Connect with us

Ongoing News

ജനവാസ മേഖലയിലെ തോട്ടില്‍ കക്കൂസ് മാലിന്യം തള്ളിയ ടാങ്കര്‍ പിടിച്ചെടുത്തു

സി സി ടി വി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് വാഹനം കണ്ടെത്തിയത്

Published

|

Last Updated

അടൂര്‍ | ജനവാസ മേഖലയിലെ തോട്ടില്‍ കക്കൂസ് മാലിന്യം തള്ളിയ ടാങ്കര്‍ അടൂര്‍ പോലീസ് പിടിച്ചെടുത്തു. കഴിഞ്ഞ  രാത്രി 12 മണിയോടെ അടൂര്‍- നെല്ലിമൂട്ടില്‍പടി ജംഗ്ഷന് സമീപത്ത് തോട്ടിലാണ്  മാലിന്യം നിക്ഷേപിച്ചത്. ഈ ഭാഗത്തേക്ക് ടാങ്കര്‍  അമിത വേഗതയില്‍ വന്നുപോയത് നാട്ടുകാര്‍ കണ്ടിരുന്നു.

സമീപത്ത്  ദുര്‍ഗന്ധം വമിച്ചതിനെതുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ തോട്ടിലേക്ക്  മാലിന്യം തള്ളിയതായി നാട്ടുകാര്‍ കണ്ടെത്തിയത്. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി  പരിശോധന നടത്തിയ ശേഷം, കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

അടൂര്‍ ടൗണിലെയും പരിസര പ്രദേശങ്ങളിലെയും നിരവധി സി സി ടി വി ക്യാമറകള്‍ നിരീക്ഷിച്ചതിനെ തുടര്‍ന്ന് ടാങ്കര്‍  ആദിക്കാട്ടു കുളങ്ങരയില്‍ നിന്നും കസ്റ്റഡിയിലെടുത്തു. പഴകുളം ചരിവുപറമ്പില്‍ ബദറുദ്ദീന്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് വാഹനം. ടാങ്കറില്‍ മാലിന്യം തള്ളിയത് സംബന്ധിച്ച് മുനിസിപ്പാലിറ്റിക്കും മോട്ടോര്‍ വാഹനവകുപ്പിനും തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിന് കത്ത് നല്‍കാന്‍ അടൂര്‍ പോലീസിന് ജില്ലാ പോലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന്‍ നിര്‍ദേശം നല്‍കി.

അടൂര്‍ പോലീസ് ഇന്‍സ്പെക്ടര്‍ ടി ഡി പ്രജീഷ്,  സബ് ഇന്‍സ്പെക്ടര്‍ മനീഷ് എം, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ സൂരജ് ആര്‍ കുറുപ്പ്, ഡ്രൈവര്‍ സിവില്‍ പോലീസ് ഓഫീസര്‍ രതീഷ് എന്നിവരടങ്ങുന്ന സംഘമാണ് വാഹനം പിടിച്ചെടുത്തത്.

Latest