Connect with us

Articles

പോലീസിന് തൊലിപ്പുറം ചികിത്സ മതിയാകില്ല

അനധികൃത സ്വത്ത് സമ്പാദനം മുതല്‍ വ്യാജ ഏറ്റുമുട്ടല്‍ കൊലകള്‍ വരെ നീളുന്ന എത്രയോ കേസുകളില്‍ ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ പ്രതി ചേര്‍ക്കപ്പെട്ടിട്ടുണ്ട്. പക്ഷേ മാധ്യമ കോലാഹലങ്ങള്‍ അവസാനിക്കുന്നതോടെ ആ കേസുകള്‍ തന്നെ വിസ്മൃതിയിലാകും. ഇപ്പോള്‍ കേരളത്തില്‍ ഉണ്ടായിരിക്കുന്ന വിവാദം എത്രനാള്‍ ചൂടോടെ നിലനില്‍ക്കും, എന്ത് നടപടിയുണ്ടാകും എന്നത് കാത്തിരുന്നു കാണേണ്ടതാണ്.

Published

|

Last Updated

‘പകയുണ്ടോ എന്ന ചോദ്യത്തിന് ഇപ്പോഴും എനിക്കുത്തരമില്ല. പക്ഷേ, ലോകത്തോട് ഒരു ചോദ്യം ഇപ്പോഴും ബാക്കിയിരിക്കുന്നു. എന്റെ നിഷ്‌കളങ്കനായ കുഞ്ഞിനെ മരിച്ചിട്ടും നിങ്ങളെന്തിനാണ് മഴയത്ത് നിര്‍ത്തിയിരിക്കുന്നത്. ഞാന്‍ വാതിലടക്കുന്നില്ല. പെരുമഴ എന്നിലേക്ക് പെയ്തു വീഴട്ടെ. ഒരു കാലത്തും വാതിലുകള്‍ താഴിടാനാകാത്ത ഒരച്ഛനെ അദൃശ്യനായ എന്റെ മകനെങ്കിലും അറിയട്ടെ’.
ഈച്ചരവാര്യരുടെ വരികളാണ്. ആ മനുഷ്യനെ മലയാളി മറക്കില്ല. കാലങ്ങളോളം ഇരുട്ടിലേക്ക് കണ്ണ് പായിച്ചിരുന്നൊരച്ഛന്‍. നിശബ്ദമായ നിലവിളി തൊണ്ടയില്‍ കുരുങ്ങി ജീവിതം തീര്‍ന്നുപോയൊരാള്‍. മകനെവിടെ എന്ന ചോദ്യവുമായി അധികാരികളുടെ വാതിലില്‍ മുട്ടിയ ആള്‍. അദ്ദേഹത്തിനൊരു മകനുണ്ടായിരുന്നു. പേര് രാജന്‍. കോഴിക്കോട് ആര്‍ ഇ സിയില്‍ വിദ്യാര്‍ഥിയായിരുന്നു. മുഖ്യമന്ത്രിക്കസേരയില്‍ സി പി ഐക്കാരനായ അച്യുത മേനോന്‍. ആഭ്യന്തര മന്ത്രി കോണ്‍ഗ്രസ്സ് നേതാവ് കെ കരുണാകരന്‍. നക്സലുകളെ ‘വംശഹത്യ’ ചെയ്യാന്‍ അദ്ദേഹം കച്ച കെട്ടിയിറങ്ങിയ കാലമാണ്. കോളജില്‍ നിന്നാണ് രാജനെ കസ്റ്റഡിയിലെടുത്തത്. പിന്നീടൊരു വിവരവുമില്ല.

