Editorial
ബശ്ശാറില്ലാത്ത സിറിയ ശിഥിലമാകരുത്
ബശ്ശാര്‍ ഒഴിയുമ്പോള്‍ സംഭവിക്കുന്ന അധികാരശൂന്യതയിലേക്ക് വിദേശത്ത് നിന്ന് നിയന്ത്രിക്കപ്പെടുന്നവരാണ് കയറിയിരിക്കുന്നതെങ്കില്‍ പതിറ്റാണ്ടുകളായി സിറിയന്‍ ജനത അനുഭവിക്കുന്ന വന്‍ ശക്തികളുടെ വടംവലിക്ക് തന്നെയാകും രാജ്യം സാക്ഷ്യം വഹിക്കുക.
സിറിയയില്‍ ഒരു വ്യാഴവട്ടത്തിലേറെ നീണ്ട ബശ്ശാര്‍ അല്‍അസദ് വാഴ്ചക്ക് തിരശ്ശീല വീണിരിക്കുന്നു. അദ്ദേഹത്തിന്റെ കീഴില്‍ പ്രധാനമന്ത്രിയായിരുന്ന മുഹമ്മദ് ഗാസി അൽജലാലി നടത്തിയ പ്രസ്താവനയാണ് ബശ്ശാറിന്റെ പതനം സ്ഥിരീകരിക്കുന്നത്. താന്‍ രാജ്യം വിടാന്‍ ആഗ്രഹിക്കുന്നില്ലെന്നും പരിവര്‍ത്തന സര്‍ക്കാര്‍ നിലവില്‍ വരും വരെ അധികാര തലപ്പത്ത് തുടരാന്‍ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. വടക്കന്‍ നഗരമായ അലപ്പോയില്‍ നിന്ന് തുടങ്ങി ദമസ്‌കസിനോളം ജൈത്രയാത്ര നടത്തിയ വിമത സായുധ സഖ്യമായ ഹയാത്ത് തഹ്്രീര്‍ അശ്ശാമിന്റെ (എച്ച് ടി എസ്) നേതാവ് അബൂ മുഹമ്മദ് അല്‍ജുലാനിയുടെ പ്രഖ്യാപനമിതാണ്: “സിറിയ മോചിതമാക്കപ്പെട്ടിരിക്കുന്നു, ബശ്ശാറിന്റെ സ്വേച്ഛാധിപത്യത്തിന് അന്ത്യം കുറിച്ചിരിക്കുന്നു’. ഈ സംഭവവികാസങ്ങളോട് വിവിധ രാജ്യങ്ങള്‍ നടത്തിയ പ്രതികരണങ്ങള്‍ അങ്ങേയറ്റം കരുതലോടെയുള്ളതും വരാനിരിക്കുന്ന അനിശ്ചിതാവസ്ഥയില്‍ ആശങ്ക പ്രകടിപ്പിക്കുന്ന തരത്തിലുമാണ്.
സിറിയക്കായുള്ള യു എന്‍ പ്രതിനിധി ഗെയിര്‍ പെഡേഴ്‌സണ്‍ നടത്തിയ പ്രതികരണം പ്രധാനമാണ്. ഇപ്പോഴത്തെ സാഹചര്യത്തില്‍ നിന്ന് മുന്നോട്ട് നീങ്ങാനുള്ള രാഷ്ട്രീയ പരിഹാരം എങ്ങനെ കണ്ടെത്തുമെന്നതാണ് സിറിയയുടെ ഭാവി സംബന്ധിച്ച് നിര്‍ണായകമെന്ന് അദ്ദേഹം പറയുന്നു. “ആ രാഷ്ട്രീയ പരിഹാരം മുമ്പത്തേതില്‍ നിന്ന് വളരെ വ്യത്യസ്തമായിരിക്കണം. അത് എല്ലാവരെയും ഉള്‍ക്കൊള്ളുന്ന പ്രക്രിയയായിരിക്കണം. ഒപ്പം സിറിയക്ക് അതിന്റെ പരമാധികാരവും അതിര്‍ത്തിയും പുനഃസ്ഥാപിക്കാന്‍ കഴിയണം. ഐക്യത്തിന്റെയും സ്ഥിരതയുടെയും പുതിയ കാലം വരണം. ഉണങ്ങേണ്ട ഒരുപാട് മുറിവുകളുണ്ട്’ -അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. ബശ്ശാര്‍ അല്‍അസദിന്റെ പതനം സിറിയന്‍ ജനത ആഘോഷിക്കുന്നതിന്റെ ദൃശ്യങ്ങള്‍ വിവിധ ഏജന്‍സികള്‍ പുറത്ത് വിട്ടിട്ടുണ്ട്. ഈ ആഘോഷം അര്‍ഥവത്താകണമെങ്കില്‍ യു എന്‍ പ്രതിനിധി ചൂണ്ടിക്കാട്ടിയ പോലെ സുസ്ഥിരവും ജനാധിപത്യ മൂല്യങ്ങള്‍ ഉള്‍ക്കൊള്ളുന്നതും എണ്ണ വിഭവം അടക്കമുള്ള രാഷ്ട്ര സമ്പത്ത് കാത്തുസൂക്ഷിക്കാന്‍ കെല്‍പ്പുള്ളതുമായ ഭരണസംവിധാനം നിലവില്‍ വരേണ്ടിയിരിക്കുന്നു. ബശ്ശാര്‍ ഒഴിയുമ്പോള്‍ സംഭവിക്കുന്ന അധികാരശൂന്യതയിലേക്ക് വിദേശത്ത് നിന്ന് നിയന്ത്രിക്കപ്പെടുന്നവരാണ് കയറിയിരിക്കുന്നതെങ്കില്‍ പതിറ്റാണ്ടുകളായി സിറിയന്‍ ജനത അനുഭവിക്കുന്ന വന്‍ ശക്തികളുടെ വടംവലിക്ക് തന്നെയാകും രാജ്യം സാക്ഷ്യം വഹിക്കുക. അല്‍ഖാഇദയടക്കമുള്ള തീവ്രവാദി സംഘങ്ങളുടെ ഉയിര്‍പ്പിന് അധികാര മാറ്റം പഴുതൊരുക്കുമെങ്കിലും സിറിയന്‍ ജനത സ്വന്തം മണ്ണില്‍ കാലൂന്നിനില്‍ക്കാനാകാത്ത പുറപ്പാടിലേക്ക് തന്നെ എടുത്തെറിയപ്പെടും. മുമ്പിലേക്കുള്ള പാത പൂവിരിച്ചതല്ലെന്ന് ചുരുക്കം.
സോവിയറ്റ് യൂനിയന്റെ സ്വാധീനത്തില്‍ മേഖലയില്‍ പടര്‍ന്ന സോഷ്യലിസ്റ്റ്, ബഅസ് രാഷ്ട്രീയത്തിന്റെ വേരറുത്താണ് 1970ല്‍ അട്ടിമറിയിലൂടെ ഹാഫിസ് അല്‍അസദ്, ബശ്ശാറിന്റെ പിതാവ് സിറിയയുടെ അധികാരം പിടിച്ചത്. അന്നത്തെ രാഷ്ട്രീയ അസ്ഥിരതയില്‍ ഹാഫിസിന്റെ അധികാരലബ്ധി എളുപ്പമായിരുന്നു. ജനസംഖ്യയുടെ 10-12 ശതമാനം മാത്രം വരുന്ന അലവൈറ്റ് വിഭാഗക്കാരനായ ഹാഫിസ് രാജ്യത്തെ 80 ശതമാനത്തിലധികം വരുന്ന സുന്നി വിഭാഗത്തെ അടക്കിഭരിക്കുകയായിരുന്നുവെന്ന് പറയാം. വളരെ വേഗം സ്വേച്ഛാധിപത്യത്തിലേക്ക് വഴുതി വീണ ഹാഫിസ് ഭരണത്തിനെതിരെ ഏറ്റവും ശക്തമായ പ്രക്ഷോഭം ഉയര്‍ന്നു വന്നത് ഇന്ന് വിമത മുന്നേറ്റത്തിന്റെ കേന്ദ്രമായ ഹമായില്‍ നിന്നായിരുന്നു. ആ പ്രക്ഷോഭത്തെ ചോരയില്‍ മുക്കിക്കൊല്ലുകയായിരുന്നു ഹാഫിസ് അല്‍അസദ്. രാഷ്ട്രീയത്തിലിടപെടാതെ നേത്രരോഗ വിദഗ്ധന്റെ ജോലിനോക്കുകയായിരുന്ന മകന്‍ ബശ്ശാര്‍ അല്‍അസദ് രാഷ്ട്രീയ പിന്‍ഗാമിയായപ്പോള്‍ ക്രൗര്യത്തിന്റെ പാഠമാണ് ഹാഫിസില്‍ നിന്ന് പകര്‍ത്തിയത്. അറബ് വസന്തമെന്ന തലക്കെട്ടിന് താഴെ പലരും എഴുതിച്ചേര്‍ത്ത 2011ലെ ജനകീയ പ്രക്ഷോഭത്തെ ജൂനിയര്‍ അസദ് കര്‍ക്കശമായാണ് നേരിട്ടത്. തീവ്രവാദികളും മിതവാദികളും സോഷ്യലിസ്റ്റുകളും എല്ലാം ചേര്‍ന്ന ജനകീയ പ്രക്ഷോഭം വളരെ വേഗം സായുധ നീക്കത്തിലേക്ക് അട്ടിമറിക്കപ്പെട്ടു. അതോടെ അസദിന്റെ സൈന്യത്തില്‍ നിന്ന് പുറത്ത് കടന്ന ചിലര്‍ ചേര്‍ന്ന് ഫ്രീ സിറിയന്‍ ആര്‍മിയുണ്ടാക്കി. ഇതിനോട് ചേര്‍ന്ന് ഏതാനും സലഫി ഗ്രൂപ്പുകളും രംഗത്ത് വന്നു. സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്സസ് (എസ് ഡി എഫ്) എന്ന കുര്‍ദ് ഗ്രൂപ്പ് വേറെ. അന്നുസ്‌റ ഫ്രണ്ട് എന്ന പേരില്‍ അല്‍ഖാഇദ ബന്ധമുള്ള അംബ്രല്ലാ ഗ്രൂപ്പായി വിമത ഗ്രൂപ്പുകള്‍ ഐക്യപ്പെടുന്നതും കണ്ടു. ഒടുവില്‍ അല്‍ഖാഇദ ബന്ധം ഉപേക്ഷിച്ചുവെന്ന് പ്രഖ്യാപിച്ച് രംഗത്തുവന്ന എച്ച് ടി എസാണ് ബശ്ശാര്‍ അസദിന്റെ പതനത്തിലേക്ക് നയിച്ച സായുധ മുന്നേറ്റം നടത്തിയത്.
