Connect with us

Articles

ഹൃദയം കൊണ്ടെഴുതിയ കഥാകാരന്‍

മനുഷ്യനെ കള്ളികളായി തിരിക്കുന്ന കാലത്ത് ബേപ്പൂര്‍ സുല്‍ത്താന്‍ കൂടുതല്‍ വായിക്കപ്പെടുന്നു എന്നത് കൃത്യമായ രാഷ്ട്രീയ സന്ദേശം കൂടിയാണ്. സ്വന്തത്തെ കുറിച്ച് വേവലാതിപ്പെട്ടയാളല്ല ബഷീര്‍. അപരന്റെ വേദനകളിലേക്കാണ് അദ്ദേഹം വായനക്കാരുടെ ശ്രദ്ധ ക്ഷണിച്ചത്. എന്റെ കൃതികള്‍ ഏറ്റവും കൂടുതല്‍ വായിച്ച് ചിരിച്ചതും കരഞ്ഞതും ഞാന്‍ തന്നെയായിരിക്കുമെന്ന് പറഞ്ഞത് കഥാകാരന്‍ തന്നെയാണ്.

Published

|

Last Updated

യുനെസ്‌കോയുടെ ക്രിയേറ്റീവ് സിറ്റീസ് നെറ്റ്്വര്‍ക്കില്‍ (യു സി സി എന്‍) ഉള്‍പ്പെടുത്തി ഇന്ത്യയിലെ ആദ്യത്തെ സാഹിത്യ നഗരം (സിറ്റി ഓഫ് ലിറ്ററേച്ചര്‍) പദവിനേട്ടം കോഴിക്കോടിന് കരഗതമായതിന്റെ സന്തോഷത്തിലാണ് മലയാളികള്‍. കോഴിക്കോടിന് സവിശേഷമായ മധുരമാണ് ഇതെങ്കിലും കേരളത്തിനു തന്നെ കിട്ടിയ അംഗീകാരമായാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. പോര്‍ച്ചുഗലിലെ ബ്രാഗായില്‍ ആ പദവി സമ്മാനിക്കപ്പെട്ടതിന്റെ ആഹ്ലാദത്തിന് അതിമധുരം പകര്‍ന്നുകൊണ്ടാണ് ഇത്തവണ ബഷീര്‍ ഓര്‍മദിനം വിപുലമായി കൊണ്ടാടപ്പെടുന്നത്.

കോഴിക്കോടിന്റെ രുചിക്കൂട്ടില്‍ അലിഞ്ഞ് ചേര്‍ന്ന സാഹിത്യ പാരമ്പര്യത്തില്‍, കോലായ മുതലിങ്ങോട്ട് ചെറുതും വലുതുമായ അനേകം ഒത്തിരിപ്പുകളുടെയും വിശ്വവിശ്രുതരായ എഴുത്തുകാരുടെയും ലോകനിലവാരത്തില്‍ പുസ്തകങ്ങള്‍ വായനക്കാരിലേക്കെത്തിക്കുന്ന പ്രസിദ്ധീകരണാലയങ്ങളുടെയും വായിച്ചിട്ടും വായിച്ചിട്ടും മടുക്കാത്ത വായനക്കാരുടെയും കൈയൊപ്പുകളുണ്ട്. കോട്ടയം ജില്ലയിലെ തലയോലപ്പറമ്പ് എന്ന ദേശത്ത് നിന്ന് കോഴിക്കോട്ടേക്ക് കുടിയേറിയ ഇമ്മിണി ബല്യ സാഹിത്യകാരന്റെ ഓര്‍മകള്‍ ഒരര്‍ഥത്തില്‍ ഇന്ത്യന്‍ സാഹിത്യത്തിന്റെ തന്നെ അതിശയമാണ്. വൈക്കം മുഹമ്മദ് ബഷീര്‍ മലയാളികള്‍ക്ക് ആരായിരുന്നു?

