്ചു; കാൽക്കീഴിൽ വീണു.
“ഞങ്ങളോട് പൊറുക്കണം, പൊളിച്ച മൺകുടിലിനു പകരം ഞങ്ങൾ സ്വർണക്കൂടാരം ഒരുക്കിത്തരാം’.
” വേണ്ട, എനിക്കാ പഴയ മൺകുടിൽ തന്നെ മതി’. മഹാൻ പറഞ്ഞ പ്രകാരം അവർ അവിടെ പുതിയ കുടിലുകെട്ടി.

ഒരുപാട് പാഠങ്ങൾ തരുന്ന ഈ സംഭവം തിരുദൂതരിൽ (സ) നിന്ന് അബൂഹുറൈറ (റ) റിപ്പോർട്ട് ചെയ്തതാണ്. സ്വഹീഹ് ബുഖാരിയും മുസ്്ലിമും ഈ സംഭവം രേഖപ്പെടുത്തിയിട്ടുണ്ട്.
സുഹൃത്തുക്കളേ, ഈ ഹദീസ് നമുക്ക് തരുന്ന പാഠങ്ങൾ ഒന്ന് പരതിയാലോ..?

  1. മാതാപിതാക്കളെ അത്യധികം പരിഗണിക്കണം. അവരോട് നമുക്ക് ബാധ്യതയേറെയാണ്. സുന്നത്ത് നിസ്്കാരത്തെക്കാൾ അവരെ അനുസരിക്കാൻ ബാധ്യസ്ഥരാണ് നാം. ഫർള് നിസ്്കാരമാണെങ്കിൽ നിസ്്കാരം ലളിതമാക്കുകയാണ് വേണ്ടത്.
  2. മാതാപിതാക്കൾക്ക് മക്കളോടുള്ള ലാളന അപരിമേയമാണ്. അതിനെ തിരിച്ചറിഞ്ഞു വേണം തിരിച്ചുള്ള പ്രതികരണങ്ങൾ.
  3.  ആശങ്കയുടെ നേരത്ത് വിശ്വാസിയുടെ ആശ്രയം റബ്ബാണ്. അതുകൊണ്ടാണ് ജുറൈജ് (റ) റബ്ബേ എന്റെ നിസ്്കാരം, എന്റെ ഉമ്മ… എന്നിങ്ങനെ മന്ത്രിച്ചുകൊണ്ടിരുന്നത്. സ്വയം തീരുമാനമെടുക്കും മുമ്പേ പ്രാർഥനയുടെ മുഖവുര ഉണ്ടായിരിക്കണം. അതി ധിഷണാശാലിയായ തിരുദൂതർ (സ) പോലും ആശയക്കുഴപ്പങ്ങളുടെ നേരത്ത് “റബ്ബേ എനിക്ക് ശരിയായ മാർഗദർശനം നൽകണേ… നീ ഉദ്ദേശിക്കുന്നവനെ ഋജുവായ രേഖയിൽ നയിക്കുന്നവനാണ്, തീർച്ച’ എന്നിങ്ങനെ പ്രാർഥിക്കാറുണ്ടായിരുന്നു.
  4. മുഖ്യ പരിഗണനാ ക്ര‌മങ്ങളിൽ കർമശാസ്ത്രത്തിന്റെ വിശാലതയെ മനസ്സിലാക്കണം. മാതാപിതാക്കളെ പരിഗണിക്കാൻ വേണ്ടി സുന്നത്ത് നിസ്്കാരം മുറിക്കാവുന്നതാണ് എന്നതാണ് കർമശാസ്ത്ര പാഠം.
