Connect with us

Kerala

ഓരോ ചുവടിലും കണ്ണീരിന്റെ കഥ

മാതാവ് നാട്ടിലുണ്ടെങ്കിലും കണ്ടിട്ട് വർഷങ്ങളായി. ചോദിച്ചറിയുന്നതിനിടെ അവന്റെ കണ്ണുനിറഞ്ഞു, കണ്ഠമിടറി

Published

|

Last Updated

മത്സരം കഴിഞ്ഞ് കുട്ടികളെല്ലാം പുറത്തിറങ്ങിയപ്പോൾ ആദ്യം കിട്ടിയത് ജിഷ്ണുവിനെയാണ്. പണിയനൃത്ത വേദിയിൽ മേളക്കാരനായിരുന്നു അവൻ. പത്തനംതിട്ട വടശ്ശേരിക്കരയിലെ ട്രൈബൽ സ്‌കൂളിൽ പ്ലസ് വൺ വിദ്യാർഥി. കണ്ണൂർ ഇരിട്ടിയിലാണ് വീട്. മതാപിതാക്കളുടെ സംരക്ഷണം നഷ്ടപ്പെട്ടതോടെ ചെറുപ്രായത്തിൽ തന്നെ ട്രൈബൽ സ്‌കൂളിലെത്തി. പിതിവിനെ കുറിച്ച് വിവരമില്ല. മാതാവ് നാട്ടിലുണ്ടെങ്കിലും കണ്ടിട്ട് വർഷങ്ങളായി. ചോദിച്ചറിയുന്നതിനിടെ അവന്റെ കണ്ണുനിറഞ്ഞു, കണ്ഠമിടറി.

കനകക്കുന്ന് നിശാഗന്ധിയിലെ കബനിയിൽ പണിയനൃത്തം അരങ്ങേറുന്പോൾ ഒരു അധ്യാപകൻ ആത്മഗതമെന്നോണം പറഞ്ഞ വാക്കിന്റെ ആഴം മനസ്സിലായത് അപ്പോഴാണ്: “അവരുടെ ജീവിതകഥ ഞാൻ കേൾക്കാറില്ല. ഓരോരുത്തർക്കും പറയാനുണ്ടാകും വിശ്വസിക്കാൻ പോലും പറ്റാത്തത്രയും കഠിനമായ കദനകഥ. അത് കേൾക്കാനുള്ള മനസ്സുറപ്പില്ല…’
“ഈ കുട്ടികളുടെ കഷ്ടപ്പാടിന്റെ ചുരുളഴിക്കാൻ വലിയ പ്രയാസമാണ്. ഉൾവലിയുന്നുവെന്ന് മനസ്സിലായാൽ ഞങ്ങൾ പിന്നാലെ കൂടും. മെല്ലെമെല്ലെ അവർ പറഞ്ഞുതുടങ്ങും- കഷ്ടപ്പാടിന്റെ ആഴം’- മലയാളം അധ്യാപകനായ ജോൺ കെന്നഡി പറഞ്ഞു.

രക്ഷാകർത്തൃ യോഗം വിളിച്ചാൽ ചുരുക്കം രക്ഷിതാക്കളേ എത്തുകയുള്ളൂ. പലർക്കുമുള്ളത് അമ്മൂമ്മരാണ്. സാറേ, ഇവനെ നോക്കണേ… എന്റെ കാലശേഷം ഇവൻ എന്താകുമെന്ന് ചിന്തിക്കാനാകില്ല. അമ്മൂമ്മമാരുടെ അപേക്ഷ പലപ്പോഴും മനസ്സുലച്ചിട്ടുണ്ട്’- സോഷ്യോളജി അധ്യാപിക കവിതക്കും പറയാനുള്ളത് മറ്റൊന്നല്ല.
വടശ്ശേരിക്കര ട്രൈബൽ സ്‌കൂളിൽ 197 വിദ്യാർഥികളാണുള്ളത്. വകുപ്പ് പ്രത്യേകം വകയിരുത്തിയ ഫണ്ട് ഉപയോഗിച്ചാണ് വിദ്യാർഥികളെ മത്സരത്തിന് പരിശീലിപ്പിക്കുന്നത്. പണിയനൃത്തം കൂടാതെ പളിയനൃത്തം, ഇരുളനൃത്തം, നാടകം എന്നീ ഇനങ്ങളിലും ഇവിടുത്തെ വിദ്യാർഥികൾ ഇത്തവണ മത്സരിക്കുന്നുണ്ട്.

Latest