Kerala
വളർത്തുനായയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന വിദ്യാർഥിനി മരിച്ചു
മെയ് 30നാണ് ശ്രീലക്ഷ്മിക്ക് അയൽ വീട്ടിലെ വളർത്തുനായയുടെ കടിയേറ്റത്. തുടർന്ന് പേവിഷബാധയ്ക്കുള്ള കുത്തിവെപ്പ് എടുത്തിരുന്നു.
പാലക്കാട് | വളർത്തുനായയുടെ കടിയേറ്റ് തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുകയായിരുന്ന വിദ്യാർഥിനി മരിച്ചു. മഞ്ഞക്കര പടിഞ്ഞാക്കര വീട്ടിൽ സുഗുണന്റെ മകൾ ശ്രീലക്ഷ്‌മിയാണ് (19) വ്യാഴാഴ്ച പുലർച്ചെ മരിച്ചത്. കോയമ്പത്തൂർ നെഹ്‌റു കോളേജിലെ ഒന്നാംവർഷ ബിസിഎ വിദ്യാർഥിനിയാണ്.
മെയ് 30നാണ് ശ്രീലക്ഷ്മിക്ക് അയൽ വീട്ടിലെ വളർത്തുനായയുടെ കടിയേറ്റത്. കോളജിലേക്ക് പോകുംവഴിയായിരുന്നു സംഭവം. തുടർന്ന് പേവിഷബാധയ്ക്കുള്ള കുത്തിവെപ്പ് എടുത്തിരുന്നു. എന്നാൽ ഒരുമാസം പൂർത്തിയാകുന്നതിനിടെ ബുധനാഴ്‌ച പനിയെത്തുടർന്ന് മങ്കരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
പേവിഷബാധയുടെ ലക്ഷണങ്ങളെ തുടർന്ന് ഇവിടെ നിന്ന് വിദഗ്ധ ചികിത്സയ്‌ക്കായി വിദ്യാർഥിനിയെ തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. അവിടെ ചികിത്സയിലിരിക്കെയാണ് മരണം.
മൃതദേഹം പാമ്പാടി ഐവർമഠത്തിൽ സംസ്‌കരിച്ചു. മാതാവ്: സിന്ധു. സഹോദരങ്ങൾ: സിദ്ധാർഥ്, സനത്.