  5. കുട്ടികൾക്കെതിരിൽ പ്രാർഥനയെ ഉപയോഗപ്പെടുത്തരുത്. കാരണം കുട്ടികൾക്ക് വേണ്ടിയുള്ള മാതാപിതാക്കളുടെ പ്രാർഥന സ്വീകാര്യ പ്രാർഥനകളിൽ മുൻപന്തിയിലുള്ളതാണ്. ശേഷിയില്ലാത്ത ആടിയ കൈയുമായി നിൽക്കുന്ന പ്രായമുള്ള മനുഷ്യനോട് ഇതെന്തു പറ്റിയെന്ന് ഉമർ (റ) ചോദിക്കുന്നുണ്ട് “അജ്ഞാനകാലത്ത് എന്റെ പിതാവ് പ്രാർഥിച്ചതിന്റെ അനന്തരഫലമാണിത്’
    കണ്ടില്ലേ… ജാഹിലിയ്യാ കാലത്തെ പ്രാർഥന ഇങ്ങനെയെങ്കിൽ ഇസ്്ലാമാനന്തരം പറയേണ്ടതുണ്ടോ ? എന്ന് ഉമർ (റ) പഠിപ്പിച്ചു. കുട്ടികൾക്കെതിരെ തൊടുത്ത് വിടുന്ന സംസാരങ്ങൾ രക്ഷിതാക്കൾ വളരെ ഗൗരവത്തോടെ കാണേണ്ടതാണ്. പ്രാർഥന തള്ളാതെ സ്വീകരിക്കപ്പെടുന്ന സമയങ്ങളും സന്ദർഭങ്ങളുമുണ്ട്. തിളച്ചുമറിഞ്ഞ ദേഷ്യത്തിനിടെ ഛർദിച്ച വാക്ക് വലിയ ദുരന്തമാവും വരുത്തി വെക്കുക. പ്രശ്നം ഒരു ഗ്ലാസ് പൊട്ടിച്ചതാവും ജീവിതം തന്നെ തുലക്കുന്ന വാക്കാവും പ്രയോഗിച്ചിട്ടുണ്ടാവുക.
    പത്ത് രൂപയുടെ പ്രശ്നം കോടികൾ കൊണ്ടും പരിഹരിക്കപ്പെടാത്ത അപകടമായി ഭവിക്കുന്നതിന്റെ ദുരന്തം ചെറുതൊന്നുമല്ലല്ലോ. കുട്ടികൾക്ക് അനുകൂലമായിരിക്കണം മാതാപിതാക്കളുടെ പ്രാർഥനകളും വാക്ക് പ്രയോഗങ്ങളും. അത് കുട്ടിയുടെ ജീവിതത്തിൽ ഒരുപാട് മേന്മകളുണ്ടാക്കും.
  6.  നന്മ ചെയ്യുന്നവനോട് അസൂയ വെക്കുന്ന അനേകം പേരുണ്ടാകും ചുറ്റിലും. ആദ് സമുദായക്കാർക്ക് ലൂത്വ് നബിയുടെ (അ) യും കുടുംബത്തിന്റെയും ജീവിതത്തോട് അസൂയയായിരുന്നു. “ലൂത്വ് കുടുംബത്തെ നമ്മുടെ നഗരത്തില്‍നിന്നു നാടുകടത്തുക. അവര്‍ വലിയ വിശുദ്ധി ചമയുന്നവരാണ് പോലും’ എന്നവർ കളിയാക്കി പറഞ്ഞിരുന്നു. ജനങ്ങളെല്ലാവരും തങ്ങളെ പോലെ തെറ്റുകാരായിരിക്കണമെന്നും ആരും നന്നാവരുതെന്നുമാണ് തെറ്റുകാരുടെ പൊതു നിലപാട്. ജുറൈജ് (റ) ന്റെ വിശുദ്ധ ജീവിതം ജനങ്ങളുടെ കണ്ണിൽ കരട് വീഴ്ത്തിയത് അങ്ങനെയാണ്. വിശ്വാസികളോടുള്ള അവിശ്വാസികളുടെ അസൂയ സൂറ: ബഖറ 109 സാക്ഷ്യപ്പെടുത്തുന്നുണ്ട് “വിശ്വസിച്ചു കഴിഞ്ഞ നിങ്ങളെ എവ്വിധമെങ്കിലും സത്യനിഷേധത്തിലേക്കു മടക്കണമെന്നല്ലോ വേദക്കാരിൽ ഭൂരിപക്ഷവും ആഗ്രഹിക്കുന്നത്. സത്യം തെളിഞ്ഞുകഴിഞ്ഞിട്ടും സ്വന്തം മനസ്സിലെ അസൂയ നിമിത്തം അവര്‍ അങ്ങനെ കാംക്ഷിക്കുന്നു. അല്ലാഹു അവന്റേതായ തീരുമാനം നടപ്പാക്കുവോളം നിങ്ങളവരോട് വിട്ടുവീഴ്ചയും സൗമനസ്യവും കാണിക്കുവിന്‍.’
