Connect with us

muslim league issue

ഉന്നതാധികാര സമിതി യോഗം എട്ടിനു ചേരാനിരിക്കെ ലീഗില്‍ ശക്തമായ കരുനീക്കം

പാര്‍ട്ടിയില്‍ ചിലരുടെ മാത്രം ഏകാധിപത്യ പ്രവണതകള്‍ ഇനിയും അനുവദിക്കരുതെന്ന് വാദിക്കുന്നവരുടെ ശക്തി വര്‍ധിച്ചു വരികയാണ്.

Published

|

Last Updated

കോഴിക്കോട് | തുടര്‍ച്ചയായ ഭരണ നഷ്ടവും ആഭ്യന്തര പ്രശ്‌നങ്ങളും അഭിമുഖീകരിക്കുന്ന മുസ്ലിം ലീഗിന്റെ ഉന്നതാധികാര സമിതി യോഗം  ഈ മാസം എട്ടിനു ചേരാനിരിക്കെ കരുനീക്കം ശക്തമായി. ഹരിത ഉയര്‍ത്തിയ പ്രശ്‌നങ്ങളും ചന്ദ്രിക പത്രവുമായി ബന്ധപ്പെട്ടു പാര്‍ട്ടി പ്രസിഡന്റ് ഹൈദരലി തങ്ങളുടെ മകന്‍ മുഈന്‍ ആലി തങ്ങള്‍ ഉയര്‍ത്തിയ ആരോപണങ്ങളും പുകഞ്ഞുകൊണ്ടിരിക്കുന്നതിനിടെയാണ് ഉന്നതാധികാര സമിതി യോഗം ചേരുന്നത്. തിരഞ്ഞെടുപ്പു തോല്‍വി ചര്‍ച്ച ചെയ്യാനുള്ള  പ്രവര്‍ത്തക സമിതി യോഗം എപ്പോള്‍ ചേരണമെന്ന കാര്യം പരിഗണിക്കാനാണ് മുഖ്യമായും ഉന്നതാധികാര സമിതി ചേരുന്നതെങ്കിലും പാര്‍ട്ടിയിലെ ഇരു ചേരികളും കച്ചമുറുക്കുകയാണ്.

ചന്ദ്രിക പത്രത്തിലൂടെ കള്ളപ്പണം വെളുപ്പിച്ചെന്ന ആരോപണത്തിന്റെ പേരില്‍ പി കെ കുഞ്ഞാലിക്കുട്ടിയെ ഇ ഡി ചോദ്യം ചെയ്യാനിരിക്കുന്നതും പാര്‍ട്ടിക്കു മുമ്പാകെ വരും. ശമ്പളം ലഭിക്കാത്ത ചന്ദ്രിക ജീവനക്കാര്‍ സമരം പ്രഖ്യാപിച്ചതും പ്രതിസന്ധി വര്‍ധിപ്പിക്കുകയാണ്.
ഉപസമിതി തയ്യാറാക്കിയ റിപ്പോര്‍ട്ട് പ്രവര്‍ത്തക സമിതി യോഗത്തില്‍  അതേ നിലയില്‍ ചര്‍ച്ച ചെയ്യുന്നതു സംബന്ധിച്ചും അഭിപ്രായ വ്യത്യാസമുണ്ട്. എം എസ് എഫ് നേതാക്കള്‍ നടത്തിയ ലൈംഗികാധിക്ഷേപത്തിനെതിരെ വനിതാ കമ്മിഷനില്‍ നല്‍കിയ പരാതി പിന്‍വലിക്കണമെന്ന പാര്‍ട്ടിയുടെ ഒത്തുതീര്‍പ്പു വ്യവസ്ഥ തള്ളിയ ഹരിത നേതാക്കള്‍ നേതൃത്വത്തിന്റെ നിലപാട് ചോദ്യം ചെയ്തിരിക്കുകയാണ്. മുഈന്‍ അലി തങ്ങളും ഹരിത നേതൃത്വവും ഉയര്‍ത്തിയ പ്രതിഷേധങ്ങള്‍ക്കു പിന്നില്‍ പാര്‍ട്ടിയിലെ ഒരു വിഭാഗം ഉണ്ടെന്നാണു നേതൃത്വം കരുതുന്നത്.

കഴിഞ്ഞ ദിവസം പാര്‍ട്ടിയിലെ ഒരു രാഷ്ട്രീയ പ്രസംഗകന്‍ പുറത്തുവിട്ട ശബ്ദ സന്ദേശത്തില്‍, ചാനല്‍ ചര്‍ച്ചകളിലും മറ്റും കുഞ്ഞാലിക്കുട്ടിയെ ന്യായീകരിച്ചതിന്റെ പേരില്‍  പാര്‍ട്ടികകത്തുള്ള കുഞ്ഞാലിക്കുട്ടി വിരുദ്ധരുടെ തെറിവിളി കേട്ടുമടുത്തു എന്ന് തുറന്നുസമ്മതിക്കുന്നുണ്ട്. പാര്‍ട്ടിയിൽ കുഞ്ഞാലിക്കുട്ടി വിരുദ്ധര്‍ ശക്തമായ സാന്നിധ്യമായി മാറി എന്നാണ് ഇതു സൂചിപ്പിക്കുന്നത്. പാര്‍ട്ടിയില്‍  കരുനീക്കം കടുപ്പിച്ച കുഞ്ഞാലിക്കുട്ടി വിരുദ്ധര്‍ക്ക് ശക്തി പകരുന്നതാണ് പാണക്കാട്ട് തങ്ങള്‍ കുടുംബത്തില്‍ നിന്നുള്ള മുഈന്‍ അലി തങ്ങളുടെ സാന്നിധ്യം. കുഞ്ഞാലിക്കുട്ടിയെ പരസ്യമായി വിമര്‍ശിച്ചതിന്  മുഈന്‍ അലി തങ്ങള്‍ക്ക് എതിരായ നടപടി പാര്‍ട്ടി അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുമായി ആലോചിച്ച് തീരുമാനിക്കാന്‍ നേരത്തേ  തീരുമാനിച്ചെങ്കിലും നടപടിയുമായി മുന്നോട്ടു പോയാല്‍ അതു പാര്‍ട്ടിയെ ബാധിക്കുമെന്നു നിലപാടില്‍ നേതാക്കള്‍ എത്തിയതായാണു വിവരം. വാര്‍ത്താസമ്മേളനത്തില്‍ പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ മുഈന്‍ അലി ഉന്നയിച്ച ആക്ഷേപങ്ങള്‍ ലീഗ് നേതൃത്വം തള്ളിയെങ്കിലും പാര്‍ട്ടിയിലെ ഒരു വിഭാഗം ഇക്കാര്യത്തില്‍ വ്യക്തത ആവശ്യപ്പെടുന്നുണ്ട്.

