Connect with us

cover story

ചരിത്രത്തിലേക്ക് ഒരു വായനായനം

വായനശാലകൾക്ക് ഇഷ്ടമുള്ള പുസ്തകങ്ങൾ പരിചയപ്പെടുത്താം. ഏറെ ആവേശത്തോടെയാണ് എല്ലാവരും പങ്കെടുക്കുന്നത്. പുസ്തകവുമായി ബന്ധപ്പെട്ട കാര്യങ്ങൾ നോട്ടുബുക്കിൽ കുറിച്ചും പരസ്പരം അഭിപ്രായങ്ങൾ പങ്കിട്ടും അന്യം നിന്നുപോകുന്ന വായനയെ ഒരു ദേശമൊന്നാകെ തിരിച്ചുപിടിക്കുകയാണ്.

Published

|

Last Updated

‘ എവിടെ വായന മരിക്കുന്നുവോ
അവിടെ ഫാസിസം ഉദിച്ചുയരും ‘ – തോപ്പിൽ മുഹമ്മദ് മീരാൻ

വായന സംസ്‌കാരമുള്ള മനുഷ്യന്റെ ഒരു സ്വഭാവമാണ്. ചിന്തയെയും ജീവിതത്തെയും മാറ്റിമറിക്കാനും നവീകരിക്കാനും സഹായിക്കുന്ന ശക്തമായ ഒരു മാധ്യമമാണ് പുസ്തകം. ശാസ്ത്ര സാങ്കേതിക രംഗത്തെ വിപ്ലവകരമായ പുരോഗതിയെ തുടർന്ന് ദൃശ്യ മാധ്യമങ്ങളുടെ സ്വാധീനം മനുഷ്യന്റെ സാഹിത്യ സാംസ്‌കാരിക രംഗങ്ങളെ ഒരു പരിധി വരെ കീഴടക്കിയെങ്കിലും വായനയെ മലയാളിക്ക് മാറ്റിനിർത്താനാകില്ല.

കാരണം, മനുഷ്യന്റെ സാംസ്‌കാരിക വളർച്ചക്ക് വായന അനുപേക്ഷണീയമാണ്. ചിന്തകളുടെ ഇന്ധനമാണ് വായന. എവിടെ വായന ഇല്ലാതാകുന്നുവോ അവിടെ ചിന്ത മരവിക്കുകയും സമൂഹം അധഃപതിക്കുകയും ചെയ്യും. നക്ഷത്ര പ്രഭയുള്ള കാലവും ഉൾക്കനമുള്ള രചനകളും മലയാളിക്ക് അവിസ്മരണീയമായ ഓർമകളാണ്.

ലോകത്തിലെ ഏത് സാംസ്‌കാരിക സ്ഥാപനങ്ങളെക്കാൾ ഉദാത്തമായ സ്ഥാപനമാണ് ലൈബ്രറികൾ. വായനശാലകൾ ആണ് മനുഷ്യ നാഗരികതയെ വളർത്തിയത്. വായിക്കുന്നവൻ കാണുന്ന ലോകം കൂടുതൽ അർഥസൗന്ദര്യം ഉള്ളതാണ്.

പുതുതലമുറക്ക് വായനയിൽ കമ്പം കുറയുന്ന ഈ കാലത്ത് പുസ്തകങ്ങൾ ഗൃഹാതുരമായ ഓർമകൾ ആയി മാറേണ്ടവയല്ല മറിച്ച് വായനയെ നെഞ്ചോട് ചേർത്തു വെച്ച് വായനാ വിപ്ലവത്തിലൂടെ പുസ്തകങ്ങൾ എന്നും അതിജീവിക്കേണ്ടതാണെന്ന് കാലത്തോട് വിളിച്ചു പറയുന്ന പയ്യന്നൂർ താലൂക്ക് ലൈബ്രറി കൗൺസിലിന്റെ വായനായനം പദ്ധതി കേരളത്തിന് മാതൃകയാക്കാം. സമൂഹത്തിലെ മുഴുവൻ ജനവിഭാഗങ്ങളെയും ചേർത്തു പിടിച്ച് വായനയുടെ വ്യാപനവും വൈപുല്യവും ലക്ഷ്യം വെച്ച് കൊണ്ട് പയ്യന്നൂർ താലൂക്ക് ലൈബ്രറി കൗൺസിൽ രൂപവത്കരിച്ച ബൃഹത്തായ ഒരു വായന പദ്ധതിയാണ് “വായനായനം’.