ഈച്ചരവാര്യര്‍ പല വഴികളിലലഞ്ഞു, പല വാതിലില്‍ മുട്ടി, പല നാളുകളില്‍ അന്വേഷിച്ചു. ഒന്നും സംഭവിച്ചില്ല. ഭരണകൂടം കള്ളം പറഞ്ഞു, പോലീസ് കൈമലര്‍ത്തി, ആഭ്യന്തര മന്ത്രി അജ്ഞത നടിച്ചു, അച്യുത മേനോന്‍ കൈയൊഴിഞ്ഞു. നെഞ്ചിലെവിടെയോ കനത്തുകെട്ടിയ കണ്ണീരുമായി ആ അധ്യാപകന്‍ പിന്നെയും ഓഫീസുകള്‍ കയറിയിറങ്ങി. എന്റെ കുഞ്ഞെവിടെ എന്നന്വേഷിച്ചു. പോലീസുകാര്‍ ഉരുട്ടിക്കൊന്ന്, തെളിവ് നശിപ്പിക്കാന്‍ കത്തിച്ചുകളഞ്ഞതാണെന്ന് പിന്നീട് പലരും പറഞ്ഞ് പുറംലോകമറിഞ്ഞു. ശേഷക്രിയ ചെയ്യാന്‍ അവന്റെ ചിതാഭസ്മമെങ്കിലും കിട്ടുമെന്ന് ആ വൃദ്ധന്‍ ആശിച്ചു, ആഗ്രഹിച്ചു. അതുണ്ടായില്ല.

മകന്‍ ഇന്ന് വരും, നാളെ വരും എന്ന് പ്രതീക്ഷിച്ച് അവനു വേണ്ടി ചോറ് വിളമ്പി വര്‍ഷങ്ങളോളം കാത്തിരുന്നു ഒരമ്മ. മകനെവിടെ എന്ന് ചോദിക്കുമ്പോഴെല്ലാം പല കള്ളങ്ങള്‍ പറഞ്ഞു വാര്യര്‍. ഒടുവില്‍ നില തെറ്റിയ മനസ്സുമായി ആ അമ്മ പോയി. മകന്‍ മരിച്ചെന്നു പോലുമറിയാതെ മടക്കം. സങ്കടത്തിരയൊഴിയാത്ത കടലായി വാര്യര്‍ പിന്നെയും ജീവിച്ചു. 2006 ഏപ്രില്‍ 13ന് കണ്ണടച്ചു. ആ കഥയില്‍ രണ്ട് പോലീസ് ക്രിമിനലുകളുണ്ട്. ഒരാള്‍ ജയറാം പടിക്കല്‍. മറ്റെയാള്‍ പുലിക്കോടന്‍ നാരായണന്‍. വേലായുധന്‍, ജയരാജന്‍, ലോറന്‍സ്, ബീരാന്‍ എന്നീ പോലീസുകാര്‍ക്കും രാജന്റെ കൊലയില്‍ പങ്കുണ്ടെന്ന് പിന്നീട് വെളിപ്പെടുത്തലുണ്ടായി. പോലീസ് ആളെക്കൊല്ലുമോ എന്ന അതിശയമൊന്നും അക്കാലത്ത് ആര്‍ക്കുമുണ്ടായിട്ടില്ല. ഇക്കാലത്തും ആര്‍ക്കുമുണ്ടാകില്ല. കേരളത്തിലെ മുതിര്‍ന്ന ഐ പി എസ് ഉദ്യോഗസ്ഥനെതിരെ ഇടതുപക്ഷ എം എല്‍ എ ഉന്നയിച്ച ആരോപണങ്ങളിലൊന്ന് ആളെക്കൊല്ലിച്ചിട്ടുണ്ട് എന്നാണ്. പുലിക്കോടന്‍മാര്‍ക്ക് കേരള പോലീസില്‍ വംശനാശം സംഭവിച്ചിട്ടില്ലെന്ന് ഭരണപക്ഷത്തു നിന്ന് തന്നെയുള്ളൊരാള്‍ പത്രസമ്മേളനത്തില്‍ വിളിച്ചുപറഞ്ഞു എന്നതാണ് പി വി അന്‍വറിന്റെ ആരോപണങ്ങളെ പ്രസക്തമാക്കുന്നത്.