ലീഗില്‍ വിഭാഗീയത ഇല്ലെന്നും  ചന്ദ്രിക ദിനപത്രത്തെ പറ്റി പ്രചരിക്കുന്നത് അര്‍ഥരഹിതമായ കാര്യങ്ങളാണെന്നും ഇ ടി മുഹമ്മദ് ബഷീര്‍ നേരത്തെ വ്യക്തമാക്കിയെങ്കിലും പാര്‍ട്ടിയിലെ ഒരു വിഭാഗം ഇത് അംഗീകരിച്ചിട്ടില്ല. മുഈന്‍ അലി തങ്ങളുടെ പ്രതിഷേധത്തോടെ പാര്‍ട്ടി നേരിട്ട വലിയ ഒരു പ്രതിസന്ധി പൊട്ടിത്തെറി കൂടാതെ സമവായ രീതിയില്‍ പരിഹരിക്കാന്‍ കഴിഞ്ഞു എന്ന് നേതൃത്വം വിലയിരുത്തുമ്പോഴും  പ്രശ്‌നങ്ങള്‍ ചെറുതല്ലെന്നായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ മൗനം നല്‍കിയ സൂചന.  മുഈന്‍ അലി തങ്ങള്‍ക്കെതിരെ നടപടി ഉണ്ടായാല്‍  ശബ്ദരേഖ പുറത്തു വിടുമെന്ന കെ ടി ജലീലിന്റെ ഭീഷണിയാണ് നടപടി ആവശ്യത്തില്‍ നിന്നു കുഞ്ഞാലിക്കുട്ടിയെ പിന്തിരിപ്പിച്ചതെന്ന സംസാരം പാര്‍ട്ടിയില്‍ ശക്തമാണ്.

മുഈന്‍ അലി തങ്ങള്‍ അഴിച്ചു വിട്ട കൊടുങ്കാറ്റ് കെട്ടടങ്ങും മുന്‍പാണ് എം എസ് എഫിന്റെ നേതാക്കള്‍ക്കെതിരെ വനിതാ വിഭാഗമായ ഹരിത വനിതാ കമ്മിഷനില്‍ നല്‍കിയ പരാതി പിന്‍വലിക്കാനുള്ള നേതൃത്വത്തിന്റെ ആവശ്യം അവര്‍ പരസ്യമായി തള്ളിക്കളഞ്ഞത്.  സ്ത്രീകളോടുള്ള മോശം പെരുമാറ്റമാണ് പരാതിക്ക് അടിസ്ഥാനമെങ്കിലും ഉള്‍പ്പാര്‍ട്ടി പ്രശ്‌നങ്ങള്‍ തന്നെയാണെന്നു വ്യക്തമായിരുന്നു. മറ്റെല്ലാ പാര്‍ട്ടികളിലും തിരഞ്ഞെടുപ്പ് അവലോകന യോഗങ്ങളും തെറ്റു തിരുത്തലും തുടങ്ങിയെങ്കിലും ലീഗില്‍ കാര്യങ്ങള്‍ നീണ്ടുപോകുന്നതിനു പിന്നില്‍ നിരവധി കാരണങ്ങളുണ്ട്.  പ്രവര്‍ത്തക സമിതിയില്‍ വരാനിടയുള്ള വിമര്‍ശങ്ങളെ ഭയന്നാണ് ഈ നീട്ടിക്കൊണ്ടു പോകല്‍ എന്നാണ് ഒരു വിഭാഗം ആരോപിക്കുന്നത്. പാര്‍ട്ടിയില്‍ ചിലരുടെ മാത്രം ഏകാധിപത്യ പ്രവണതകള്‍ ഇനിയും അനുവദിക്കരുതെന്ന് വാദിക്കുന്നവരുടെ ശക്തി വര്‍ധിച്ചു വരികയാണ്. ഹരിതയുടെ ശക്തമായ നിലപാടിനു പിന്നില്‍ ഇവരുടെ പിന്തുണയുണ്ട്.  പാണക്കാട് കുടുംബത്തിന്റെ നിലപാടുകളിലും പാരമ്പര്യ രീതിക്കും മാറ്റം വന്നത് നേതൃത്വം ആശങ്കയോടെയാണു കാണുന്നത്.

സ്പെഷ്യൽ കറസ്പോണ്ടന്റ്, സിറാജ്‌ലെെവ്

---- facebook comment plugin here -----

Latest