വായന വിപ്ലവം

ആറ് മാസം, 2,500 വായനാ വീടുകൾ, 15,000 പുസ്തക ചർച്ചകൾ… സ്മാർട്ട് ഫോണിനും ഇന്റർനെറ്റിനും പിറകേ പായുന്ന പുതിയ കാലത്ത് വായനാവിപ്ലവം സൃഷ്ടിക്കുകയാണ് പയ്യന്നൂർ താലൂക്ക് ലൈബ്രറി കൗൺസിൽ. വീട്ടുമുറ്റ പുസ്തക ചർച്ച “വായനായനം’ ആണ് ഒരു നാടിന്റെ വായനാവിപ്ലവമായി മാറുന്നത്. വീട്ടുമുറ്റങ്ങളിലെ പുസ്തക ചർച്ചകളിൽ പങ്കെടുക്കാൻ രാത്രി വൈകിയും കുട്ടികൾ മുതൽ മുതിർന്ന പൗരന്മാർ വരെ എത്തും.

സെപ്തംബർ ആദ്യവാരമാണ് പദ്ധതി ആരംഭിച്ചത്. വായനശാലകൾക്ക് ഇഷ്ടമുള്ള പുസ്തകങ്ങൾ പരിചയപ്പെടുത്താം. ഏറെ ആവേശത്തോടെയാണ് എല്ലാവരും പങ്കെടുക്കുന്നത്. പുസ്തകവുമായി ബന്ധപ്പെട്ട കാര്യങ്ങൾ നോട്ടുബുക്കിൽ കുറിച്ചും പരസ്പരം അഭിപ്രായങ്ങൾ പങ്കിട്ടും അന്യം നിന്നുപോകുന്ന വായനയെ ഒരു ദേശമൊന്നാകെ തിരിച്ചുപിടിക്കുകയാണ്.

സാംസ്‌കാരിക, രാഷ്ട്രീയ- സാമൂഹിക പ്രവർത്തകർ, കുടുംബശ്രീ, വനിത, യുവജന, വിദ്യാർഥി സംഘടനാ പ്രവർത്തകർ തുടങ്ങിയവരെ പങ്കാളികളാക്കിയാണ് പ്രവർത്തനം. താലൂക്കുതല സംഘാടക സമിതിയെ സഹായിക്കാൻ പഞ്ചായത്ത് തലത്തിലും വായനശാലാതലത്തിലും സംഘാടക സമിതികളും നേതൃസമിതി തലത്തിൽ മോണിറ്ററി കമ്മിറ്റിയും പ്രവൃത്തിക്കുന്നുണ്ട്. പുസ്തക ചർച്ചകൾ, സംവാദങ്ങൾ, സെമിനാറുകൾ, തെരുവോര വായന തുടങ്ങിയ പരിപാടികളും അനുബന്ധമായി സംഘടിപ്പിക്കുന്നുണ്ട്. 25 വിശ്വസാഹിത്യങ്ങൾ പരിചയപ്പെടുത്തിക്കൊണ്ടായിരുന്നു പയ്യന്നൂർ താലൂക്ക് ലൈബ്രറി കൗൺസിൽ ഈ രംഗത്തേക്ക് കടന്നുവന്നത്.

ഒരു വായനശാലക്ക് 10 വായനാ വീടുകൾ

ഓരോ വായനശാലക്കും സമീപത്തെ പത്ത് വീടുകൾ കേന്ദ്രീകരിച്ച് വായനാവീടുകൾ രൂപവത്കരിക്കും. ഒരു മാസം ഒരു വീട്ടിൽ ഒരു പുസ്തകമെങ്കിലും ചർച്ചക്കെടുക്കും. അങ്ങനെ ആറ് മാസം കൊണ്ട് ഒരു വായനശാല 60 പുസ്തകങ്ങൾ ചർച്ച ചെയ്യും. നിലവിൽ മൂന്ന് മാസം കൊണ്ട് 60 പുസ്തകങ്ങൾ ചർച്ച ചെയ്ത വായനശാലകളുമുണ്ട്. ആകെ 15,000 പുസ്തകങ്ങളാണ് ആറ് മാസം കൊണ്ട് ചർച്ചക്കെടുക്കുന്നത്. ഒരു വായനാവീട്ടിൽ 30 മുതൽ 50 ആളുകളുടെ പങ്കാളിത്തം ഉറപ്പാക്കും.
അഞ്ച് ലക്ഷം മുതൽ ആറ് ലക്ഷം വരെ ആളുകളെ വായനയിലേക്ക് കൊണ്ടു വരികയെന്നതാണ് ലക്ഷ്യം.

