Kerala
മേപ്പാടി പോളിടെക്‌നിക്ക് വിദ്യാര്‍ഥിയെ സംഘം ചേര്‍ന്ന് ആക്രമിച്ചു
ഗുരുതരമായി പരുക്കേറ്റ വിദ്യാര്‍ഥിയെ കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
കോഴിക്കോട് \ മേപ്പാടി പോളിടെക്നിക് കോളജ് വിദ്യാര്‍ഥിയെ ഒരു സംഘം മര്‍ദിച്ചവശനാക്കി. പേരാമ്പ്ര സ്വദേശിയായ അഭിനവ് എന്ന വിദ്യാര്‍ഥിയെ പേരാമ്പ്ര വെച്ച് ഒരു സംഘം മര്‍ദ്ദിച്ചുവെന്നാണ് പരാതി. ഗുരുതരമായി പരുക്കേറ്റ വിദ്യാര്‍ഥിയെ കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.എസ്എഫ്ഐക്കാര്‍ ഉള്‍പ്പെട്ട സംഘമാണ് മര്‍ദ്ദനത്തിന് പിന്നിലെന്ന് അഭിനവ് ആരോപിച്ചു.
മേപ്പാടി പോളിടെക്നിക് കോളജില്‍ വെച്ച് എസ്എഫ്ഐ വനിതാ നേതാവ് അപര്‍ണ ഗൗരി മര്‍ദ്ദനത്തില്‍ പരുക്കേറ്റ് ചികിത്സയില്‍ തുടരുകയാണ്. അതിനിടെയാണ് സ്വന്തം നാട്ടില്‍വെച്ച് അഭിനവ് ആക്രമിക്കപ്പെടുന്നത്. കോളേജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ഥികളാണ് അപര്‍ണയെ മര്‍ദിച്ച സംഭവത്തില്‍ അറസ്റ്റിലായത്.
കോളജിലെ ‘ടാബിയൊക്ക്’ എന്ന പേരില്‍ അറിയപ്പെടുന്ന മയക്കുമരുന്ന് സംഘമാണ് അപര്‍ണയെ അക്രമിച്ചതിന് പിന്നിലെന്നാണ് എസ്എഫ്ഐ ആരോപണം.യൂണിയന്‍ തിരഞ്ഞെടുപ്പിന്റെ വേട്ടെണ്ണല്‍ ആരംഭിക്കുന്നതിന് മുന്‍പായിരുന്നു ആക്രമണം. സംഘമായെത്തിയവര്‍ അപര്‍ണയുടെ മുടിക്ക് കുത്തി പിടിച്ച് മതിലിനോട് ചേര്‍ത്ത് നിര്‍ത്തി ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നെന്ന് പ്രവര്‍ത്തകര്‍ പറഞ്ഞു. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ എസ്എഫ്ഐ പ്രവര്‍ത്തകരാണ് അപര്‍ണയെ ആശുപത്രിയില്‍ എത്തിച്ചത്.