പോലീസിലെ ക്രിമിനല്‍വത്കരണം പുതിയ കാര്യമല്ല. 2023 ജനുവരി ആദ്യത്തില്‍ മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞത് 2016 മുതല്‍ 2022 വരെ കാലയളവില്‍ 828 പോലീസുകാര്‍ ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ട് എന്നാണ്. നൂറിലേറെ പേര്‍ ഗാര്‍ഹിക പീഡനം, സ്ത്രീധന പീഡനം തുടങ്ങിയ കേസുകളിലും 200ഓളം പേര്‍ ദേഹോപദ്രവമേല്‍പ്പിക്കല്‍, കൈയേറ്റം, കൈക്കൂലി തുടങ്ങിയ കേസുകളിലും പ്രതികളാണ്. എഴുപത് പേര്‍ക്കെതിരെ ബലാത്സംഗം, പീഡന ശ്രമം തുടങ്ങിയ കേസുകള്‍, ഇരുപതോളം പേര്‍ക്കെതിരെ പോക്സോ കേസുകള്‍. 60ഓളം പേര്‍ക്കെതിരെ ഭീഷണിപ്പെടുത്തല്‍, അസഭ്യം പറയല്‍, അപമാനിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍. വധശ്രമത്തില്‍ കേസുണ്ടായത് 15 പേര്‍ക്കെതിരെ. മദ്യപിച്ച് ബഹളമുണ്ടാക്കല്‍, മോഷണം തുടങ്ങിയ കേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ടവരാണ് ബാക്കിയുള്ളവര്‍. ഇതാണ് മുഖ്യമന്ത്രി അന്ന് സഭയില്‍ പറഞ്ഞത്. ആ പോലീസുകാരില്‍ ചിലര്‍ക്കെതിരെ വകുപ്പുതല നടപടികള്‍ സ്വീകരിച്ചതായും മുഖ്യമന്ത്രി സഭയെ അറിയിച്ചിരുന്നു. അന്നും വമ്പന്‍ സ്രാവുകള്‍ കാണാമറയത്തായിരുന്നു. അവരില്‍ ചിലരെയാണ് നിലമ്പൂര്‍ എം എല്‍ എ ഇപ്പോള്‍ തുറന്നുകാട്ടിയത്.

ഇന്ത്യയിലെവിടെയും പോലീസിലെ ക്രിമിനല്‍വത്കരണം ഒരു യാഥാര്‍ഥ്യമാണ്. സുപ്രീം കോടതിയും ഹൈക്കോടതികളും ഇതേക്കുറിച്ച് പലപ്പോഴായി ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. അനധികൃത സ്വത്ത് സമ്പാദനം മുതല്‍ വ്യാജ ഏറ്റുമുട്ടല്‍ കൊലകള്‍ വരെ നീളുന്ന എത്രയോ കേസുകളില്‍ ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ പ്രതിചേര്‍ക്കപ്പെട്ടിട്ടുണ്ട്. പക്ഷേ മാധ്യമ കോലാഹലങ്ങള്‍ അവസാനിക്കുന്നതോടെ ആ കേസുകള്‍ തന്നെ വിസ്മൃതിയിലാകും. ഇപ്പോള്‍ കേരളത്തില്‍ ഉണ്ടായിരിക്കുന്ന വിവാദം എത്രനാള്‍ ചൂടോടെ നിലനില്‍ക്കും, എന്ത് നടപടിയുണ്ടാകും എന്നത് കാത്തിരുന്നു കാണേണ്ടതാണ്. മുഖ്യമന്ത്രിയുടെ ഓഫീസുമായി ഇപ്പോഴത്തെ ആരോപണങ്ങളെ ബന്ധിപ്പിക്കാനാകുന്നു എന്നതുകൊണ്ട് കുറച്ചധികം ദിവസം ഈ വിവാദത്തിന് ആയുസ്സുണ്ടായേക്കാം. അതിലപ്പുറം കൊടുങ്കാറ്റൊന്നും പ്രതീക്ഷിക്കേണ്ട.