    അത്തരക്കാരോട് സൗമ്യമായ നിലപാട് സ്വീകരിക്കണമെന്ന പാഠത്തെ തന്നെയാണ് ജുറൈജ് (റ) ഉൾക്കൊണ്ടത്. ഇതരന്റെ നന്മകൾ തകർന്നു വീഴുന്നത് കാണുന്നതിനെ ആനന്ദമായി കരുതുന്നത് ഗുരുതരമായ രോഗമാണ്. അത് വിശ്വാസിക്ക് ചേർന്നതല്ല. അസൂയാലുക്കളിൽ നിന്ന് അല്ലാഹുവോട് രക്ഷ ചോദിക്കണമെന്നാണ് സൂറ: ഫലഖ് പഠിപ്പിച്ചത്. ആകാശ – ഭൗമ ലോകങ്ങളിൽ സംഭവിച്ച പ്രഥമമായ കുറ്റവും അസൂയയാണ് ( ഇബ് ലീസിന്റെ സുജൂദ് വിസമ്മതം, ഖാബീൽ – ഹാബീൽ സംഭവം ). അതിരൂക്ഷമായ പര്യവസാനമാണ് അവക്കൊക്കെ ഉണ്ടായത്. തീ വിറകു തിന്നുന്നതിന് സമാനം നന്മകളെ അസൂയ ചാമ്പലാക്കുക തന്നെ ചെയ്യും.
  7. സത്യവിശ്വാസികൾ ഇഹലോകത്തിന്റെ സൗന്ദര്യ ഭാവങ്ങളിൽ വീണു പോവുന്നവരല്ല. വശീകരണങ്ങളോട് പക്വമായി ഇടപെടാനും പ്രതിരോധിക്കാനും വിശ്വാസം അവരെ സഹായിക്കുന്നു. മഹാനവർകൾ വ്യഭിചാരി പെണ്ണിന്റെ ചേഷ്ടയിൽ വീഴാതിരുന്നതും ആട്ടിടയൻ അതിന് കീഴ്പ്പെട്ടതും വിശ്വാസത്തിന്റെ ഏറ്റക്കുറച്ചിൽ കാരണമായാണ്.
  8.  ഭക്തൻമാരെ തെറ്റിലകപ്പെടുത്തുകയെന്നത് ക്ലേശകരമാണ്. അവരുടെ ആരാധനകൾ അവർക്ക് സുരക്ഷിത കവചമൊരുക്കും.
    നിസ്‌കാരം നിലനിര്‍ത്തുക. നിശ്ചയം, നിസ്‌കാരം മ്ലേച്ഛകൃത്യങ്ങളില്‍നിന്നും ദുര്‍വൃത്തികളില്‍നിന്നും തടയുന്നതാണ് (സൂറ: അൻകബൂത്ത് 45 ) എന്ന ഖുർആനിക പാഠം നിസ്്കാരമൊരുക്കുന്ന സുരക്ഷയെ വെളിപ്പെടുത്തുന്നുണ്ട്.
  9. വഞ്ചകർ അവരുടെ പണി നിർത്തില്ല. ഒന്നല്ലെങ്കിൽ മറ്റൊന്ന്, സത്കർമികളെ വഷളാക്കുവോളം അവരവരുടെ പദ്ധതികളെ പുതുക്കിക്കൊണ്ടേയിരിക്കും. മഹാനവർകൾ കീഴ്പ്പെടില്ലെന്ന് കണ്ടപ്പോൾ അവൾ മറ്റൊരുത്തന്റെ അടുത്തെത്തുന്നത് അങ്ങനെയാണ്.
  10. നല്ലതു ചെയ്യുന്നവരാർക്കും ആരോപണങ്ങളുണ്ടാവാതിരുന്നിട്ടില്ല. സ്വഭാവദൂഷ്യം കൊണ്ടല്ല അവരാരും ആരോപിതരായത്, മറിച്ച് ചെയ്യുന്ന നന്മകളോട് ശത്രുക്കൾക്കുള്ള അരിശമാണതിനു കാരണം. അല്ലാഹുവിന്റെ പരീക്ഷണങ്ങളിൽ പെട്ട അത്തരം സന്ദർഭങ്ങളിൽ തളരാതെ മുന്നോട്ട് ഗമിക്കുകയാണ് വേണ്ടത്. തിരുനബി(സ)ക്കെതിരെ ആദ്യം ഭ്രാന്താരോപിച്ചു , നിഷ്ഫലമായപ്പോൾ വിഡ്ഢിയാണെന്ന്, അത് പരാജയപ്പെട്ടപ്പോൾ കൂടോത്രക്കാരനാണെന്ന്, ഏൽക്കാതെയായപ്പോൾ തെരുവ് കവിയാണെന്ന്, അത് പരിഗണിക്കാതായപ്പോൾ ജ്യോത്സ്യനാണെന്ന് അങ്ങനെയങ്ങനെ ആരോപണങ്ങൾ അടിക്കടി വന്നുകൊണ്ടേയിരുന്നല്ലോ. എന്നിട്ടും തിരുദൂതരുടെ പ്രബോധന ദൗത്യം അതി ശീഘ്രം മുന്നോട്ട് ഗമിച്ചു.
