left front
ഇന്ത്യാ മുന്നണിക്ക് ദിശാബോധം നല്‍കാന്‍ ഇടതുപക്ഷത്തിന്റെ ശക്തമായ സാന്നിധ്യം അനിവാര്യം: പ്രവാസി സംഘടനകള്‍
ഇടതുപക്ഷത്തിന്റെ സ്വാധീനം പാര്‍ലമെന്റില്‍ വര്‍ധിക്കുമ്പോള്‍ മതനിരപേക്ഷ കാഴ്ചപ്പാടും ജനകീയ താല്‍പ്പര്യങ്ങളും സംരക്ഷിക്കപ്പെടും

അബൂദബി | ഇന്ത്യാമുന്നണിക്ക് ശരിയായ ദിശാബോധം നല്‍കുന്നതിനും കേരളത്തിന്റെ ശബ്ദം പാര്‍ലിമെന്റിനകത്തും പുറത്തും ഉയരുന്നതിനും ഇടതുപക്ഷ എം പിമാരുടെ ശക്തമായ സാന്നിധ്യം ഉറപ്പ് വരുത്തണമെന്ന് അബൂദബിയിലെ പ്രവാസി സംഘടനകള്‍ ഏകസ്വരത്തില്‍ അഭിപ്രായപ്പെട്ടു.
മതനിരപേക്ഷതയും ഭരണഘടനയും തകര്‍ത്തെറിഞ്ഞ് ഇന്ത്യയെ മതരാഷ്ട്രമാക്കാനുള്ള സംഘപരിവാര്‍ നീക്കത്തെ പ്രതിരോധിക്കുകയെന്ന കടമയാണ് ഇടതുപക്ഷം നിര്‍വഹിക്കുന്നത്. ഇടതുപക്ഷത്തിന്റെ സ്വാധീനം പാര്‍ലമെന്റില്‍ വര്‍ധിക്കുമ്പോള്‍ മതനിരപേക്ഷ കാഴ്ചപ്പാടും ജനകീയ താല്‍പ്പര്യങ്ങളും സംരക്ഷിക്കപ്പെടും. ദിവസേനയെന്നോണം കോണ്‍ഗ്രസ്സില്‍ നിന്നു ബി ജെ പിയിലേക്കുള്ള പ്രവാഹമുണ്ടാവുന്നു.
സംഘപരിവാരങ്ങളുടെ തിട്ടൂരങ്ങള്‍ക്ക് വഴങ്ങി സ്വന്തം ഘടക കക്ഷിയുടെ പതാകപോലും ഉയര്‍ത്താന്‍ ഭയപ്പെടുന്ന കോണ്‍ഗ്രസ്സിലുള്ള വിശ്വാസം ജനങ്ങള്‍ക്ക് നഷ്ടപ്പെട്ടിരിക്കുകയാണ്. ഏതൊരു രാഷ്ട്രീയ പ്രസ്ഥാനത്തിന്റെയും മാര്‍ഗ്ഗരേഖയാണ് തെരഞ്ഞെടുപ്പ് പ്രകടന പത്രിക. എന്നാല്‍, രാജ്യത്തെ മതത്തിന്റെ അടിസ്ഥാനത്തില്‍ ഭിന്നിപ്പിക്കുന്ന, രാജ്യത്തെ അരക്ഷിതാവസ്ഥയിലേയ്ക്ക് നയിക്കാന്‍ സാഹചര്യമൊരുക്കുന്ന പൗരത്വ നിയമ ഭേദഗതിയെ കുറിച്ച് ഒരക്ഷരം പോലും കോണ്‍ഗ്രസിന്റെ പ്രകട പത്രികയില്‍ സൂചിപ്പിച്ചില്ല.
ഈ വിഷയത്തില്‍ കോണ്‍ഗ്രസ്സിന്റെ നിലപാടെന്താണെന്നു വ്യക്തമാക്കാന്‍ രാഹുല്‍ ഗാന്ധിയും എ ഐ സിസി പ്രസിഡന്റ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയും ധൈര്യപ്പെടുന്നില്ല. ഇത് കോണ്‍ഗ്രസ്സിന്റെ ന്യൂനപക്ഷങ്ങളോടുള്ള നിലപാടില്‍ ദുരൂഹത സൃഷ്ടിച്ചിരിക്കുകയാണ്. സംസ്ഥാനത്തിനുള്ള അവകാശങ്ങള്‍ നിഷേധിച്ചുകൊണ്ട് കേന്ദ്ര സര്‍ക്കാര്‍ കേരളത്തെ ശ്വാസം മുട്ടിച്ചുകൊ ണ്ടിരിക്കുമ്പോഴും എണ്ണമറ്റ കരിനിയമങ്ങള്‍ പാര്‍ലമെന്റില്‍ ചൂടപ്പം പോലെ ചുട്ടെടുക്കുമ്പോഴും കഴിഞ്ഞ അഞ്ചു വര്‍ഷം നിശ്ശബ്ദത പാലിച്ച കേരളത്തില്‍ നിന്നു പോയ യു ഡി എഫ് എംപിമാര്‍ക്കുള്ള കേരളത്തിന്റെ ശക്തമായ താക്കീതായിരിക്കണം തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കേണ്ടതെന്ന് സംഘടനകള്‍ ചൂണ്ടിക്കാട്ടി.
അഡ്വ. അന്‍സാരി സൈനുദ്ദീന്‍ (ലോക കേരള സഭ അംഗം), എ കെ ബീരാന്‍കുട്ടി (കേരള സോഷ്യല്‍ സെന്റര്‍), കെ വി ബഷീര്‍ (ശക്തി തിയറ്റേഴ്സ് അബുദാബി), ആര്‍ ശങ്കര്‍ (യുവകലാസാഹിതി), അബ്ദുറഹ്മാന്‍ കളനാട് (ഐ എം സി സി), ഇ പി സുനില്‍ (ഫ്രെണ്ട്‌സ് ഓഫ് ശാസ്ത്ര സാഹിത്യ പരിഷദ്), രാജന്‍ സി. മുക്കുന്ന് (കൈരളി കള്‍ച്ചറല്‍ ഫോറം), നബീല്‍ അഹമ്മദ്, പുന്നൂസ് ചാക്കൊ, ബാബു വടകര, വി പി കൃഷ്ണകുമാര്‍, എ എല്‍ സിയാദ്, സഫറുള്ള പാലപ്പെട്ടി, ടി കെ മനോജ്, ബിജിത് കുമാര്‍, ഗോവിന്ദന്‍ നമ്പൂതിരി, പ്രജീഷ് മുങ്ങത്ത്, സി കെ ഷെരീഫ്, റോയ് ഐ വര്‍ഗ്ഗീസ്, കെ സത്യന്‍, ബിന്ദു നഹാസ്, രാഖി രഞ്ജിത്ത്, സുമ വിപിന്‍ തുടങ്ങിയവര്‍ സംയുക്ത പ്രസ്താവനയില്‍ ഒപ്പുവച്ചു.