സിറാജ് തിരുവനന്തപുരം യൂനിറ്റ് ചീഫ് കെ എം ബഷീറിനെ മദ്യപിച്ച് ലക്കുകെട്ട് വാഹനമിടിപ്പിച്ചുകൊന്ന കേസിലെ തെളിവുകള്‍ നശിപ്പിക്കപ്പെട്ടത് എങ്ങനെയെന്ന് നമുക്കറിയാം. ഐ എ എസ്, ഐ പി എസ് ലോബി ഒറ്റക്കെട്ടായിറങ്ങിയാണ് ശ്രീറാമിന് സംരക്ഷണമൊരുക്കിയത്. പൊതുസമൂഹത്തില്‍ നിന്നും മാധ്യമങ്ങളില്‍ നിന്നുമുണ്ടായ ശക്തമായ സമ്മര്‍ദത്തെ തുടര്‍ന്ന് സര്‍ക്കാര്‍ നിലപാട് കടുപ്പിച്ചതും കോടതി അതിനെ ശരിവെച്ചതും കൊണ്ടാണ് ശ്രീറാം ഇപ്പോള്‍ വിചാരണ നേരിടുന്നത്. കൂട്ടത്തിലൊരാള്‍ കുറ്റവാളിയായി പിടിക്കപ്പെടുമ്പോള്‍ രക്ഷിച്ചെടുക്കാന്‍ സര്‍വ സന്നാഹങ്ങളുമായി സിവില്‍ സര്‍വീസുകാര്‍ ഇറങ്ങും. സര്‍ക്കാറിന് പോലും ആ സമ്മര്‍ദത്തെ ഒരുപരിധിക്കപ്പുറം അതിജീവിക്കാന്‍ കഴിയില്ല. എ ഡി ജി പി അജിത് കുമാറിനെതിരെ ഉയര്‍ന്നുവന്ന ആരോപണങ്ങളില്‍ അന്വേഷണം നടക്കുന്നുണ്ട്. എങ്കിലും ചുമതലയില്‍ നിന്ന് നീക്കില്ലെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. വകുപ്പുതല നടപടി വൈകാതെ ഉണ്ടാകുമെന്നും കേള്‍ക്കുന്നു. പക്ഷേ അദ്ദേഹം ശിക്ഷിക്കപ്പെടുമെന്ന് ചിന്തിക്കാന്‍ മാത്രമുള്ള നിഷ്‌കളങ്കത നമുക്കില്ലാത്തതിനാല്‍ ഞെട്ടാന്‍ വകുപ്പില്ല. അത്രയ്ക്ക് പ്രബലനാണ് അജിത് കുമാര്‍. അദ്ദേഹത്തിന് ഭരണത്തില്‍ ഗോഡ്ഫാദറുണ്ട്. എ ഡി ജി പിക്കെതിരായ ആരോപണങ്ങള്‍ തെളിയിക്കേണ്ട ബാധ്യത പി വി അന്‍വറിന്റേത് മാത്രമായിരിക്കും. പോലീസ് സേനക്കോ അതിന്റെ തലപ്പത്തിരിക്കുന്ന ഐ പി എസ് ഓഫീസര്‍മാര്‍ക്കോ ഇക്കാര്യത്തില്‍ താത്പര്യമുണ്ടാകില്ല. കാരണം, ഇതൊരു കൂട്ടുകച്ചവടമാണ്. പുറത്തുവരാത്ത പേരുകള്‍ എത്രയോ ഉണ്ട്. അവരെ മുഴുവന്‍ പിടിച്ചുകെട്ടാന്‍ ഒരു എം എല്‍ എ വിചാരിച്ചത് കൊണ്ട് മാത്രം നടക്കില്ല.

