Uae
മധ്യ പൗരസ്ത്യ മേഖലയില്‍ അന്തരീക്ഷ നദി രൂപം കൊള്ളുന്നതായി പഠനം
2023ലെ കനത്ത മഴയ്ക്കും ആലിപ്പഴ വര്‍ഷത്തിനും കാരണം ഇതാണ്. ഈ വര്‍ഷത്തെ പ്രളയവും ഇതേ കാരണം കൊണ്ടാകാമെന്ന് കാലാവസ്ഥാ ശാസ്ത്രജ്ഞര്‍ അനുമാനിക്കുന്നു.
ദുബൈ | ആഗോള കാലാവസ്ഥാ വ്യതിയാനം മൂലം മധ്യ പൗരസ്ത്യ മേഖലയില്‍ ‘അന്തരീക്ഷ നദി’ രൂപം കൊള്ളുന്നതായി പഠനം. 2023ലെ കനത്ത മഴയ്ക്കും ആലിപ്പഴ വര്‍ഷത്തിനും കാരണം ഇതാണ്. ഈ വര്‍ഷത്തെ പ്രളയവും ഇതേ കാരണം കൊണ്ടാകാമെന്ന് കാലാവസ്ഥാ ശാസ്ത്രജ്ഞര്‍ അനുമാനിക്കുന്നു.
അബൂദബി ഖലീഫ സര്‍വകലാശാലയിലെ ശാസ്ത്രജ്ഞരാണ് 2023 ഏപ്രിലിലെ ഇറാഖ്, കുവൈത്ത്, ജോര്‍ദാന്‍ എന്നിവിടങ്ങളിലെ കനത്ത മഴയെക്കുറിച്ച് പഠനം നടത്തിയത്. നിരവധി മരണത്തിനും നാശത്തിനും കാരണമായ ഇടിയും ആലിപ്പഴ വര്‍ഷവും വിശകലനം ചെയ്തു. ഖലീഫ സര്‍വകലാശാലയിലെ എന്‍വയോണ്‍മെന്റല്‍ ആന്‍ഡ് ജിയോഫിസിക്കല്‍ സയന്‍സസ് (എന്‍ജിയോസ്) ലബോറട്ടറി മേധാവി ഡോ. ഡയാന ഫ്രാന്‍സിസ് പഠനത്തിന് നേതൃത്വം നല്‍കി. ‘ആഗോള താപനം കാരണം അന്തരീക്ഷ നദികള്‍ ഇടയ്ക്കിടെ തീവ്രമായി മാറുന്നു. ഗ്രഹം ചൂടാകുന്നതിനനുസരിച്ച് അന്തരീക്ഷത്തിലെ ജലബാഷ്പത്തിന്റെ അളവ് വര്‍ധിക്കുന്നതാണ് ഇതിന് കാരണം.’ അവര്‍ പറഞ്ഞു.
‘ഈ വര്‍ഷത്തെ സംഭവങ്ങള്‍ ഞങ്ങള്‍ ഇതുവരെ പരിശോധിച്ചിട്ടില്ല. പക്ഷേ ഈ വസന്തകാലത്ത് യു എ ഇയില്‍ ആഞ്ഞടിച്ച മഴക്ക് പിന്നില്‍ അന്തരീക്ഷ നദിയും അതിന്റെ ദ്രുതചലനവും ആയിരുന്നിരിക്കാം. അന്തരീക്ഷ നദിയിലെ ഊഷ്മാവ്, മര്‍ദം അല്ലെങ്കില്‍ ഇവ രണ്ടും കുത്തനെയുള്ള ചലനങ്ങള്‍ക്ക് കാരണമാകുന്നു. ഏപ്രില്‍ പകുതിയോടെ, ചരിത്രത്തിലെ ഏറ്റവും ശക്തമായ മഴയാണ് യു എ ഇയെ ബാധിച്ചത്. ചിലയിടങ്ങളില്‍ 24 മണിക്കൂറിനുള്ളില്‍ 250 മില്ലീമീറ്ററിലധികം മഴ പെയ്തു.
കിഴക്കന്‍ അറേബ്യന്‍ പെനിന്‍സുലയില്‍, വളരെ സാവധാനത്തില്‍ ചലിക്കുന്ന, താഴ്ന്ന മര്‍ദമുള്ള കാലാവസ്ഥയാണ് കൊടുങ്കാറ്റിന് കാരണമായത്. ഏറ്റവും പുതിയ പഠനം ജൂണിലെ ജിയോഫിസിക്കല്‍ റിസര്‍ച്ച് ലെറ്റേഴ്‌സില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ചിലിയിലെയും യു എസിലെയും ശാസ്ത്രജ്ഞര്‍ക്കൊപ്പം എന്‍ജിയോസ് ഗവേഷകരായ ഡോ. റിക്കാര്‍ഡോ ഫോണ്‍സെക്കയും ഡോ. നരേന്ദ്ര നെല്ലിയും ചേര്‍ന്നാണ് ഇത് എഴുതിയത്.
2023 ഏപ്രിലിലെ പേമാരിക്ക് കാരണമായ അന്തരീക്ഷ നദിയുടെ കമ്പ്യൂട്ടര്‍ മോഡല്‍ സൃഷ്ടിക്കാന്‍ ഗവേഷകര്‍ ഉപഗ്രഹ ഡാറ്റയും കാലാവസ്ഥാ സ്റ്റേഷനുകളില്‍ നിന്നുള്ള ഭൂഗര്‍ഭ നിരീക്ഷണങ്ങളും ഉപയോഗിച്ചു. ‘ഏപ്രില്‍ 11, 12 തീയതികളില്‍ അന്തരീക്ഷ നദി ക്രമേണ ശക്തി പ്രാപിച്ചു. ഏപ്രില്‍ 13 നു ദുര്‍ബലമായി. കൊടുങ്കാറ്റ് കിഴക്കോട്ട് നീങ്ങുകയും അന്തരീക്ഷ നദി ഇറാനിലെ സാഗ്രോസ് പര്‍വതനിരകള്‍ക്ക് മുകളിലൂടെ നീങ്ങുകയും ചെയ്തു.’ ഗവേഷകര്‍ എഴുതി.