താലൂക്കിലെ 250 വായനശാലകൾ കേന്ദ്രീകരിച്ചാണ് ഈ ദൗത്യം.പയ്യന്നൂർ താലൂക്ക് ലൈബ്രറി കൗൺസിൽ രൂവവത്കൃതമായി നാല് വർഷം പിന്നിട്ട് അഞ്ചാം വർഷത്തിലേക്ക് കടക്കുകയാണ്. ലൈബ്രറി പ്രവർത്തനങ്ങളിലൂടെ നേടിയെടുക്കേണ്ട പരമപ്രധാനമായ ലക്ഷ്യങ്ങളിലൊന്നാണ് വായനയെ സജീവമാക്കുക എന്നത്. ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്നു അവരെ വായനയുടെ ലോകത്തേക്കെത്തിക്കുക, അവരെ നല്ല വായനക്കാരാക്കി തീർക്കുക എന്നത് ലൈബ്രറി കൗൺസിൽ അവരുടെ കടമയായി കണ്ടുകൊണ്ടാണ് ഇത്തരം വേറിട്ട പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്നത്.

ലൈബ്രറികളിൽ പുസ്തകങ്ങൾ വാങ്ങുന്നതിനായി ഓരോ വർഷവും കോടിക്കണക്കിന് രൂപയാണ് ചെലവഴിക്കുന്നത്. വാങ്ങിയ പുസ്തകങ്ങളിൽ ചെറിയ ഒരു ശതമാനം പുസ്തകങ്ങൾ മാത്രമേ വായിക്കപ്പെടുന്നുള്ളൂ. ഈ അവസ്ഥക്ക് ചെറുതായെങ്കിലും ഒരു മാറ്റം വരുത്തുക എന്ന ലക്ഷ്യത്തോടെയാണ് പയ്യന്നൂർ താലൂക്ക് ലൈബ്രറി കൗൺസിൽ “വായനായനം’ എന്ന പേരിൽ ഒരു പദ്ധതി ആവിഷ്‌കരിച്ചു നടപ്പിലാക്കാൻ ലക്ഷ്യമിടുന്നത്. ലൈബ്രറി കൗൺസിൽ കഴിഞ്ഞ വർഷങ്ങളിൽ വായനയെ പ്രോത്സാഹിപ്പിക്കുന്നതിനായുള്ള പദ്ധതികൾ രൂപവത്കരിച്ചു നടപ്പിലാക്കുകയുണ്ടായി.

ശാരീരികമായി അകലം പാലിക്കാൻ നിർബന്ധിക്കപ്പെട്ടിരുന്ന കൊവിഡ് കാലത്ത് റീഡേഴ്‌സ് ഫോറങ്ങൾ രൂപവത്കരിച്ചു ഓൺലൈനായി പുസ്തക ചർച്ചകൾ സംഘടിപ്പിച്ചു. പിന്നീട് സംസ്ഥാന ലൈബ്രറി കൗൺസിലിന്റെ നിർദേശാനുസരണം നാല് വീതം വായനാകൂട്ടങ്ങൾ രൂപവത്കരിച്ചു വായന പരിപോഷിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി.

ഇത് ഒരുണർവാണ്. സമൂഹത്തിന് വായനയുടെ പ്രസക്തിയെ അറിയിക്കലാണ്. സ്ക്രീനിന്റെ ലോകത്ത് നിന്ന് കുഞ്ഞുങ്ങളെ അക്ഷരങ്ങളിലേക്കും വായനയിലേക്കും ആനയിക്കലാണ്. ഇവിടുന്നുള്ള അനുഭവപാഠങ്ങൾ ഉൾക്കൊണ്ട് പുതിയ മാതൃകകൾ സൃഷ്ടിച്ച് സമൂഹത്തിലെ മുഴുവൻ ജനവിഭാഗങ്ങളെയും ചേർത്ത് പിടിച്ച് വായനയുടെ വ്യാപനവും വൈപുല്യവും ലക്ഷ്യം വെച്ച് കൊണ്ടുള്ളതാണ് ഈ ഉദ്യമം. അത് സമൂഹത്തെ അറിവിന്റെ വിഹായസ്സിൽ പരാജയമേൽക്കാതെ പറക്കാൻ പ്രാപ്തമാക്കും; തീർച്ച.

Latest