മുമ്പൊരു കാലത്തും അനുഭവിച്ചിട്ടില്ലാത്ത അളവിലുള്ള സ്വാതന്ത്ര്യമാണ് പിണറായി വിജയന്‍ സര്‍ക്കാര്‍ പോലീസിനു നല്‍കിയത്. പോലീസിനെതിരായ ആക്ഷേപങ്ങളെ മുഖ്യമന്ത്രി തന്നെ പ്രതിരോധിക്കുന്ന സന്ദര്‍ഭങ്ങളുണ്ടായി. ഈയടുത്ത കാലത്ത് ഈരാറ്റുപേട്ടയിലെ ചര്‍ച്ച് കോമ്പൗണ്ടില്‍ വിദ്യാര്‍ഥികള്‍ നടത്തിയ വീഡിയോ ഷൂട്ടിനെ തുടര്‍ന്നുണ്ടായ വര്‍ഗീയ നീക്കങ്ങളില്‍ പോലും പോലീസിനെ സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചത്. പോലീസ് ഭാഷ്യങ്ങളെ ശരിവെക്കുകയും സേനക്കെതിരായ വിമര്‍ശങ്ങള്‍ പോലീസിന്റെ മനോവീര്യം കെടുത്തുമെന്ന് വിശ്വസിക്കുകയും ചെയ്യുന്നതാണ് മുഖ്യമന്ത്രിയുടെ പ്രകൃതം. എന്തുതന്നെ സംഭവിച്ചാലും അദ്ദേഹം കൂടെയുണ്ടാകുമെന്നതാണ് പോലീസ് ഉദ്യോഗസ്ഥരുടെ ‘ധൈര്യം’. ആര്‍ എസ് എസിന്റെ അജന്‍ഡകള്‍ മറയില്ലാതെ നടപ്പാക്കിയാലും ഒന്നും വരാനില്ലെന്ന് ചിന്തിക്കുന്ന മനോനിലയിലേക്ക് ചില പോലീസ് ഉദ്യോഗസ്ഥരെങ്കിലും ഇക്കാലത്ത് എത്തിയിട്ടുണ്ട്. കുറ്റകൃത്യം എത്ര ഗൗരവമുള്ളതാണെങ്കിലും കൂടെ നില്‍ക്കാന്‍ വകുപ്പ് മന്ത്രി ഉണ്ടാകുമെന്ന പോലീസ് ഉദ്യോഗസ്ഥരുടെ ‘ആത്മവിശ്വാസം’ തകര്‍ത്തുകൊണ്ടല്ലാതെ ഈ സേനയെ ശുദ്ധീകരിക്കാനാകില്ല. പോലീസിന്റെ നിഷ്പക്ഷതയും സ്വതന്ത്ര സ്വഭാവവും നിലനിര്‍ത്താനുള്ള സര്‍ക്കാര്‍ നിലപാടിനെ കൊള്ളരുതായ്മകള്‍ക്കുള്ള സുരക്ഷയായി കരുതുന്ന ഉദ്യോഗസ്ഥരെ പുറന്തള്ളുക തന്നെ വേണം. മുഖ്യമന്ത്രി സംരക്ഷിക്കില്ല എന്ന് അവര്‍ക്ക് തോന്നലുണ്ടാകണം.

ക്രിമിനലുകളെ നേരിടാനാണ് പോലീസ് സേന, ആ പോലീസ് സേനയില്‍ ക്രിമിനലുകള്‍ വേണ്ടെന്ന് 2002 ഡിസംബറില്‍ പോലീസ് പെന്‍ഷനേഴ്‌സ് അസ്സോസിയേഷന്‍ സമ്മേളനത്തില്‍ മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കിയിരുന്നു. അതിനു ശേഷവും തെറ്റായ പ്രവണതകള്‍ അവസാനിച്ചില്ല. അതിപ്പോഴും മാറ്റമില്ലാതെ തുടരുകയാണ്. ഇതിന് അറുതിയുണ്ടാകണം. കസ്റ്റഡി കൊല മുതല്‍ കള്ളക്കടത്ത് വരെയുള്ള ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ഉന്നത ഉദ്യോഗസ്ഥര്‍ തന്നെ നേരിട്ടിറങ്ങുന്നു എന്ന ആരോപണം കേരളത്തിന്റെ സമാധാന ജീവിതത്തെ അലോസരപ്പെടുത്തുന്നതാണ്. സിവില്‍ സര്‍വീസ് ലോബിയുടെ ഇടപെടലിലൂടെ മാഞ്ഞുപോകരുത് ഇപ്പോള്‍ ഉയര്‍ന്നുവന്നിരിക്കുന്ന ആരോപണങ്ങള്‍. ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള നടപടികളല്ല, പോലീസിലും ആഭ്യന്തര വകുപ്പിലും ജനങ്ങള്‍ക്ക് വിശ്വാസം വര്‍ധിപ്പിക്കുന്ന ശക്തമായ തീരുമാനമാണ് ഉണ്ടാകേണ്ടത്. ക്ലാസ്സ് റൂമില്‍ കുട്ടികളെ വടി കാണിച്ചു പേടിപ്പിക്കുന്ന അധ്യാപകന്റെ റോളല്ല ഇവിടെ സര്‍ക്കാറിന് നിര്‍വഹിക്കാനുള്ളത്. തൊലിപ്പുറം ചികിത്സ മതിയാകുന്ന ഘട്ടം കടന്നിരിക്കുന്നു. സേനയെ സമ്പൂര്‍ണമായും രോഗമുക്തമാക്കാനുള്ള സര്‍ജറി തന്നെയാണ് ആവശ്യമായിട്ടുള്ളത്.

 

Latest