  11.  പ്രതിസന്ധിയുടെ ഘട്ടത്തിൽ വിശ്വാസിയുടെ ആയുധം നിസ്്കാരവും പ്രാർഥനയുമാണ്. കാരണം, ഭൗമ ലോകത്തിന്റെ പ്രശ്നങ്ങളുടെ പരിഹാരം മുഴുക്കെ ഉപരിലോകത്ത് നിന്നാണ് നിർവഹിക്കപ്പെടേണ്ടത്. തൂക്കുമരച്ചോട്ടിൽ നിന്ന് ഖുബൈബ് ബ്നു അദിയ്യ് (റ) നിസ്കരിക്കാൻ അവസരമാവശ്യപ്പെട്ടതും യുദ്ധരംഗത്ത് മുസ്്ലിം പടയാളികൾ നിസ്്കരിച്ചതും ഈ ആലോചനയുടെ ഭാഗമായാണ്.
  12.  പ്രയാസമനുഭവിക്കുന്നവന്റെ പ്രാർഥനക്ക് ഉത്തരം ലഭിക്കും. പീഡിതന്‍ പ്രാര്‍ഥിക്കുമ്പോള്‍ അതിനുത്തരം ചെയ്യുന്നതും അയാളുടെ പീഡയകറ്റുന്നതും നിങ്ങളെ ഭൂമിയിലെ പ്രതിനിധികളാക്കുന്നതും ആരാണ്? (സൂറ: നംല് 62 ) നിശ്ചയം, സത്യവിശ്വാസികള്‍ക്കുവേണ്ടി അല്ലാഹു പ്രതിരോധിക്കുന്നതാകുന്നു. തീർച്ചയായും നന്ദികെട്ട, വഞ്ചകരായ ആരെയും അല്ലാഹു സ്‌നേഹിക്കുന്നില്ലതന്നെ. (സൂറ: ഹജ്ജ് 38). തുടങ്ങി പീഡിതന് കൂട്ടായി പ്രാർഥനയുണ്ടാകുമെന്ന് പ്രഖ്യാപിക്കുന്ന അനവധി സൂക്തങ്ങൾ വിശുദ്ധ ഖുർആനിലുണ്ട്. ജുറൈജ് (റ) ന് പ്രശ്ന രൂഷിത സാഹചര്യത്തിൽ നിന്ന് ഒടുക്കം രക്ഷയായത് പ്രാർഥനയാണെന്നതിൽ സംശയമില്ല.
  13. സംശയാസ്പദമായി നമ്മളാരോപിതരായാൽ വസ്തുത തെളിയിച്ച് കൊടുക്കണം. അതിന് സാധ്യമായ മാർഗങ്ങൾ ഉപയോഗപ്പെടുത്തണം. ഭീരുവായാൽ ദുരാരോപണം നമുക്ക് പല നന്മകൾക്കും വിഘാതമാകും. യൂസുഫ് നബി (അ)ക്കെതിരിൽ വന്ന ദുരാരോപണം നബി പ്രതിരോധിക്കുന്നത് സൂറ: യൂസുഫിൽ കാണാൻ കഴിയും.
  14. അല്ലാഹു അവന്റെ ഇഷ്ടക്കാരെ അഭൗതികമായ കഴിവ് (കറാമത്ത്) മുഖേന സഹായിക്കും. നവജാത ശിശു സംസാരിക്കുന്ന രംഗമാണ് ഈ സംഭവത്തിൽ കണ്ടത്.
  15.  നബിമാരും വലിയ്യുമാരും അടക്കം ഭക്തജനങ്ങളെയൊക്കെ അല്ലാഹു പലവിധേന പരീക്ഷിക്കും. കുടിലു പൊളിക്കപ്പെട്ടു, ആരോപണ വിധേയനായി, മർദനമേറ്റു, തെറി വിളി കേട്ടു. പരീക്ഷണങ്ങളിലൊക്കെ ജുറൈജ് (റ) വിജയിച്ചു. അതാണ് ഖുർആനും പറഞ്ഞത്.
