Kerala
തിരുവനന്തപുരത്ത് പത്തുവയസുകാരന് കോളറ സ്ഥിരീകരിച്ചു
കഴിഞ്ഞ ആറ് മാസത്തിനിടെ സംസ്ഥാനത്ത് ഒന്‍പത് പേര്‍ക്കാണ് കോളറ സ്ഥിരീകരിച്ചത്.
തിരുവനന്തപുരം | തിരുവനന്തപുരത്ത് പത്തുവയസുകാരന് കോളറ സ്ഥിരീകരിച്ചു. നെയ്യാറ്റിന്‍കര തവരവിളയിലെ കാരുണ്യ ഭിന്നശേഷി ഹോസ്റ്റലിലെ അന്തേവാസിക്കാണ് കോളറ സ്ഥിരീകരിച്ചത്. ഓര്‍ഫനേജിലെ 10പേര്‍ രോഗലക്ഷണങ്ങളോടെ ചികിത്സയിലാണ്. ചികിത്സയില്‍ കഴിയുന്നവരുടെ സാംപിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം കോളറ ലക്ഷണങ്ങളോടെ ഹോസ്റ്റലിലെ 26കാരനായ അനു മരിച്ചിരുന്നു. അനുവിന്‍റെ സ്രവ സാമ്പിള്‍ ഉള്‍പ്പെടെ പരിശോധിക്കാന്‍ കഴിയാതിരുന്നതിനാല്‍ അനുവിന് കോളറ സ്ഥിരീകരിക്കാനായിരുന്നില്ല.
രോഗം സ്ഥിരീകരിച്ച പത്തു വയസുകാരന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. പത്തു വയസുകാരന് കോളറ സ്ഥിരീകരിച്ചതിനാല്‍ രോഗത്തിന്റെ ഉറവിടം കണ്ടെത്താനുള്ള പരിശോധന ആരോഗ്യവകുപ്പ് ആരംഭിച്ചു. കഴിഞ്ഞ ആറ് മാസത്തിനിടെ സംസ്ഥാനത്ത് ഒന്‍പത് പേര്‍ക്കാണ് കോളറ സ്ഥിരീകരിച്ചത്.
മലിനജലത്തിലൂടെ പകരുന്ന ജലജന്യ രോഗമാണ് കോളറ.വിബ്രിയോ കോളറെ ബാക്ടീരിയയാണ് രോഗം പരത്തുന്നത്.വൃത്തിഹീനമായ ചുറ്റുപാടില്‍ നിന്നും നമ്മള്‍ ഉപയോഗിക്കുന്ന വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയുമാണ് ഈ രോഗാണുക്കള്‍ ശരീരത്തിലെത്തുന്നത്.