Connect with us

aryadan muhammed

മലബാറിലെ കറകളഞ്ഞ മതേതരവാദി

ഇപ്പോള്‍ ആര്യാടന്‍ ഇല്ലാത്ത കേരള രാഷ്ട്രീയത്തെയും മലബാര്‍ രാഷ്ട്രീയത്തെയും ഞങ്ങള്‍ക്ക് അഭിമുഖീകരിക്കേണ്ടി വരുന്നു.

Published

|

Last Updated

കോണ്‍ഗ്രസ്സെന്ന ആശയത്തെ ഒരു വികാരമായി ജീവിതാവസാനം വരെ കൊണ്ടുനടന്ന നേതാവാണ് ആര്യാടന്‍ മുഹമ്മദ്. ഏഴ് പതിറ്റാണ്ട് കാലം മലബാറിലെ കോണ്‍ഗ്രസ്സ് പ്രസ്ഥാനത്തിന് ആര്യാടന്‍ നെടുനായകത്വം വഹിച്ചു. മലപ്പുറം ജില്ലാ കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ ആദ്യ പ്രസിഡന്റായിരുന്ന ആര്യാടന്റെ സ്ഥിരോത്സാഹവും കഠിന പ്രയത്നവുമാണ് ജില്ലയില്‍ കോണ്‍ഗ്രസ്സിന് ശക്തമായ വേരോട്ടമുണ്ടാക്കിയത്. കാര്‍ക്കശ്യം നിറഞ്ഞ രാഷ്ട്രീയ നിലപാടുകള്‍ക്കൊപ്പം എന്തിനെയും നേരിടാനുള്ള ചങ്കൂറ്റവുമാണ് ആര്യാടനിലെ രാഷ്ട്രീയക്കാരനെ പരുവപ്പെടുത്തിയതും വളര്‍ത്തിയതും. മലബാറിന്റെ രാഷ്ട്രീയ ഭൂമികയില്‍ മതേതര ജനാധിപത്യത്തിന്റെ അടയാളമായി മാറുകയായിരുന്നു ആര്യാടന്‍. ഇന്ത്യയെന്ന മഹത്തായ ആശയത്തിന് വേണ്ടി എക്കാലവും നിലകൊണ്ട കറകളഞ്ഞ മതേതരവാദി.

സ്വയാര്‍ജിതമായ വായനയും അറിവും കൊണ്ട് കേരള നിയമസഭയിലെ അതിപ്രഗത്ഭരായ അംഗങ്ങളുടെ ഗണത്തില്‍ മുന്‍നിരയിലാണ് ആര്യാടന്റെ സ്ഥാനം. വ്യക്തിപരമായി എനിക്ക് ഗുരുനാഥനെയാണ് നഷ്ടപ്പെട്ടത്. 2001ല്‍ ആദ്യമായി നിയമസഭയില്‍ എത്തുമ്പോള്‍ ഒരു അധ്യാപകനെ പോലെ സഭാ നടപടിക്രമങ്ങളെ കുറിച്ചും ബജറ്റിനെ കുറിച്ചും പഠിപ്പിച്ച് തന്നത് അദ്ദേഹമായിരുന്നു. നിയമനിര്‍മാണ വേളകളില്‍ അദ്ദേഹം ഉയര്‍ത്തുന്ന വാദഗതികള്‍ ഏതൊരു പ്രഗത്ഭനായ അഭിഭാഷകനെയും അസൂയപ്പെടുത്തുന്ന തരത്തിലായിരുന്നു. നിയമത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും ഹൈക്കോടതിയില്‍ പ്രാക്ടീസ് ചെയ്ത അനുഭവ പരിചയവുമുള്ള ഞാന്‍ ഉള്‍പ്പെടെയുള്ള മറ്റ് അംഗങ്ങളേക്കാള്‍ നൂറിരട്ടി ഭരണഘടനാ ബോധ്യം മെട്രിക്കുലേഷന്‍ മാത്രം പാസ്സായ ആര്യാടനുണ്ടായിരുന്നു. ഭരണഘടനയുടെ ചട്ടക്കൂടില്‍ നിന്നുകൊണ്ട് മാത്രമാണ് അദ്ദേഹം നിയമസഭയില്‍ പ്രസംഗിച്ചത്. ഇന്ത്യന്‍ ഭരണഘടനയെ പറ്റി ഇത്രയും ആഴത്തില്‍ അറിവുള്ള മറ്റൊരു രാഷ്ട്രീയ നേതാവിനെ ഞാന്‍ കണ്ടിട്ടില്ല.

രാഷ്ട്രീയ പ്രതിസന്ധികളുണ്ടായ ഘട്ടങ്ങളിലെല്ലാം കൃത്യമായ ഇടപെടലുകളിലൂടെ അവ പരിഹരിച്ച് മുന്നണിയെയും പാര്‍ട്ടിയെയും ഒരുകാലത്ത് ഒറ്റക്കെട്ടായി മുന്നോട്ട് കൊണ്ടുപോകുന്നതില്‍ ആര്യാടന്റെ പങ്ക് വലുതായിരുന്നു. ട്രേഡ് യൂനിയന്‍ രംഗത്ത് പ്രതിസന്ധികളില്‍ ഉലയാതെ പ്രവര്‍ത്തിച്ചുവന്നതിന്റെ തഴക്കവും പഴക്കവും ആര്യാടനിലെ രാഷ്ട്രീയക്കാരന് പ്രായോഗികതയുടെ തലം കൂടി നല്‍കി.

കോണ്‍ഗ്രസ്സിലെ പുതുതലമുറക്ക് എന്നും പിന്തുണയും ആവേശവുമായി അദ്ദേഹം ഒപ്പമുണ്ടായിരുന്നു. ആര്യാടന്റെ അസാന്നിധ്യം നിയമസഭയിലുണ്ടാക്കിയ ശൂന്യത ഞങ്ങള്‍ക്കെല്ലാം അനുഭവപ്പെട്ടിരുന്നു. ഇപ്പോള്‍ ആര്യാടന്‍ ഇല്ലാത്ത കേരള രാഷ്ട്രീയത്തെയും മലബാര്‍ രാഷ്ട്രീയത്തെയും ഞങ്ങള്‍ക്ക് അഭിമുഖീകരിക്കേണ്ടി വരുന്നു.

കോൺഗ്രസ് നേതാവ്, കേരള പ്രതിപക്ഷ നേതാവ്

Latest