    “ഇവിടെ ഭക്തന്മാരായി വാണവരോ, അവരവലംബിച്ചത് രക്ഷാമാര്‍ഗമാകയാല്‍ അല്ലാഹു രക്ഷ നല്‍കുന്നതാകുന്നു. അവരെ ഒരു ദോഷവും ബാധിക്കുകയില്ല. അവര്‍ക്ക് ദുഃഖിതരാവേണ്ടി വരില്ല (സൂറ: സുമർ 61). അവരുടെയൊക്കെ രക്ഷയുടെ ആയുധം തഖ്്വയായിരുന്നു.
  16. കേട്ടതെല്ലാം കണ്ണടച്ചു വിശ്വസിക്കരുത്. അങ്ങനെ വിശ്വസിച്ചതാണ് ഒരു പാവം മനുഷ്യനെ തെറ്റിദ്ധരിക്കപ്പെടാനും അന്യായമായി അക്രമം നടത്താനും ഇടയായത്.
  17.  ഐഹികവിരക്തി വിശ്വാസികളുടെ ശീലമാണ്. സ്വർണക്കൂടാരം വേണ്ടെന്നു വെച്ചത് ആ ചിന്തയാണ്. ജുറൈജിന്(റ) മുതലെടുപ്പിനവസരമുണ്ടായിട്ടും ജനങ്ങളുടെ ഔദാര്യം വേണ്ടെന്നു വെച്ചു. ഒരാൾക്ക് ഇഹലോകത്തിന്റെ ആസ്വാദനങ്ങളോട് വിരക്തിയുണ്ടാവുന്നത് സ്വർഗീയാസ്വാദനത്തിന്റെ വിശാലത ബോധ്യമുള്ളത് കൊണ്ടാണ്.
  18.  ഇതരന്റെ മുതല് നശിപ്പിച്ചാൽ നാം ഉത്തരവാദിയാകും. അതിനു പകരം നൽകണം. എനിക്കാ പഴയ മൺകുടിൽ മടക്കിത്തരൂ എന്ന് ജുറൈജ് (റ) പറഞ്ഞതിൽ നിന്ന് അതും വ്യക്തമാണ്. അനസ് (റ) നിവേദനം ചെയ്യുന്നു: ആഇശ ബീവിയുടെ വീട്ടിലായിരിക്കെ നബി (സ) തങ്ങൾക്ക് ഭാര്യമാരിലൊരാൾ ഭക്ഷണം കൊടുത്തയച്ചു. ബീവിക്ക് അതത്ര രസിച്ചില്ല , ദേഷ്യം വന്നു, ഒറ്റ തട്ട്, ഭക്ഷണത്തളിക തറയിൽ വീണ് പൊട്ടി, ഭക്ഷണം ചിതറി. ആ നേരം റസൂൽ (സ) പറഞ്ഞു: “ഭക്ഷണത്തിനു പകരം ഭക്ഷണം, പാത്രത്തിനു പകരം പാത്രം ‘ (തുർമുദി) വീണു ചിതറിയ ഭക്ഷണത്തളികക്കു പകരം മറ്റൊന്നു നൽകണമെന്ന സന്ദേശമാണ് അന്നേരം പഠിപ്പിക്കപ്പെട്ടത്.
  19.  ഒരു നിമിഷവും തളരരുത്. സ്വർഗം നേടുകയെന്നത് ലളിതമല്ല, ജീവിതത്തിനിടയിൽ കാറുമൂടും ഇടിമുഴക്കങ്ങളുണ്ടാകും ഉരുൾപൊട്ടലും പ്രളയവുമുണ്ടാകും വിശ്വാസി വൻമരങ്ങൾ പോലെ കടപുഴകി വീഴാൻ പാടില്ല. കൊച്ചു ചെടികൾ പോലെ വേരുറച്ച് നിൽക്കണം. പൊട്ടക്കിണറിൽ നിന്ന് രാജാധികാരത്തിലേക്കുള്ള പിടിക്കയർ യൂസുഫ് (അ) ന് കൊടുത്തതാരാണ്? രാത്രിയുടെ മറവിൽ ഒളിഞ്ഞ് നാടുവിട്ട തിരുദൂതർ (സ) ദിഗന്ധങ്ങളെ വിറപ്പിച്ച് തേജോമയമായ പകലിൽ വിജയശ്രീലാളിതനായി മടങ്ങിവരാൻ ആരാണ് വഴിയൊരുക്കിയത് ? എല്ലാം അല്ലാഹുവിന്റെ തീരുമാനങ്ങളാണ്. അതുകൊണ്ട് നമുക്ക് ആകെയുള്ള പ്രതീക്ഷ അല്ലാഹുവാണ്. അവൻ മാത്രം.

 

---- facebook comment plugin here -----

Latest