‘വിശ്വ വിഖ്യാതമായ മൂക്ക്’ കാട്ടി വാക്കുകള്‍ കൊണ്ട് ഞാനെന്നഹംഭാവത്തിന്റെ മണ്ടക്ക് ഊക്കോടെ കൊട്ടിയ സാഹിത്യത്തറവാട്ടിലെ ഒറ്റയാന്‍. മലയാള സാഹിത്യത്തെ അരമനകളുടെ മതിലുകള്‍ക്കിപ്പുറത്തേക്ക് ഒരാടിനെ കാണിച്ച് വഴി നടത്തിയ ഭാഷയിലെയും ഭാവനയിലെയും ഇന്ദ്രജാലക്കാരന്‍. ആസക്തികളില്ലാതെ തന്നെ അനുരാഗവും ആനന്ദവും സാധ്യമാണ് എന്ന് തെളിയിച്ച ദിവ്യപ്രണയത്തിന്റെ കഥാകാരന്‍. കൊട്ടാരങ്ങളുടെയും നാലുകെട്ടുകളുടെയും പുറത്ത് നരച്ചും നരകിച്ചും ജീവിക്കുന്ന മനുഷ്യരുണ്ട് എന്ന് സാഹിത്യവായനക്കാരെ അറിയിച്ച പാവങ്ങളുടെ ജീവിതമെഴുത്തുകാരന്‍. വ്യക്തിജീവിതത്തെ സര്‍ഗജീവിതമായും സാഹിത്യജീവിതമായും പരിവര്‍ത്തിപ്പിച്ച ദാര്‍ശനികന്‍. ബഷീറിനെ കുറിച്ചാകുമ്പോള്‍ ഇങ്ങനെ നീട്ടിനീട്ടിപ്പറയാന്‍ ‘പോരിശകള്‍’ ഏറെയുണ്ട്. ഇതെല്ലാം ചേര്‍ന്ന ബഷീറിനെയാണ് മലയാളികള്‍ ആദരവോടെ ബേപ്പൂര്‍ സുല്‍ത്താന്‍ എന്ന് വിളിച്ചത്.

ബഷീറിന്റെ എഴുത്തും ജീവിതവും ബഷീറില്‍ തുടങ്ങി ബഷീറിലവസാനിക്കുന്നു എന്ന അപൂര്‍വത കൂടിയുണ്ട്. ബഷീറിന്റെ ജീവിതം ബഷീറിന് മാത്രം സാധ്യമാകുന്ന ജീവിതമായിരുന്നു. ബഷീറിന്റെ എഴുത്താകട്ടെ അനുകരണങ്ങള്‍ക്ക് വഴങ്ങാത്തതുമായിരുന്നു. മറ്റൊരര്‍ഥത്തില്‍ ജീവിതം തന്നെ ആയിരുന്നു അദ്ദേഹത്തിന്റെ സാഹിത്യം. അതുകൊണ്ട് അവിടേക്ക് മറ്റാര്‍ക്കും കടന്നുകയറാന്‍ സാധിച്ചില്ല. ഒരാള്‍ക്ക് ബഷീറിനെ പോലെ എഴുതണമെങ്കില്‍ ബഷീറിനെ പോലെ ജീവിക്കേണ്ടി വരും. അതാകട്ടെ അങ്ങേയറ്റം ദുഷ്‌കരമാണ് താനും. അനുഭവങ്ങളുടെ വന്‍കരകള്‍ താണ്ടി പതിറ്റാണ്ടുകള്‍ക്കു മുമ്പേ സാഹിത്യ പൂമുഖത്തെ വര്‍ണവ്യവസ്ഥയെ, ലാവണ്യശാസ്ത്രത്തെ നാം പോലുമറിയാതെ കീഴ്മേല്‍ മറിച്ചിട്ട് നമ്മെ ‘ഏകാന്തയുടെ മഹാ തീര’ത്തേക്ക് ഉള്ളുണര്‍ത്തിയ ജ്ഞാനിയായിരുന്നു ബഷീര്‍.