ഈ നാള്‍വഴി പരിശോധിക്കുന്ന ആര്‍ക്കും മനസ്സിലാകുന്ന ചില യാഥാര്‍ഥ്യങ്ങളുണ്ട്. ഐ എസ് അധിനിവേശത്തിന്റെ പേര് പറഞ്ഞ് സിറിയയില്‍ പ്രവേശിച്ച യു എസും ബശ്ശാറിനെ സംരക്ഷിക്കാന്‍ കച്ചകെട്ടിയിറങ്ങിയ റഷ്യയും തമ്മിലുള്ള നിഴല്‍ യുദ്ധമാണ് സിറിയയില്‍ നടന്നത്. ഇറാനും ഹിസ്ബുല്ലയും ബശ്ശാറിന് സംരക്ഷണമൊരുക്കാന്‍ സൈന്യത്തെ ഇറക്കി. ജൂലാന്‍ കുന്നുകളുടെ അവകാശത്തര്‍ക്കത്തില്‍ മേല്‍ക്കൈ നേടാന്‍ ഇസ്‌റാഈലുമിറങ്ങി. സിറിയന്‍ കുര്‍ദുകള്‍ക്കെതിരെ തുര്‍ക്കിയും. വിമത സായുധ ഗ്രൂപ്പുകള്‍ ഇപ്പോള്‍ നേടിയ വിജയത്തില്‍ അമേരിക്കയുടെ സൈനിക സഹായം നിഷേധിക്കാനാകാത്ത വസ്തുതയാണ്. യുക്രൈന്‍ യുദ്ധത്തില്‍ കുടുങ്ങിയ റഷ്യയും ലബനാനിലും ഇറാഖിലും കുടുങ്ങിയ ഇറാനും സിറിയയില്‍ നിന്ന് ശ്രദ്ധ തിരിച്ചപ്പോഴാണ് ബശ്ശാര്‍ വീഴുന്നത്.
എങ്കിലും, അധികാരത്തില്‍ അള്ളിപ്പിടിച്ചിരിക്കാന്‍ ശ്രമിക്കുന്ന ആരോടും കാലം കണക്കു ചോദിക്കുമെന്ന സത്യം ഒരിക്കല്‍ കൂടി ഉദ്‌ഘോഷിക്കുന്നുണ്ട് ബശ്ശാറിന്റെ പതനം. അധികാരഹുങ്കില്‍ അഭിരമിക്കുന്ന എല്ലാ ഭരണാധികാരികളും ഓര്‍ക്കണം, ഒരു നാള്‍ ജനം തിരിഞ്ഞു നില്‍ക്കുമെന്ന്. പാശ്ചാത്യ രാജ്യങ്ങളുടെ അതിര്‍ത്തികളില്‍ മാനം കെട്ട് കാത്തുനില്‍ക്കേണ്ട തിരസ്‌കൃത അഭയാര്‍ഥിത്വത്തില്‍ നിന്ന് സിറിയന്‍ ജനത രക്ഷപ്പെടുമോ? അതോ കൂടുതല്‍ സങ്കീര്‍ണമായ ശിഥിലീകരണത്തിലേക്കാണോ ആ രാജ്യം എടുത്തെറിയപ്പെടുക? ഗദ്ദാഫിയൊഴിഞ്ഞ ലിബിയയുടെ ഗതി സിറിയക്ക് സംഭവിക്കാതിരിക്കട്ടെ.