Connect with us

National

മൂന്നാം ക്ലാസ് വിദ്യാര്‍ഥിനിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ ശേഷം കൊലപ്പെടുത്തി മൃതദേഹം കനാലില്‍ തള്ളി; 12ഉം 13ഉം വയസ്സുള്ള മൂന്ന് പേര്‍ പിടിയില്‍

മൂവരും പെണ്‍കുട്ടി പഠിക്കുന്ന അതേ സ്‌കൂളിലെ വിദ്യാര്‍ഥികളാണ്

Published

|

Last Updated

ഹൈദരാബാദ് |  ആന്ധ്രാപ്രദേശിലെ നന്ദ്യാല ജില്ലയില്‍ എട്ടുവയസ്സുകാരിയെ 12ഉം 13ഉം വയസ്സുള്ള മൂന്ന് പേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തി. കൊലപാതക ശേഷം പെണ്‍കുട്ടിയുടെ മൃതദേഹം ജലസേചന കനാലില്‍ ഉപേക്ഷിച്ചതായി പ്രതികള്‍ പോലീസിനോട് പറഞ്ഞു. ആന്ധ്രാ തലസ്ഥാനമായ അമരാവതിയില്‍ നിന്ന് 300 കിലോമീറ്റര്‍ അകലെയുള്ള മുച്ചുമാരിയിലാണ് സംഭവം. അതേ സമയം പെണ്‍കുട്ടിയുടെ മൃതദേഹം ഇതുവരെ കണ്ടെടുത്തിട്ടില്ല.

ഞായറാഴ്ചയാണ് മൂന്നാം ക്ലാസ് വിദ്യാര്‍ഥിനിയായ പെണ്‍കുട്ടിയെ കാണാതാകുന്നത്. തുടര്‍ന്ന് പിതാവ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. പെണ്‍കുട്ടി മുച്ചുമാരി പാര്‍ക്കില്‍ കളിക്കുകയായിരുന്നെന്നും പിന്നീട് വീട്ടിലെത്തിയില്ലെന്നും പിതാവ് പരാതിപ്പെട്ടു. പോലീസ് തിരച്ചില്‍ ആരംഭിച്ച് പ്രദേശവാസികളെ ചോദ്യം ചെയ്‌തെങ്കിലും കണ്ടെത്താനായില്ല.

പോലീസ് നടത്തിയ അന്വേഷണത്തില്‍ ആറാം ക്ലാസില്‍ പഠിക്കുന്ന രണ്ട് വിദ്യാര്‍ഥികളും ഏഴാം ക്ലാസില്‍ പഠിക്കുന്ന മറ്റൊരു വിദ്യാര്‍ഥിയുമായി സംഭവത്തിന് പിന്നിലെന്ന് കണ്ടെത്തി . മൂവരും പെണ്‍കുട്ടി പഠിക്കുന്ന അതേ സ്‌കൂളിലെ വിദ്യാര്‍ഥികളാണ്. ചോദ്യം ചെയ്യലില്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതായി ആണ്‍കുട്ടികള്‍ സമ്മതിച്ചതായി പോലീസ് പറഞ്ഞു.

പാര്‍ക്കില്‍ കളിക്കുകയായിരുന്ന പെണ്‍കുട്ടിയെ അനുനയിപ്പിച്ച് മുച്ചുമാരി അണക്കെട്ടിന് സമീപത്തെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി മാറിമാറി ബലാത്സംഗം ചെയ്യുകയുമായിരുന്നുവെന്ന് പ്രതികള്‍ പോലീസിനോട് പറഞ്ഞു. പീഡനവിവരം പെണ്‍കുട്ടി മാതാപിതാക്കളോട് പറഞ്ഞാല്‍ തങ്ങള്‍ക്കു പ്രശ്നമുണ്ടാകുമോയെന്ന ആശങ്കയില്‍ കുട്ടിയെ കൊലപ്പെടുത്തി മൃതദേഹം സമീപത്തെ കനാലില്‍ തള്ളിയതായി ആണ്‍കുട്ടികള്‍ പോലീസിനോട് പറഞ്ഞു.പെണ്‍കുട്ടിയുടെ മൃതദേഹം ഇതുവരെ കണ്ടെത്താനാകാത്തതിനാല്‍ ഇത് മിസ്സിംഗ് കേസായി തുടരുകയാണെന്ന് മുച്ചുമാരി പോലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടര്‍ ജയശേഖര്‍ പറഞ്ഞു.

 

Latest