1944ല്‍ എഴുതിയ ഒരു പ്രണയ കഥ 80 ആണ്ടിനിപ്പുറം സാഹിത്യപ്രേമികള്‍ ഊറ്റത്തോടെ വായിക്കുന്നുണ്ടെങ്കില്‍ അതിന്റെ ലെവല്‍ ഒന്ന് വേറെത്തന്നെയാണ്. മജീദും സുഹറയും തീര്‍ത്ത കാപട്യമേശാത്ത പ്രണയം ഓരോ വായനയിലും നമ്മുടെ കണ്ണ് നനയിക്കുന്നു. ഇക്കാലത്തിനിടക്ക് എത്ര പേര്‍ എത്രയെത്ര പ്രണയകഥകളെഴുതിയിരിക്കുന്നു! പക്ഷേ ഒന്നും ബാല്യകാല സഖിയോളം എത്തിയില്ല എന്നതാണ് നേര്! ‘അനന്തമായ പ്രാര്‍ഥനയാകുന്നു ജീവിത’മെന്ന തിരിച്ചറിവ് ഉള്‍വഹിക്കുന്ന ആത്മീയത അദ്ദേഹത്തിന്റെ സാഹിത്യത്തെ മറ്റൊരു തലത്തിലേക്ക് ഉയര്‍ത്തുന്നു. ‘ഞാനും നീയുമെന്ന യാഥാര്‍ഥ്യത്തില്‍ നിന്ന് നീ മാത്രം ബാക്കിയാകുന്നു’ എന്ന് ബഷീറെഴുതുമ്പോള്‍ അപരോന്മുഖമായ അദ്ദേഹത്തിന്റെ മനസ്സ് അതില്‍ പ്രതിഫലിക്കുന്നുണ്ട്. മനുഷ്യനെ കള്ളികളായി തിരിക്കുന്ന കാലത്ത് ബേപ്പൂര്‍ സുല്‍ത്താന്‍ കൂടുതല്‍ വായിക്കപ്പെടുന്നു എന്നത് കൃത്യമായ രാഷ്ട്രീയ സന്ദേശം കൂടിയാണ്. സ്വന്തത്തെ കുറിച്ച് വേവലാതിപ്പെട്ടയാളല്ല ബഷീര്‍. അപരന്റെ വേദനകളിലേക്കാണ് അദ്ദേഹം വായനക്കാരുടെ ശ്രദ്ധ ക്ഷണിച്ചത്.

കാടായിത്തീര്‍ന്ന ഒറ്റമരമാണ് സാഹിത്യത്തില്‍ ബഷീറെന്നും ബഷീറെഴുതാനിരിക്കുമ്പോള്‍ വാക്കുകള്‍ വിറച്ചിരുന്നുവെന്നും സമകാലികര്‍ പറഞ്ഞുവെച്ചത് വെറുതെയല്ലെന്ന് അദ്ദേഹത്തിന്റെ രചനാ വഴികളിലൂടെ കണ്ണും ഖല്‍ബും കൊടുത്ത് സഞ്ചരിക്കുന്നവര്‍ക്ക് എളുപ്പം മനസ്സിലാകും. സാഹിത്യരചനാ വഴക്കങ്ങളില്‍ നിന്ന് അവാച്യമായ പുതുവഴി വെട്ടി മലയാളിയെ അമ്പരപ്പിച്ച്, മാന്ത്രിക സ്പര്‍ശമുള്ള തൂലികയേന്തി ആത്മാംശമുള്ള രചനകളാല്‍ വായനക്കാരന്റെ മനസ്സില്‍ മനുഷ്യപ്പറ്റിന്റെ ചിത്രം വരച്ചുവെച്ച മികച്ച ‘കലാകാരന്‍’ ആയിരുന്നു അദ്ദേഹം. മുഖ്യധാരയില്‍ നിന്ന് മാറ്റിനിര്‍ത്തപ്പെട്ട ആരുമില്ലാത്തവരുടെ വേദനകളും നന്മകളും നര്‍മരസക്കൂട്ടില്‍ ചാലിച്ച് സുല്‍ത്താനെഴുതിയപ്പോള്‍ വായനക്കാരന്‍ ഒരേ സമയം ചിരിക്കുകയും കരയുകയും ചിന്തിക്കുകയും ചെയ്തു. എന്റെ കൃതികള്‍ ഏറ്റവും കൂടുതല്‍ വായിച്ച് ചിരിച്ചതും കരഞ്ഞതും ഞാന്‍ തന്നെയായിരിക്കുമെന്ന് പറഞ്ഞത് കഥാകാരന്‍ തന്നെയാണ്.

