National
രാജസ്ഥാനിലെ കോട്ടയില്‍ നീറ്റ് പരിശീലനത്തിനെത്തിയ വിദ്യാര്‍ത്ഥി ജീവനൊടുക്കി
കോട്ടയില്‍ ഈ വര്‍ഷം 28ാമത്തെ ആത്മഹത്യയാണിത്.
ജയ്പൂര്‍| രാജസ്ഥാനിലെ കോട്ടയില്‍ നീറ്റ് പരിശീലനത്തിനെത്തിയ വിദ്യാര്‍ത്ഥി ജീവനൊടുക്കി. ബംഗാള്‍ സ്വദേശിയായ ഫരീദ് ഹുസൈന്‍ (20) ആണ് മരിച്ചത്. മത്സരപരീക്ഷ പരിശീലനത്തിന് പേരുകേട്ട നഗരമായ കോട്ടയില്‍ ഈ വര്‍ഷം 28ാമത്തെ ആത്മഹത്യയാണിത്. കോട്ടയിലെ വഖഫ് നഗര്‍ മേഖലയില്‍ താമസിച്ചുകൊണ്ടായിരുന്നു ഫരീദ് ഹുസൈന്‍ മെഡിക്കല്‍ പ്രവേശനത്തിനുള്ള പരീക്ഷക്ക് തയാറെടുത്തുകൊണ്ടിരുന്നത്.
ഇന്നലെ വൈകീട്ടോടെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ആത്മഹത്യാകുറിപ്പൊന്നും ലഭിച്ചിട്ടില്ലെന്നും സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുകയാണെന്നും പോലീസ് പറഞ്ഞു. വിദ്യാര്‍ത്ഥിയുടെ കുടുംബം രാജസ്ഥാനിലേക്ക് പുറപ്പെട്ടു. പോസ്റ്റുമോര്‍ട്ടത്തിനുശേഷം മൃതദേഹം വിട്ടുനല്‍കും.
കുട്ടികള്‍ താമസിക്കുന്ന സ്ഥലത്തെ സീലിങ് ഫാനുകളില്‍ ആത്മഹത്യ തടയുന്ന ഉപകരണം സ്ഥാപിക്കാന്‍ പോലീസ് നിര്‍ദേശം നല്‍കിയിരിക്കുകയാണ്. രണ്ട് മാസത്തേക്ക് പരിശീലന പരീക്ഷകള്‍ നടത്തരുതെന്ന് സ്ഥാപനങ്ങളോടും നിര്‍ദേശിച്ചിട്ടുണ്ട്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. ഹെല്‍പ്ലൈന്‍ നമ്പരുകള്‍ – 1056, 0471- 2552056)