വിശപ്പിന്റെ വിളിയാളങ്ങളുടെ നെരിപ്പോടിലേക്ക് ആശ്വാസത്തിന്റെ സുലൈമാനി പകര്‍ന്ന് നല്‍കി അരികുവത്കരിച്ചവരുടെ സൗന്ദര്യത്തെ, നിസ്സഹായതയെ സമൂഹത്തിലേക്ക് തുറന്നിട്ടു തന്നു, തനി ‘നാടന്‍’ ശൈലിയില്‍ ബഷീറിയന്‍ രചനകള്‍. കാലം ഓര്‍മകളെ പിറകിലേക്ക് തള്ളി കുതിക്കുമ്പോഴും, വായനയുടെ സ്വഭാവവും സങ്കേതം തന്നെയും മാറുമ്പോഴും ബഷീറിന്റെ പുസ്തകങ്ങള്‍ സാധാരണക്കാരനാല്‍ നിത്യേന വായിക്കപ്പെടുന്നതും ആഘോഷിക്കപ്പെടുന്നതും വെറുതെയല്ല. ചെറിയ വാക്കുകളില്‍ വലിയ അത്ഭുതങ്ങള്‍ നിറച്ചുവെച്ച പുസ്തകങ്ങള്‍ ഇന്നും ചൂടപ്പമാണെങ്കില്‍ അതിനര്‍ഥം ബഷീര്‍ ഹൃദയം കൊണ്ടെഴുതി എന്നതാണ്. ബഷീര്‍ കൃതികളുടെ വില്‍പ്പനക്കും വായനക്കും പ്രത്യേക കാലമോ സീസണോ ഇല്ല. എല്ലാ സീസണുകളിലും പുഷ്പിച്ചുനില്‍ക്കുന്ന മനോഹരമായ പൂന്തോട്ടമാണ് ബഷീറിന്റെ പുസ്തകലോകം. നഗരങ്ങള്‍, ഗ്രാമങ്ങള്‍, സ്‌കൂളുകള്‍, തൊഴിലിടങ്ങള്‍, പാര്‍ക്കുകള്‍, മാളുകള്‍… എവിടെയും നിങ്ങള്‍ ബഷീറിനെ കാണും. ഒരു ലൈബ്രറിയും ബഷീറിനെ പുറത്തുനിര്‍ത്തില്ല, ഒരു തലമുറക്കും ബഷീറിനെ മടുക്കില്ല.

കാക്കക്കും കുറുക്കനും പുഴുവിനും പാമ്പിനും പറവക്കും പൂമ്പാറ്റക്കും ആദിപുരാതനമായൊരവകാശം ഈ അണ്ഡകടാഹത്തിലുണ്ട് എന്നുണര്‍ത്തി ‘ഭൂമിയുടെ അവകാശികള്‍’ എന്ന മനോഹര നോവലിലൂടെ പരിസ്ഥിതിയുടെ നല്ല പാഠങ്ങള്‍ നമ്മെ പഠിപ്പിച്ച ഒരു മനുഷ്യന്‍ കാലത്തിനു മുമ്പേ നടന്നു പോയി. ഒന്നും ഒന്നും കൂട്ടിയാല്‍ ഇമ്മിണി ബല്യ ഒന്നെന്ന സത്യം പറഞ്ഞ് ഗണിതത്തെ പ്രതിസന്ധിയിലാക്കിയ ബഷീറിയന്‍ രചനകളെല്ലാം ഒന്നിനൊന്ന് മികച്ചവയും എല്ലാ തലമുറകളും വായിച്ചുപോകുന്നവയുമാണ്.

1908ല്‍ കോട്ടയം ജില്ലയിലെ തലയോലപ്പറമ്പില്‍ ജനിച്ച് 1994 ജൂലൈ അഞ്ചിന് കോഴിക്കോട്ട് വിടവാങ്ങിയ വൈക്കം ബഷീര്‍ മൂന്ന് പതിറ്റാണ്ടിപ്പുറത്തും മലയാള സാഹിത്യത്തിലെ ‘നിത്യഹരിത നായകനാണ്’. എന്തുകൊണ്ട് ആ പദവി? അദ്ദേഹം ജീവിച്ച ജീവിതവും എഴുതിയ ജീവിതവും വേറെയായിരുന്നില്ല. കൊണ്ടുവന്ന കഥാപാത്രങ്ങളാകട്ടെ നമുക്ക് ‘പരിചിതരും’. പച്ചമനുഷ്യനായി ജീവിച്ച ആ വലിയ എഴുത്തുകാരന് സര്‍ക്കാറുകള്‍ അര്‍ഹിക്കുന്ന അംഗീകാരം നല്‍കിയില്ലെങ്കിലും അക്ഷരങ്ങളെ സ്നേഹിക്കുന്ന മനുഷ്യരുടെ മനസ്സുകളില്‍ മലയാളമുള്ള കാലത്തോളം അദ്ദേഹം ജീവിക്കും. ഇതില്‍പ്പരം എന്ത് അംഗീകാരമാണ് ഒരെഴുത്തുകാരന് വേണ്ടത്!

 

---- facebook comment plugin here -----

Latest